ശിവമോഗ: കർണാടക ബിജെപിക്ക് തലവേദനയായി മുൻ ഉപമുഖ്യമന്ത്രി കെ. ഈശ്വരപ്പയുടെ വിമത നീക്കം. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയെ പരസ്യമായി വെല്ലുവിളിക്കുകയും ശിവമോഗയിൽ വിമതനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിക്കുകയും ചെയ്തു. മകൻ കെ.ഇ. കാന്തേഷിന് ഹാവേരി സീറ്റ് നൽകാത്തതാണ് ഈശ്വരപ്പയെ ചൊടിപ്പിച്ചത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുമുള്ള രാധാമോഹൻ ദാസ് അഗർവാൾ ഇന്നലെ ഈശ്വരപ്പയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും അഗർവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞെങ്കിലും യെദ്യൂരപ്പയ്ക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഈശ്വരപ്പയെന്നാണ് സൂചന.
യെദ്യൂരപ്പയുടെ മൂത്തമകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗയിലെ ബിജെപി സ്ഥാനാർത്ഥി. രാഘവേന്ദ്രയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിവമോഗയിൽ വോട്ട് അഭ്യർത്ഥിക്കും. ഇതിന് മുന്നോടിയായിരുന്നു ഇന്നലത്തെ ചർച്ചകൾ. പിന്മാറില്ലെന്ന് ആവർത്തിച്ച ഈശ്വരപ്പ നിലപാട് മാറ്റാനാകില്ലെന്ന് പറഞ്ഞതോടെ കേന്ദ്ര ഇടപെടലും പരാജയപ്പെട്ടു.
നടൻ ശിവരാജ് കുമാറിൻ്റെ ഭാര്യ ഗീത ശിവരാജ് കുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഇതോടെ മണ്ഡലത്തിൽ ത്രികോണ പോരാട്ടം ഉറപ്പായിരിക്കുകയാണ്. യെദ്യൂരപ്പയുടെ ഇളയമകൻ വിജയേന്ദ്രയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കുകയും രാഘവേന്ദ്രയ്ക്ക് ശിവമോഗയിൽ വീണ്ടും ടിക്കറ്റ് നൽകുകയും ചെയ്തതോടെ സംസ്ഥാന ബിജെപി യെദ്യൂരപ്പയുടെ കുടുംബ സ്വത്തായി മാറിയെന്ന് ഈശ്വരപ്പ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്