ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണം ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളിലേക്ക് വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച പാലസ്തീനിലെ ഹമാസിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം പാകിസ്ഥാനിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. അത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഹമാസ് ഏറെക്കുറെ നാശത്തിന്റെ വക്കിലാണ്. എന്നാല്‍ ജെയ്ഷെ ഭീകരരുടെ ഏറ്റവും പുതിയ ആക്രമണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഹമാസിന്റെ ആക്രമണ രീതികളുമായി അവയ്ക്ക് വലിയ സാമ്യമുള്ളതായി മനസിലാക്കാന്‍ സാധിക്കും. ഈ വര്‍ഷം ആദ്യം നടന്ന പഹല്‍ഗാം ആക്രമണത്തിന് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയുമായി സാമ്യമുണ്ടായിരുന്നു. ഇപ്പോള്‍, ഹരിയാനയില്‍ തകര്‍ത്ത 'വൈറ്റ് കോളര്‍' ഭീകരവാദ ഘടകം ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് ശൈലിയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
ഡാനിഷ് എന്ന ജാസിര്‍ ബിലാല്‍ വാനിയുടെ അറസ്റ്റോടെയാണ് ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഈ ഘടകം, ഒന്നിലധികം നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഡ്രോണുകളെ റോക്കറ്റ് മാതൃകയിലുള്ള ബോംബുകളായി ഉപയോഗിക്കുന്നതിനായി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രോണുകളില്‍ ക്യാമറ ഘടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പാക് അധീന കശ്മീരില്‍ നടന്ന 'ഇന്ത്യാ വിരുദ്ധ' സമ്മേളനത്തില്‍ ഹമാസിന്റെ ചില ഉന്നത നേതാക്കള്‍ പങ്കെടുത്തതിന് ശേഷമാണ് ഹമാസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലായത്. പാകിസ്താനില്‍ 'കശ്മീര്‍ ഐക്യദാര്‍ഢ്യ ദിന'മായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങി പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനകള്‍ ഹമാസ് നേതാക്കളെ സ്വീകരിക്കുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
