അമിത വണ്ണത്തിന് ഇനി ഇഞ്ചക്ഷനില്ല, ദിവസേന ഒരു ഗുളിക; യു.എ.ഇയില്‍ വെഗോവിക്ക് അനുമതി

JUNE 1, 2026, 7:24 AM

ദുബൈ: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയിലെ വിപ്ലവകരമായ ചികിത്സാ രീതികള്‍ അതിവേഗം സ്വന്തമാക്കുന്നതില്‍ വീണ്ടും മുന്നിലെത്തി യു.എ.ഇ. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രമുഖ മരുന്നായ 'വെഗോവി'യുടെ പുതിയ ഗുളിക രൂപത്തിന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് പ്രവര്‍ത്തനാനുമതി നല്‍കി. മുന്‍പ് ഇഞ്ചക്ഷന്‍ രൂപത്തില്‍ മാത്രം ലഭ്യമായിരുന്ന ഈ മരുന്നിന്റെ പ്രതിദിന ഗുളിക പതിപ്പിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യം കൂടിയാണ് യു.എ.ഇ.

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവോ നോര്‍ഡിസ്‌ക് വികസിപ്പിച്ചെടുത്ത ഈ മരുന്ന് ജിഎല്‍പി-1 റിസപ്റ്റര്‍ അഗോണിസ്റ്റ് വിഭാഗത്തില്‍പ്പെടുന്നതാണ്. അമിതഭാരവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുമുള്ള മുതിര്‍ന്നവര്‍ക്കായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് വിപണിയിലെത്തുന്നത്. കലോറി കുറഞ്ഞ ഭക്ഷണക്രമത്തിനും കൃത്യമായ വ്യായാമത്തിനുമൊപ്പം ദിവസേന ഒരു ഗുളിക എന്ന കണക്കില്‍ ഉപയോഗിക്കുമ്പോള്‍, ശരീരഭാരം ഗണ്യമായി കുറയ്ക്കാനും അത് നിലനിര്‍ത്താനും സഹായിക്കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദയസംബന്ധമായ രോഗ സാധ്യതകള്‍ കുറയ്ക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്ന് ഔദ്യോഗിക പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ഇത്തരം നൂതന ചികിത്സാ രീതികള്‍ക്ക് യു.എ.ഇ അംഗീകാരം നല്‍കുന്നത്. വിട്ടുമാറാത്ത പല രോഗങ്ങള്‍ക്കും കാരണമാകുന്ന അമിത വണ്ണത്തെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ ഈ തീരുമാനം സഹായിക്കും. രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിചരണവും ഏറ്റവും പുതിയ മരുന്നുകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ രാജ്യം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഫാത്തിമ അല്‍ കാബി വ്യക്തമാക്കി.

നേരത്തെ ആഴ്ചയിലൊരിക്കല്‍ എടുക്കേണ്ടിയിരുന്ന വെഗോവി ഇഞ്ചക്ഷനുകളെ അപേക്ഷിച്ച്, ദിവസേന കഴിക്കാവുന്ന ഗുളിക രൂപം രോഗികള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമാണ്. മികച്ച റെഗുലേറ്ററി സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര വിപണിയില്‍ എത്തുന്ന അത്യാധുനിക മരുന്നുകള്‍ സ്വന്തം പൗരന്മാര്‍ക്ക് അതിവേഗം ലഭ്യമാക്കുക എന്ന യു.എ.ഇയുടെ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് അടിയന്തര അനുമതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam