ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതല്‍ ഇവിടെ തടവില്‍ കഴിഞ്ഞിരുന്ന ബാബു എന്ന് പേരായ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മരണകാരണം, ഇദ്ദേഹത്തിന്റെ വിലാസം എന്നിവയടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബാബുവിന്റെ സമാനാവസ്ഥയില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാകിസ്ഥാനിലെ ജയിലില്‍ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു. തടവുകാരെ നേരത്തെ വിട്ടയക്കണമെന്ന ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദ ലക്ഷ്മണ്‍ കോള്‍ എന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളി 2024 ഏപ്രില്‍ മാസത്തിലാണ് പാക്കിസ്ഥാനിലെ ജയിലില്‍ മരിച്ചത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണത്താലാണ് ഇദ്ദേഹത്തെ 2022 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തത്. കറാച്ചിയിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം മാര്‍ച്ച് എട്ടു മുതല്‍ തളര്‍ച്ച ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ 2024 മാര്‍ച്ച് 17ന് മരണമടഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ ആയി 209 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തടവിലുണ്ട്. ഇവരില്‍ 51 പേര്‍ 2021 മുതല്‍ തടവില്‍ കഴിയുന്നവരാണ്. 130 പേര്‍ 2022 നു ശേഷം തടവിലാക്കപ്പെട്ടവരാണ്. 2023 മുതല്‍ തടവിലാക്കപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളും 2024ല്‍ തടവിലാക്കപ്പെട്ട 19 പേരും ജയിലില്‍ കഴിയുന്നുണ്ട്. 2014 ന് ശേഷം 2,639 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനിലെ ജയിലുകളില്‍ നിന്ന് വിട്ടയച്ചു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്