രാജ്യത്ത് ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിനിരയായത് 30,000 ലധികം പേര്‍;  ഇരയായവരില്‍ കൂടുതലും 30 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ 

OCTOBER 24, 2025, 10:01 PM

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പ്രധാന നഗരങ്ങളിലായി 30,000 ത്തില്‍ അധികം ആളുകള്‍ നിക്ഷേപ തട്ടിപ്പിന് ഇരയായെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത്രയധികം പേര്‍ തട്ടിപ്പിന് ഇരയായത്. 

ഇതിലൂടെ 1500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കേസുകളില്‍ ഏകദേശം 65 ശതമാനം ബംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം സംഭവിച്ച നഗരം ബംഗളൂരുവാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നിലധികം (26.38 ശതമാനം) ഇവിടെയാണ്.  

ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ്. 30 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ തട്ടിപ്പിനിരയായവരില്‍ 76 ശതമാനത്തിലധികമാണ്. മികച്ച വരുമാനം നേടുന്ന പ്രായത്തിലുള്ളവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ തട്ടിപ്പുകാര്‍ മുതലെടുക്കുന്ന പ്രവണതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മുതിര്‍ന്ന പൗരരേയും തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യം വെക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 60 വയസ്സിനു മുകളിലുള്ള 8.62 ശതമാനം പേര്‍, അതായത് ഏകദേശം 2,829 പേര്‍ തട്ടിപ്പിനിരയായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകള്‍ ചെറിയ സംഭവങ്ങളല്ല, മറിച്ച് വലിയ തുകകള്‍ ഉള്‍പ്പെട്ടവയാണ്. തട്ടിപ്പിനിരയായവര്‍ക്ക് ശരാശരി 51.38 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് ഏറ്റവും ഉയര്‍ന്ന ആളോഹരി നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.  അവിടെ തട്ടിപ്പിനിരയായവര്‍ക്ക് ശരാശരി 8 ലക്ഷം രൂപ വീതം നഷ്ടമായി.

സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്താന്‍ വിവിധ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ മെസേജിങ് ആപ്പുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രധാന പങ്ക് വഹിക്കുന്നു. ടെലഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകള്‍ വഴിയാണ് ഏകദേശം 20 ശതമാനം കേസുകളും നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാറ്റ്ഫോമുകളുടെ എന്‍ക്രിപ്റ്റഡ് സ്വഭാവവും എളുപ്പത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള സൗകര്യവും തട്ടിപ്പുകാര്‍ക്ക് സൗകര്യപ്രദമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ പോലുള്ള ഔദ്യോഗിക പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുകള്‍ തട്ടിപ്പിനായി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇവയിലൂടെയുള്ള തട്ടിപ്പുകള്‍ 0.31 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍, തട്ടിപ്പ് പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ വിഭാഗം 'മറ്റുള്ളവ' എന്ന് ലേബല്‍ ചെയ്തിരിക്കുന്നു എന്നതാണ്. ഇത് മൊത്തം കേസുകളുടെ 41.87 ശതമാനം വരും. വ്യക്തമായി തിരിച്ചറിയാത്ത വിവിധതരത്തിലുള്ള പ്ലാറ്റ്ഫോമുകളിളിലൂടെ തട്ടിപ്പുകള്‍ നടക്കുന്നു എന്നാണ് ഇത് വ്യക്തമക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam