ന്യൂഡൽഹി : തെരുവ് നായ്ക്കളുടെ വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.സത്യവാങ്മൂലം സമർപ്പിക്കാത്ത, പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ കോടതിയിൽ നവംബർ മൂന്നിന് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
തെരുവ് നായ്ക്കളെ വന്ധ്യംകരണം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയ്ക്ക് ശേഷം അവയെ പിടികൂടിയ സ്ഥലങ്ങളിലേക്ക് വിടണമെന്ന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം പാലിക്കുന്നതിൽ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെട്ടതായും സുപ്രീം കോടതി നിരീക്ഷിച്ചു.
തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട സ്വമേധയാ ഉള്ള കേസ് കേൾക്കുകയായിരുന്ന ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. കോടതിയുടെ ഉത്തരവിന് അനുസൃതമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷനും, പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളും മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
തെരുവുനായ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും കക്ഷി ചേർക്കണമെന്ന് ഓഗസ്റ്റ് 22ലെ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഡൽഹിയിൽ ഷെൽട്ടറുകളിലേക്ക് മാറ്റിയ തെരുവുനായ്ക്കളെ വാക്‌സിനേഷൻ നൽകുകയും വന്ധ്യംകരണം നടത്തുകയും വിരമരുന്ന് നൽകുകയും ചെയ്ത ശേഷം അവിടേക്ക് തന്നെ തിരികെ വിട്ടയയ്ക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ ഉള്ള ഒരു പ്രതിനിധിയും വാദം കേൾക്കുന്ന സമയത്ത് ഹാജരായില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
