പൊലീസ് അതിക്രമത്തിന് പിന്നാലെ ഗര്‍ഭിണി മരിച്ചു; കുഞ്ഞിന്റെ നില ഗുരുതരം; ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

SEPTEMBER 15, 2026, 10:30 PM

ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന്റെ ക്രൂരമായ അതിക്രമത്തിന് ഇരയായി ഗര്‍ഭിണിയായ യുവതി പ്രസവത്തിന് പിന്നാലെ മരിച്ചു. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശിയായ അഞ്ജലി (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഉണ്ടായ വന്‍ ജനരോഷത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

മോഷണക്കേസില്‍ പ്രതിയായ ഭര്‍ത്താവ് ഗൗരവിനെ തിരഞ്ഞ് ഞായറാഴ്ച രാത്രി 11.45-ഓടെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് എത്തിയ അഞ്ജലിയുടെ വയറ്റില്‍ സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മപാല്‍ സിങ് ക്രൂരമായി ചവിട്ടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ചവിട്ടേറ്റ് അഞ്ജലി നിലത്തുവീണതിന് പിന്നാലെ പൊലീസ് ഗൗരവിനെയും കൊണ്ട് സ്ഥലംവിട്ടു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അഞ്ജലിയെ ഉടന്‍ തന്നെ ഷിക്കോഹാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പ്രസവിച്ചുവെങ്കിലും അമിത രക്തസ്രാവവും ആന്തരികക്ഷതവും കാരണം യുവതിയുടെ നില ഗുരുതരമായി. തുടര്‍ന്ന് ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി റാംജിലാല്‍ സുമന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനു മുന്നില്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമായതോടെയാണ് അധികൃതര്‍ നടപടിക്ക് നിര്‍ബന്ധിതരായത്.

എസ്.ഐമാരായ ധര്‍മപാല്‍ സിങ്, സത്യപാല്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ മോഹന്‍ സിങ്, അരവിന്ദ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ഭവ്‌തോഷ് കുമാര്‍, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാനം പാലിക്കേണ്ടവര്‍ തന്നെ ഒരു ഗര്‍ഭിണിയോട് കാട്ടിയ ഈ നിഷ്ഠുരതയ്‌ക്കെതിരെ നിയമനടപടി ഉറപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam