നഷ്ടവസന്തം എന്ന് കേട്ടിട്ടുണ്ട്, അതുപോലെ നഷ്ടപ്പെടുത്തിയ അവസരങ്ങൾ നമുക്ക് സുപരിചിതവുമാണ്. ഇത് അതുപോലെ ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുന്നുവെന്നല്ലാതെ, അടിയന് യാതൊരു രാഷ്ട്രീയമീമാംസയുമില്ല.
നമുക്ക് അറിയപ്പെടുന്ന ഒരു വിശ്വപൗരൻ ഉണ്ടല്ലൊ. ഐക്യരാഷ്ട്രസഭയിലെ അണ്ടർ സെക്രട്ടറി ജനറൽ എന്ന നിലയിൽ മികച്ച ജീവിതം, എഴുത്തുകാരൻ, ഫിക്ഷൻ, നോൺഫിക്ഷൻ കൃതികളുടെ രചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു, പാർലമെന്റ് അംഗമെന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള വിജയകരമായ പ്രവേശനം, ഫ്‌ളെച്ചർ സ്‌കൂളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റ് നേടിയ പണ്ഡിത പശ്ചാത്തലം എന്നിവയാണ് ശശി തരൂരിന്റെ സുപ്രധാന പ്രത്യേകതകൾ.
അദ്ദേഹം വിദ്യാഭ്യാസയോഗ്യതയിലും രാഷ്ട്രീയപ്രവർത്തന ശൈലികളിലും പരിചയസമ്പന്നൻ. മറ്റു പല നേതാക്കളെയുംപോലെ അവസരങ്ങൾക്കൊത്തു ലാഭേച്ഛയോടെ മറുകണ്ടം ചാടാൻ മടിച്ച ഒരു കോൺഗ്രസുകാരനായ ഒരു മലയാളി വിശ്വപൗരൻ. പക്ഷേ കോൺഗ്രസ്സ് നേതൃത്വമോ പ്രാദേശിക അണികളോ അദ്ദേഹത്തെ ഒരു കാര്യത്തിനും അടുപ്പിക്കുന്നതായി സാധാരണ കേരളീയനായ എനിക്കും തോന്നിയിട്ടില്ല.
അടുത്ത കാലത്ത് തരൂർ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന രീതിയിൽ പല മാധ്യമങ്ങളും സൂചനകൾ റിപ്പോർട്ട് ചെയ്തിരുന്നു. പല മൂത്ത കോൺഗ്രസ്സുകാർക്കും അതൊരു ആശ്വാസം പോലെ തോന്നിയിരുന്നെങ്കിലും, തരൂർ നിലപാടില്ലാത്ത നേതാവല്ലെന്നു വീണ്ടും തെളിയിച്ചു. കോൺഗ്രസ്സിലെ പടല പിണക്കങ്ങൾ മൂർച്ഛിച്ചു വരുന്നതല്ലാതെ, അവിടെ ഒരു ഐക്യത്തിന്റെ ലക്ഷണവുമില്ല, സമാരാധ്യനായ ഒരു നേതാവുമില്ല.
ചരിത്രം പരിശോധിച്ചാൽ, തിരഞ്ഞെടുപ്പ് ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിൽ, 1989 ലെ തിരഞ്ഞെടുപ്പ് മുതൽ ഐ.എൻ.സി മതേതര തകർച്ചയിലാണ്. അവർക്ക് പെട്ടെന്ന് അധികാരം നഷ്ടപ്പെട്ടില്ല, പക്ഷേ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളിലും അവർ സംസ്ഥാനങ്ങളും സീറ്റുകളും നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. 1989 ൽ അവർക്ക് 197 സീറ്റുകൾ ലഭിച്ചു, പക്ഷേ സർക്കാർ രൂപീകരിച്ചില്ല, 2004 ൽ അവർ 148 സീറ്റുകൾ നേടി സർക്കാർ രൂപീകരിച്ചു, 2009 ൽ അവർ 206 സീറ്റുകൾ നേടി, പക്ഷേ നിങ്ങൾ ശ്രദ്ധിച്ചിരിക്കും, അവർക്ക് വലിയതോതിൽ ജനപ്രീതി നഷ്ടപ്പെട്ടു.
രാജീവ് ഗാന്ധി വധത്തിന് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പ് പോലും അവർക്ക് 244 സീറ്റുകൾ മാത്രമേ നൽകിയുള്ളൂ. സഹതാപ തരംഗത്തിൽ പൂർണ്ണ ഭൂരിപക്ഷം പോലും ലഭിച്ചില്ല. ഒരു ജനപ്രിയ നേതാവിന്റെ മരണം ഒരു സഹതാപ തരംഗം സൃഷ്ടിക്കുന്നു എന്ന ജനവികാരം ഉണ്ടെങ്കിലും, കാലാവധി അവസാനിക്കുമ്പോഴേക്കും രാജീവ് ജനപ്രിയനായിരുന്നില്ല.
