തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ആയാ ഷേർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായാണ് ആയാ ഷേർ ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക.
ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് നിർമാണം.
ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ പാരഡൈസ്. മാസ്, സ്റ്റൈലിഷ് ലുക്കിലാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ചേരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ഒട്ടേറെ നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന ആയാ ഷേർ എന്ന ഗാനത്തിന്റെ ഹൈലൈറ്റ് അനിരുദ്ധിന്റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ്. ജദാൽ എന്ന് പേരുള്ള മാസ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് ആയാ ഷേർ ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ദ പാരഡൈസ് എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
