ഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആസ്പദമാക്കി കേരളത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയായി വികസിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ രാജ്യസഭയെ അറിയിച്ചു. കോൺഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാപഠന റിപ്പോർട്ടും (Feasibility Report) വിശദമായ പദ്ധതി രേഖയും (DPR) സംസ്ഥാന സർക്കാർ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ സാമ്പത്തിക സഹായം അനുവദിക്കുന്നതിലോ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പ്രഖ്യാപിക്കുന്നതിലോ നിലവിൽ ഉറപ്പ് നൽകാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ അവസാനഘട്ട റെയിൽ കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം, സീഫുഡ് പ്രോസസിംഗ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി പ്രധാനമന്ത്രി ഗതിശക്തി, സാഗർമാല, നാഷണൽ ലോജിസ്റ്റിക്സ് പോളിസി, ബ്ലൂ ഇക്കോണമി, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നീ കേന്ദ്ര പദ്ധതികളുടെ കീഴിൽ പിന്തുണ നൽകണമെന്നാണ് കേരളം സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സഹായത്തിനൊപ്പം ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയും പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലൂടെയുള്ള നിക്ഷേപവും ഉൾപ്പെടെയുള്ള സാമ്പത്തിക, നയപരമായ പിന്തുണയും സംസ്ഥാനം അഭ്യർഥിച്ചിട്ടുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കൊച്ചി തുറമുഖം, ദേശീയ ജലപാത-3, കേരളത്തിലെ മറ്റ് ചെറു തുറമുഖങ്ങൾ, സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ദേശീയ റോഡ്-റെയിൽ ശൃംഖല എന്നിവയുമായി ബന്ധിപ്പിച്ച് സമഗ്ര മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ശൃംഖല രൂപപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഒരു പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പ്രായോഗികത വിലയിരുത്തുന്നതിനും അന്തിമ ഭരണാനുമതി ലഭ്യമാക്കുന്നതിനും വിശദമായ പ്രോജക്ട് റിപ്പോർട്ട് നിർബന്ധമാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ആവശ്യമായ പഠനരേഖകൾ ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിക്ക് നിലവിൽ ഫണ്ട് അനുവദിക്കാനോ നടപ്പാക്കൽ സമയക്രമം പ്രഖ്യാപിക്കാനോ കഴിയില്ലെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
