ഫാസ്ടാഗ് ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പുറത്ത്

FEBRUARY 16, 2024, 2:26 PM

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയുടേതാണ് തീരുമാനം.

സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെടുകയായിരുന്നു. പട്ടികയില്‍ പേടിഎം പേയ്മെന്റ് ബാങ്ക് ഇല്ല. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, കോസ്മോസ് ബാങ്ക്, ഇക്വിറ്റിയാസ് സ്‌മോള്‍, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് പട്ടികയില്‍ ഉള്ളത്.

ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി ടോള്‍ കൊടുക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തിരക്ക് ഒഴിവാക്കി ടോളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങളും ഒപ്പം പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും പിന്‍വലിക്കപ്പെടും. വാഹനം ടോള്‍ പ്ലാസ കടന്നു കഴിഞ്ഞാല്‍ ഉടമയ്ക്ക് എസ്എംഎസ് അലേര്‍ട്ടും ലഭിക്കും.

അതേസമയം കഴിഞ്ഞ മാസം 31 നാണ് പേടിഎമ്മിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യുന്നതിനും ഈ മാസം 29നു ശേഷം വിലക്കുണ്ട്. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിര്‍ത്താനാണ് ആര്‍ബിഐയുടെ ഉത്തരവ്. കസ്റ്റമര്‍ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ (എന്‍.സി.എം.സി കാര്‍ഡുകള്‍) മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആര്‍.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്.

ഉപയോക്താവിന്റെ ബാങ്ക് ബാലന്‍സ് തീരുന്നത് വരെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പണം പിന്‍വലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിലുണ്ട്.

ഫെബ്രുവരി 29 ന് ശേഷം ഫണ്ട് കൈമാറ്റം, ബി.ബി.പി.ഒ.യു, യു.പി.ഐ സൗകര്യങ്ങള്‍ പോലുള്ള മറ്റ് ബാങ്കിങ് സേവനങ്ങളും ബാങ്ക് നല്‍കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദേഹം എക്‌സില്‍ കുറിച്ചത്.പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒ.സി.എല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാന്‍ കഴിയില്ലെങ്കിലും നിലവില്‍ വാലറ്റുള്ളവര്‍ക്ക് അതില്‍ ബാലന്‍സ് ടോപ് അപ് ചെയ്യാനും ഇടപാടുകള്‍ നടത്താനും തടസമുണ്ടാകില്ലെന്നും വിജയ് ശേഖര്‍ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam