വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കാന്‍ കേന്ദ്ര നീക്കം

OCTOBER 22, 2024, 6:52 AM

ന്യൂഡല്‍ഹി: വ്യാജബോംബ് ഭീഷണികള്‍ കൂടുന്ന സാഹചര്യത്തില്‍ ഇത്തരം ഭീഷണികളെ ഗുരുതര കുറ്റകൃത്യമാക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരിക. ബോംബ് ഭീഷണികളെ നേരിടാന്‍ നിയമഭേദഗതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡ് വ്യക്തമാക്കി.

ഇപ്പോഴത്തെ ഭീഷണിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാല്‍ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്ത നിയമങ്ങള്‍ വേണമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.

കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവിയെ കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ ഡയറക്ടര്‍ വിക്രം ദേവ് ദത്തിനെ കല്‍ക്കരി മന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പൊതു സ്ഥലമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാളെ പിടികൂടിയാല്‍ അയാളെ വിമാനയാത്രയില്‍ നിന്ന് ആജീവനാന്തം വിലക്കാനാണ് തീരുമാനം. കൂടാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതി. വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുടെ സഹായം തേടി. വിദേശ രാജ്യങ്ങളില്‍ സമാന ഭീഷണികള്‍ നേരിടാന്‍ സ്വീകരിച്ച മാതൃകകളും പരിശോധിക്കും.

ഭീഷണികളെക്കുറിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.) കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. അതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചുകൂട്ടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam