പ്രമേഹത്തിനും പൊണ്ണത്തടിക്കും ചികിത്സിക്കുന്നതിനായി അവതരിപ്പിച്ച ഒസെംപിക് എന്ന മരുന്ന് ഉറക്ക പ്രശ്നങ്ങൾ, അൽഷിമേഴ്സ്, വിഷാദം, കരൾ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ മുൻപേ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒസെംപിക് ഉൾപ്പെടെയുള്ള ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഒരു കൂട്ടം കാൻസറിൽ നിന്നും സംരക്ഷിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.
ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വിഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ ഒരുകൂട്ടം മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള കഴിവുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
ഇസ്രായേലിൽ അമിതവണ്ണവും ടൈപ് 2 ഡയബറ്റിസും അനുഭവിക്കുന്ന 6,300 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏകദേശം 7.5 വർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഇത്തരം മരുന്നുകൾ ഉപയോഗിച്ചവരിൽ കാൻസർ സാധ്യതയിൽ നിന്ന് 41 ശതമാനം സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ FDA-യുടെ (Food and Drug Administration) അംഗീകാരവും ഈ മരുന്ന് നേടിക്കഴിഞ്ഞു.
ഈ മരുന്നുകളും കാൻസറും തമ്മിലുള്ള ബന്ധവും ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വീക്കം ആണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ പറയുന്നു. കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ് വീക്കം. മുകളിൽ പറഞ്ഞ മരുന്നുകൾ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ഹോർമോൺ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. ഇവ മൂന്നും കാൻസറിനുള്ള സാധ്യത തടയുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ പറയുന്നു.
വിശപ്പ് കുറയ്ക്കുക എന്നതാണ് ഇത്തരം മരുന്നുകളുടെ അടിസ്ഥാന ധർമം. അമിതവണ്ണത്തിനും പ്രമേഹത്തിനുമല്ലാതെ മറ്റ് അസുഖങ്ങൾക്കും ഈ മരുന്നുകൾ ഫലപ്രദമാണെന്നതിന് തെളിവുകൾ ധാരാളം ലഭിക്കുന്നുണ്ട്. ഹൃദ്രോഗങ്ങൾക്ക് ഉചിത ചികിത്സാവിധിയാണെന്നതിന് തെളിവുകൾ ശക്തമാണ്. മസ്തിഷ്കാഘാതവും ഹൃദയസ്തംഭനവും ഗണ്യമായി കുറയ്ക്കുന്നുണ്ട് ഇവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്