ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കർണാടക സർക്കാരിന്റെ പ്രമുഖ പദ്ധതിയായ 'ശക്തി'യിൽ വൻ അഴിച്ചുപണിക്കൊരുങ്ങി സിദ്ധരാമയ്യ സർക്കാർ. പദ്ധതിയിൽ നിന്ന് കന്നഡക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ പൂർണ്ണമായും ഒഴിവാക്കാനാണ് നീക്കം.
നിലവിൽ യാത്രാവേളയിൽ തിരിച്ചറിയൽ രേഖ കാണിക്കുന്ന എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിന് പകരം, ഇനി മുതൽ 'ശക്തി സ്മാർട്ട് കാർഡ്' ഉള്ളവർക്ക് മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ കർശന നടപടി.
അതേസമയം, പദ്ധതി നടപ്പാക്കിയതോടെ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പുരുഷന്മാരുടെ യാത്രാ നിരക്ക് 48 ശതമാനത്തിൽ നിന്ന് 36 ശതമാനമായാണ് കുറഞ്ഞത്. നിലവിൽ സർക്കാർ ബസുകളിൽ സ്കൂൾ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമാണ്. ഏകദേശം 10 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഒരു വർഷം സൗജന്യ യാത്ര നൽകാൻ മാത്രം 1700 കോടി രൂപയാണ് ചെലവ് വരുന്നത്.
മുൻപുള്ള കടബാധ്യതകൾക്ക് പുറമെ ശക്തി പദ്ധതിയുടെ അധിക ഭാരം കൂടിയായതോടെ കർണാടകയിലെ നാല് പൊതുഗതാഗത കോർപ്പറേഷനുകളും കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ കോർപ്പറേഷനുകളുടെ ആകെ നഷ്ടം 6,000 കോടി രൂപ കടന്നു. ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ച ഇനത്തിൽ 873 കോടി രൂപയും, ഡീസൽ വിലവർദ്ധനവ് മൂലം 395 കോടി രൂപയും അധിക ബാധ്യതയായി വന്നിട്ടുണ്ട്. ഇതിനുപുറമെ ജീവനക്കാരുടെ കുടിശ്ശിക തീർക്കാൻ 821 കോടി രൂപയും വേണം.
പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകണമെങ്കിൽ അടിയന്തരമായി 5173 കോടി രൂപ സർക്കാർ അനുവദിക്കണമെന്നും ബസ് ചാർജ് വർദ്ധിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷനുകൾ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തിലാണ് പദ്ധതി കന്നഡക്കാർക്ക് മാത്രമായി ചുരുക്കി ചെലവ് കുറയ്ക്കാൻ സർക്കാർ ധൃതിപിടിച്ച് നീക്കങ്ങൾ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
