ഭീകരജീവിയായ നെസിയെ കണ്ടെത്താന്‍ സഹായിക്കാമോ? നാസയോട്  സ്‌കോട്ലന്‍ഡിലെ തിരച്ചിലുകാര്‍

APRIL 27, 2024, 8:24 AM

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയോട് നെസിയെ കണ്ടെത്താന്‍ സഹായിക്കാമോ? എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് സ്‌കോട്ലന്‍ഡിലെ ഒരു തദ്ദേശീയ തിരച്ചില്‍ ഗ്രൂപ്പ്. എന്നാല്‍ ഈ തിരച്ചിലിന്റെ പ്രത്യേകത ഇവര്‍ തിരയുന്നത് ലോകത്ത് ഇതുവരെ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത ഒരു ജീവിയെ തേടി ഉള്ളതാണെന്നതാണ്.  

നെസിക്കായി തിരച്ചില്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായി. ലോകമെങ്ങും പ്രശസ്തമായ സ്‌കോട്ലന്‍ഡിലെ ദുരൂഹജീവിയാണ് ലോക്നെസ് തടാകത്തിലെ ഭീകരന്‍ നെസി. തടാകത്തില്‍ നിന്നു തലനീട്ടുന്ന രീതിയിലുള്ള ഈ ജീവിയുടെ ചിത്രങ്ങള്‍ 1934 ല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും തുടര്‍ന്ന് സംഭവത്തിന് രാജ്യാന്തര പ്രശസ്തി കൈവരുകയും ചെയ്തിരുന്നു. നിരവധി അന്വേഷണങ്ങളും തിരച്ചിലുകളും ഇതെത്തുടര്‍ന്ന് നടന്നിരുന്നെങ്കിലും നെസിയെന്ന ഭീകരജീവിയെ മാത്രം കണ്ടെത്താനായില്ല.

പ്രാചീന കാലം മുതല്‍ ലോക്നെസ് ഭീകരജീവിയെക്കുറിച്ചുള്ള കഥകള്‍ സ്‌കോട്‌ലന്‍ഡില്‍ പ്രചാരത്തിലുണ്ട്. 37 കിലോമീറ്ററോളം ചുറ്റളവുള്ള തടാകമാണ് ലോക് നെസ്. സ്‌കോട്ടിഷ് ഹൈലാന്‍ഡ്സിലെ നദിയായ നെസ്സില്‍ നിന്നുള്ള ജലമാണ് പ്രധാനമായും ഈ തടാകത്തിലേക്ക് എത്തുന്നത്. സ്‌കോട്ടിഷ് നാടോടിക്കഥകളിലൊക്കെ നെസി എന്ന ഈ ഭീകരജീവിയെപ്പറ്റി പരാമര്‍ശമുണ്ട്. ലോക് നെസ് തടാകത്തില്‍ അധിവസിക്കുന്ന ഭീകരജീവിയായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.

എഡി 565 ലാണ് ആദ്യമായി ഇതിനെ തടാകത്തില്‍ കണ്ടെത്തിയെന്ന വാദം ഉയര്‍ന്നത്. പിന്നീട് 1871ല്‍ സ്‌കോട്‌ലന്‍ഡിലെ ബല്‍നെയ്ന്‍ എന്ന ഗ്രാമത്തില്‍ വസിച്ച ഡി. മക്കിന്‍സി എന്നയാള്‍ ഇതിനെ കണ്ടെത്തിയെന്നു പറഞ്ഞ് രംഗത്തെത്തി. 1888ല്‍ അബ്രിയച്ചാന്‍ എന്ന സ്ഥലത്തുനിന്നുള്ള അലക്സാണ്ടര്‍ മക്ഡൊണാള്‍ഡും നെസിയെ കണ്ടെന്ന് അവകാശപ്പെട്ടു. 1933 ല്‍ ഈ ജീവിയെപ്പറ്റി കുറിയര്‍ എന്ന ബ്രിട്ടീഷ് മാധ്യമത്തില്‍ വലിയ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. വലിയ ജനശ്രദ്ധ നെസിക്ക് കൈവരാന്‍ ഈ ലേഖനം ഉപകരിച്ചു.

