മലയാള സിനിമയുടെ അതിരുകള്‍ മാറ്റിമറിച്ച അഭിനയപ്രതിഭ, മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. പ്രായത്തെ വെറും അക്കങ്ങള്‍ മാത്രമാക്കി മാറ്റി നിരന്തരം സ്വയം നവീകരിക്കുന്ന ഈ അഭിനയ പ്രതിഭയുടെ ജന്മദിനം ആഘോഷമാക്കുകയാണ് സഹപ്രവര്‍ത്തകരും ലോകമെമ്പാടുമുള്ള ആരാധകരും. 1951 സെപ്റ്റംബര്‍ 7 ന് കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തില്‍ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച പി.ഐ മുഹമ്മദ് കുട്ടി, ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനസ്തംഭമാണ്.
ചെമ്പ്, ചന്തിരൂര്‍, കുലശേഖരമംഗലം എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തേവര സേക്രട്ട് ഹാര്‍ട്ട്, എറണാകുളം മഹാരാജാസ് കോളജ്, ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് അദ്ദേഹം അഭിനയത്തിന്റെ ലോകത്തേക്ക് എത്തുന്നത്.
1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുഹമ്മദ് കുട്ടി പിന്നീട് മമ്മൂട്ടി എന്ന പേരില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത കലാസപര്യയില്‍ 425 ലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. സമാന്തര സിനിമയിലും കച്ചവട സിനിമയിലും ഒരുപോലെ വെന്നിക്കൊടി നാട്ടിയ അദ്ദേഹം, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയ കാലത്തെയും സിനിമാസ്വാദകരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീയും 75-ാം പിറന്നാള്‍ വര്‍ഷത്തില്‍ പദ്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, വിവിധ സര്‍വകലാശാലകളുടെ ഡി.ലിറ്റ് ബിരുദങ്ങള്‍, കേരള സര്‍ക്കാരിന്റെ കേരള പ്രഭ പുരസ്‌കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 55 വര്‍ഷത്തെ സിനിമാ ജീവിതം പിന്നിടുമ്പോഴും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെ മമ്മൂട്ടി യാത്ര തുടരുകയാണ്.
ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചത്താ പച്ച, പേട്രിയറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്തിന്റെ ലോ ആന്‍ഡ് ഓര്‍ഡര്‍ റിലീസിന് ഒരുങ്ങുന്നു. 2004 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖന്‍ ആയി മമ്മൂട്ടി ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ആരാധകര്‍ക്ക് മിഡ്‌നൈറ്റ് സര്‍പ്രൈസ്!
തന്റെ 75-ാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഒരു പ്രത്യേക സമ്മാനവും മമ്മൂട്ടി പങ്കുവെച്ചു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേള എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടുമണിഞ്ഞ് മാസ് ലുക്കിലെത്തുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
