ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. മരിച്ച ശബരിവർമനെ പൊലീസ് മർദിച്ചതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു.
നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ശബരിവർമനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കുറ്റവുമായി ബന്ധപ്പെട്ട കേസുകൾ നേരത്തെയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജൂലൈ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
തിങ്കളാഴ്ച ജയിലിനുള്ളിൽ ശബരിവർമനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം പുറത്തുവന്നതോടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ജയിൽ ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, യുവാവിന്റെ മരണം അതീവ ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞു. പൊലീസ് മർദനമുണ്ടായതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ യുവാവിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയെന്നുമുള്ള കുടുംബത്തിന്റെ ആരോപണം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് വകുപ്പ് നേരിട്ട് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ളതാണെന്നും അതിനാൽ വിഷയത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. സമാന കേസുകളിൽ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
