ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നിലപാട് ഇന്ന് വ്യക്തമാകും. വിഷയത്തില്‍ പ്രക്ഷോഭം നയിക്കുന്ന സിജെപി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. അടിയന്തരമായി രാജി പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് സിജെപി.
ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും ധര്‍മേന്ദ്ര പ്രധാനെ വീണ്ടും സംരക്ഷിക്കുന്ന നിലപാടിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രന്‍ക എന്നിവരുമായി രണ്ട് മണിക്കൂറോളം ദീര്‍ഘിച്ച നിര്‍ണായക ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പ്രക്ഷോഭകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഈ ആവശ്യത്തിന് വഴങ്ങുന്നില്ലെങ്കില്‍ അടുത്ത പ്രക്ഷോഭത്തിന്റെ ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന മുന്നറിയിപ്പും സംഘടന നല്‍കിയിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ നിയമ നിര്‍മ്മാണവും ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപനങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെങ്കിലും യുവാക്കളുടെ ആവേശം തണുപ്പിക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ സമരരംഗത്ത് യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. മുന്‍ നിലപാടുകളില്‍ ചിലത് സോനം വാങ്ചുക് അംഗീകരിച്ചെങ്കിലും മന്ത്രിയുടെ രാജി ആവശ്യത്തില്‍ സിജെപി ഉറച്ചുനില്‍ക്കുകയാണ്.
ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ വീണ്ടും സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
