ദില്ലി: 1975-77 കാലത്തെ അടിയന്തരാവസ്ഥ ആദ്യമായി എന്‍സിഇആര്‍ടി ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഇതുവരെ പന്ത്രണ്ടാം ക്ലാസില്‍ മാത്രം പഠിപ്പിച്ചിരുന്ന വിഷയം ഇനി ഹൈസ്‌കൂൾ തലത്തിലേക്കും എത്തുകയാണ്.
‘അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് പാര്‍ട്ട് 1’ എന്ന പുതിയ പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ഈ കാലഘട്ടത്തെ പുസ്തകം അവതരിപ്പിക്കുന്നത്.
1970-കളുടെ തുടക്കത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നുവെന്നും അതിനെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നുവെന്നും പുസ്തകം പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ‘ആഭ്യന്തര അസ്വസ്ഥത’ ചൂണ്ടിക്കാട്ടി 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നാണ് പാഠഭാഗത്തില്‍ പറയുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിയന്ത്രിക്കപ്പെട്ടതും, പത്രമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും, രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും തടവിലാക്കിയതും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ജയപ്രകാശ് നാരായണ്‍ നയിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രത്യേകമായി ഇടം നല്‍കിയിട്ടുണ്ട്.
വ്യാജവാര്‍ത്ത, പൊതുമുതല്‍ നശിപ്പിക്കല്‍, ദാരിദ്ര്യം, ലിംഗവിവേചനം തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അധ്യായത്തിനുള്ളിലാണ് അടിയന്തരാവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പാഠപുസ്തകങ്ങള്‍ 2026-27 അധ്യയന വര്‍ഷത്തില്‍ നിന്ന് സ്‌കൂളുകളില്‍ ലഭ്യമാകും.
അതേസമയം, പാഠ്യപദ്ധതി പുനഃക്രമീകരണത്തിന്റെ ഭാഗമായി ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, നാസിസം തുടങ്ങിയ ചില ആഗോള ചരിത്ര വിഷയങ്ങള്‍ ഒന്‍പതാം ക്ലാസില്‍ നിന്ന് പത്താം ക്ലാസിലേക്കു മാറ്റിയതായും എന്‍സിഇആര്‍ടി വൃത്തങ്ങള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