അതേവര്‍ഷം തന്നെ ജോര്‍ജ് സ്പൈസര്‍ എന്ന ബ്രിട്ടിഷുകാരനും ഭാര്യയും നെസിയെ കണ്ടെന്ന അവകാശവാദവുമായി വന്നു. തങ്ങള്‍ ഓടിച്ചിരുന്ന കാറിനു മുന്നിലൂടെ അസാധാരണ രൂപവും നാലടിയോളം പൊക്കവും 25 അടിയെങ്കിലും നീളവുമുള്ള ഒരു ജീവി ഓടിപ്പോയെന്നായിരുന്നു ഇവരുടെ വാദം. വളരെ നീണ്ട ആനയുടെ തുമ്പിക്കൈയെ അനുസ്മരിപ്പിക്കുന്ന ഒരു കഴുത്ത് ഈ ജീവിക്കുണ്ടായിരുന്നെന്നും സ്പൈസര്‍ അവകാശപ്പെട്ടു.

ഡ്രാഗണുമായും ദിനോസറുമായുമൊക്കെ സാമ്യമുള്ള ഒരു ഭീകരജീവിയെന്നായിരുന്നു സ്പൈസര്‍ നെസിയെ വിശേഷിപ്പിച്ചത്. സ്പൈസര്‍ കണ്ട ഭീകരജീവിയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വാര്‍ത്തകള്‍ പിന്നീട് പ്രചരിക്കുകയും ഒട്ടേറെപ്പേര്‍ നെസിയെ കാണാനായി തടാകത്തിനു സമീപം എത്തുകയും ചെയ്തു. പിന്നീട് പലരും നെസിയെ കണ്ടെന്ന വാദവുമായി എത്തി. ലോക്നെസ് തടാകക്കരയിലേക്ക് നെസിയെ തേടി ജനപ്രവാഹമായി. എന്നാല്‍ 1934ല്‍ റോബര്‍ട് കെന്നത്ത് വില്‍സണ്‍ എന്ന ലണ്ടനില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റ് എടുത്ത ചിത്രമാണ് ലോകമെങ്ങും നെസി എന്ന ഭീകരജീവിയെപ്പറ്റി പ്രശസ്തി സൃഷ്ടിച്ചത്. സര്‍ജന്റെ ഫോട്ടോഗ്രാഫ് എന്നപേരില്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പ്രശസ്തി നേടി.

ബ്രിട്ടിഷ് മാധ്യമമായ ഡെയിലി മെയില്‍ അവരുടെ പത്രത്തില്‍ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോക്നെസ് തടാകത്തിലെ ജലോപരിതലത്തില്‍ നിന്നു തലനീട്ടുന്ന രീതിയിലായിരുന്നു ഈ ചിത്രം. അറുപതു വര്‍ഷത്തോളം ഈ ചിത്രം ഒരു ദുരൂഹതയായി തുടര്‍ന്നു. എന്നാല്‍ 1994ല്‍ ഈ ചിത്രം വ്യാജമാണെന്ന് വിധിയെഴുതപ്പെട്ടു. 2019ല്‍ ലോക്നെസ് തടാകത്തില്‍ ജനിതകഘടന വിലയിരുത്തി ഒരു പരിശോധന ശാസ്ത്രജ്ഞ സംഘം നടത്തിയിരുന്നു. ലോക്നെസ് ഭീകരജീവിയായ നെസിയുടെ എന്തെങ്കിലും ജനിതകപരമായ തെളിവുകള്‍ ഉണ്ടോയെന്ന് നോക്കാനായിരുന്നു ഇത്. എന്നാല്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല. ഇപ്പോഴും നെസി ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam