ന്യൂഡെല്‍ഹി: 12 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വഖഫ് (ഭേദഗതി) ബില്‍, 2025 ലോക്‌സഭ പാസാക്കി. കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ 1.57 നാണ് ബില്‍ പാസാക്കിയത്. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി 288 വോട്ടുകളും എതിര്‍ത്ത് 232 വോട്ടുകളും വീണു.
പ്രതിപക്ഷം കൊണ്ടുവന്ന ഭേഗദതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. കെസി വേണുഗോപാല്‍, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, കെ രാധാകൃഷ്ണന്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങളാണ് തള്ളിയത്. കെസിബിസിയുടെയും സിബിസിഐയുടെയും ആവശ്യം തള്ളി കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ വഖഫ് ഭേഗദതിയെ എതിര്‍ത്തു. ബില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും.
പ്രതിപക്ഷ ബഹളത്തിനിടെ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 2013 ല്‍ പ്രീണന രാഷ്ട്രീയത്തിനായാണ് വഖഫ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. വഖഫ് ബില്ലിനെക്കുറിച്ച് പ്രതിപക്ഷം 'തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നു' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ ആരോപിച്ചു.
എട്ട് മണിക്കൂര്‍ അനുവദിച്ച വഖഫ് ബില്‍ ചര്‍ച്ച ലോക്സഭയില്‍ 12 മണിക്കൂറിലധികം നീണ്ടു. സര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വഖഫ് ബില്ലിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയെ അട്ടിമറിച്ചതെന്ന് ബിജെപി തിരിച്ചടിച്ചു.
ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും മറ്റും വഖഫ് ഭേഗദതി ബില്ലിനെ ശക്തമായി പിന്തുണച്ചു. ഭരണപക്ഷത്ത് ഈ വിഷയത്തില്‍ ഭിന്നത ഉണ്ടായില്ല. പ്രതിപക്ഷമായ ഇന്ത്യ സഖ്യവും അതിശക്തമായി ബില്ലിനെ എതിര്‍ത്തു. 108 ഭേഗദതി നിര്‍ദേശങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്