ന്യൂഡൽഹി: വളരെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോയപ്പോൾ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ കെജ്‌രിവാൾ ജയിലിൽ നിന്ന് ഭരിക്കാനുള്ള സാധ്യത തേടുകയായിരുന്നു.
കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.കെജ്രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്ന് സ്പീക്കർ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.
രണ്ട് ദിവസത്തിനകം കെജ്രിവാള്‍ രാജിവെച്ചാല്‍ നവംബർ വരേയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരേയോ പുതിയ മുഖ്യമന്ത്രിയെ പാർട്ടിക്ക് കണ്ടെത്തേണ്ടി വരും. കെജ്രിവാള്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്? നിലവില്‍ പാർട്ടിയില്‍ രണ്ടാമൻ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് മനീഷ് സോസിദിയയും വ്യക്തമാക്കിയിട്ടുണ്ട്.
സുനിതാ കെജ്രിവാള്‍
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാളിന്റെ ഭാര്യ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലനില്ക്കുന്നുണ്ട്. കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോള്‍ വളരെ നിർണായക നീക്കങ്ങളായിരുന്നു സുനിതയുടെ ഭാഗത്തുനിന്നുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഡല്‍ഹി, ഗുജറാത്ത്, ഹരിയാണ അടക്കമുള്ളിടങ്ങളിലെ പ്രചാരണം സുനിത ഏറ്റെടുത്തിരുന്നു.
മുൻ ഐ.ആർ.എസ്. ഉദ്യോഗസ്ഥ കൂടിയാണ സുനിത. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ പത്രസമ്മേളനങ്ങളിലടക്കം സുനിതയുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ സഖ്യ പരിപാടികളില്‍ സുനിതയുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു.
അതിഷി
മുതിർന്ന എഎപി നേതാവ് അതിഷിയാണ് കെജ്രിവാൾ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി. കൽക്കാജി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷിയാണ് ദേശീയ തലസ്ഥാനത്ത് പാർട്ടിയുടെ വിദ്യാഭ്യാസ നയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ടീമിൻ്റെ തലവൻ.
കെജ്‌രിവാവാളിൻ്റെ വിശ്വസ്തരായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മദ്യനയ അഴിമതിക്കേസിൽ ജയിലിലായതിന് പിന്നാലെയാണ് അതിഷി മന്ത്രിസഭയിലെത്തുന്നത്. പിന്നീട് അതിഷിക്ക് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടിവന്നു. വിദ്യാഭ്യാസം, ടൂറിസം, കല, സംസ്കാരം, ഭാഷ, പൊതുമരാമത്ത്, വൈദ്യുതി എന്നീ വകുപ്പുകളാണ് അതിഷി ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.
കെജ്‌രിവാൾ ജയിലിലായതോടെ സർക്കാരിൻ്റെ പ്രധാന മുഖമായി അതിഷി മാറി. കെജ്രിവാളിൻ്റെ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാനും ഭരണത്തിൻ്റെ മേൽനോട്ടം വഹിക്കാനും അതിഷി മുന്നോട്ടുവന്നു. നിലവിൽ സിസോദിയ കഴിഞ്ഞാൽ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അതിഷി.
സൗരഭ് ഭരദ്വാജ്
നിലവിലെ കെജ്രിവാൾ മന്ത്രിസഭയിൽ അവസാനമായി അംഗമായ വ്യക്തിയാണ് സൗരഭ് ഭരദ്വാജ്. എന്നാൽ പാർട്ടിയിൽ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. പത്രസമ്മേളനങ്ങളിലും പൊതുചർച്ചകളിലും സ്ഥിരം സാന്നിധ്യമായിരുന്നു സൗരഭ് ഭരദ്വാജ്. ഇത് അദ്ദേഹത്തെ ജനങ്ങൾക്ക് പ്രിയങ്കരനാക്കി.
കെജ്‌രിവാളിൻ്റെ വിശ്വസ്തരായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മദ്യ അഴിമതിക്കേസിൽ ജയിലിലായതിന് പിന്നാലെയാണ് സൗരഭ് ഭരദ്വാജ് മന്ത്രിസഭയിലെത്തുന്നത്. അതിഷിക്ക് ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗ്രേറ്റർ കൈലാഷിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. ഡൽഹി ആരോഗ്യവകുപ്പിൻ്റെയും ജലവകുപ്പിൻ്റെയും ചെയർമാനായിരുന്നു. നിലവിൽ അതിഷിയുടെ പേരിനൊപ്പം സൗരഭ് ഭരദ്വാജിൻ്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്.
ഗോപാൽ റായ്
2013ൽ ദേശീയ തലസ്ഥാനത്ത് എഎപി അധികാരത്തിലെത്തിയപ്പോൾ ബാബർപൂരിൽ എഎപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ബിജെപിയുടെ നരേഷ് ഗൗറിനോട് പരാജയപ്പെട്ടു. തുടർന്ന് 2015ൽ വീണ്ടും അതേ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലെത്തി. 2020ൽ ബാബർപൂരിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി.
നിലവിൽ വികസനം, പരിസ്ഥിതി, വനം, പൊതുകാര്യം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവായതിനാൽ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗോപാൽ റായിയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്