ദില്ലി: ബാബ രാംദേവിനോടും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണനോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി.
പതഞ്ജലി ആയുർവേദിൻറെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകാനാണ് ബാബാ രാംദേവിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി.
പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.
എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടർന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
നേരത്തെ നിർദ്ദേശങ്ങൾ നൽകിയിട്ടും കേസിൽ മറുപടി ഫയൽ ചെയ്യാത്തതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അമാനുല്ലയുടെയും ബെഞ്ചിന്റെ നടപടി. ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പുറമെ കോടതിയലക്ഷ്യത്തിന് പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്