ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്താനിലുണ്ടായ ട്രെയിന്‍ റാഞ്ചലിന് പിന്നാലെ സൈനികത്താവളത്തില്‍ ചാവേര്‍ സ്ഫോടനം നടന്നു. ടാങ്ക് ജില്ലയിലെ ജന്‍ഡോള സൈനികത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഒമ്പതോളം ഭീകരരെ പാക് സൈന്യം വധിച്ചു.
അതേസമയം പാകിസ്ഥാനില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചതായാണ് അടുത്തിടെ പുറത്തുവന്ന ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് (ജിടിഐ) റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളില്‍ പാകിസ്ഥാന്‍ രണ്ടാമതെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) ആണ് ജിടിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പാകിസ്ഥാനില്‍ 2024 ല്‍ ഭീകരാക്രമണങ്ങളില്‍ 45 ശതമാനത്തോളം വര്‍ധനവുണ്ടായതായും ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുന്നതായാണ് ജിടിഐ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതായും അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകള്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തികളില്‍ ആക്രമണങ്ങള്‍ രൂക്ഷമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-ല്‍ 517 ഭീകരാക്രമണങ്ങളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2024 ല്‍ ഇത് 1099 ആയി ഉയര്‍ന്നു. ജിടിഐ ഇന്‍ഡക്സ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ആയിരത്തിലധികം ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന നിരോധിത ഭീകരസംഘടനയാണ് രാജ്യത്തെ ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍. 2024 ല്‍ ടിടിപി 482 ആക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങളില്‍ 585 പേര്‍ കൊല്ലപ്പെട്ടു.
2023 ല്‍ 293 പേരാണ് ടിടിപിയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അതായത് മരണസംഖ്യ 91 ശതമാനം വര്‍ധിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ട്രെയിന്‍ റാഞ്ചിയത്. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്