കോൺഗ്രസ് വളരെക്കാലം ഇന്ത്യ ഭരിച്ചു, പക്ഷേ 2014 ൽ അവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, ബി.ജെ.പി വിജയിച്ചു. ബി.ജെ.പി ഹിന്ദുക്കൾക്ക് സംരക്ഷണബോധം നൽകിയതുകൊണ്ടാണ് ഇതെന്ന് പലരും വിശ്വസിക്കുന്നു, മറ്റുള്ളവർ പറയുന്നത് കോൺഗ്രസ് അമിതമായി അഴിമതി നടത്തിയതും മറ്റ് മോശം നയങ്ങൾ സ്വീകരിച്ചതുമാണ് ഇതിന് കാരണമെന്ന്. അതിനാൽ തകർച്ചയ്ക്കുള്ള കാരണങ്ങൾ കഴിഞ്ഞ ഒരു ദശകത്തിൽ മാത്രം ഒതുങ്ങുന്നില്ല, കുറഞ്ഞത് 3 പതിറ്റാണ്ടുകളെങ്കിലും നീണ്ടുനിൽക്കുന്നു.
കേരളത്തിലെ കോൺഗ്രസുകാർ, കമ്മ്യൂണിസ്റ്റുകാരെപ്പോലെയല്ലെങ്കിലും, കുറെയൊക്കെ സ്‌ട്രോങ്ങ് ആയി നിൽക്കും. കേന്ദ്രത്തിൽ വരുന്ന മാറ്റങ്ങളൊന്നും അവർക്കു പ്രശ്‌നമേയല്ല. അതുകൊണ്ട് മൂത്ത് നരച്ചു സീറ്റു പോകാതെ നിലനിർത്താൻ പാട് പെടുന്ന 'പൊളിറ്റിക്കൽ ഡൈനാമിക്‌സ്' അല്ലാതെ, നല്ല നേതൃത്വത്തെ തിരിച്ചറിയാനോ, അവസരങ്ങൾ കണ്ടെത്തി കൊച്ചു കേരളത്തെയെങ്കിലും രക്ഷപെടുത്തണമെന്നുള്ള യാതൊരു അജൻഡയും അവരുടെ ആവനാഴിയിൽ തുരുമ്പ് പിടിച്ചുപോലും കിടപ്പില്ലെന്നു തോന്നുന്നു.
മറിച്ചു സ്വന്തം കാര്യം നോക്കുന്ന നേതാവായിരുന്നെങ്കിൽ, സ്വല്പം നേരത്തേ കേരളത്തിലെ തൊഴുത്തിൽ കുത്തിൽ താൻ രക്ഷപെടില്ലെന്നു മനസ്സിലാക്കി ബി.ജെ.പിയിൽ പടി കയറി ചെന്നിരുന്നെങ്കിൽ, ഒരു പക്ഷേ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ സാറിന് പകരം, മിസ്റ്റർ തരുർ എന്ന നാമനിർദേശം പോലും നടക്കാൻ സാധ്യത ഉണ്ടായിരുന്നു എന്നൊരു നേരിയ ചിന്ത മാത്രം.
അപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെ, ഇന്ന് ഉപരാഷ്ട്രപതി. പിന്നെ ആ പദവിയിലും നല്ലപോലെ ഷൈൻ ചെയ്തു രണ്ടു കൊല്ലം പിടിച്ചുനിന്നാൽ, അയ്യയ്യോ ഓർക്കുമ്പോഴേ കോൾമയിർ കൊള്ളുന്നു, പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല, ഭാവിയിലെ ഇന്ത്യൻ പ്രസിഡന്റ് മലയാളിയായ തരൂർ സർ തന്നെ!
കോൺഗ്രസ് നയിക്കുന്ന സഖ്യത്തിനും നേടാനായില്ല ഉപരാഷ്ട്രപതി പദവി ഇപ്രാവശ്യവും.
ഇങ്ങനെ സംഭവിച്ചേക്കാമായിരുന്ന ഒരു ചരിത്രനേട്ടം നഷ്ടപ്പെടുത്തിയ എല്ലാവരോടും കാലം ക്ഷമിക്കട്ടെ!
ഒരു അനുബന്ധം : അമേരിക്കയിലെപ്പോലെ അമ്പത് സ്റ്റേറ്റുകളിൽനിന്നും മില്യൺ കണക്കിന് വോട്ട് നേടേണ്ട ആവശ്യം ഒന്നുമില്ലായിരുന്നു. ഡൽഹിയിലിരിക്കുന്ന എംപി സുഹൃത്തുക്കൾ 400 വോട്ട് കൊടുത്താൽ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം, പോനാൽ പോകട്ടും പോടാ!
ഡോ. മാത്യു ജോയിസ്, ലാസ്‌വേഗാസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്