പ്രശസ്ത ബോളിവുഡ് നടി കീർത്തി കുൽഹാരി തന്റെ പുതിയ വീട്ടുജോലിക്കാരിയുടെ ശമ്പളത്തെക്കുറിച്ച് നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മുംബൈയിലെ യാരി റോഡിലുള്ള പുതിയ വീട്ടിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് നടി കീർത്തി കുൽഹാരി വീട്ടുജോലി നിരക്കുകളെക്കുറിച്ച് സംസാരിച്ചത്. രണ്ട് മണിക്കൂർ വീട്ടുജോലിക്കായി ജോലിക്കാരി 10,000 രൂപ ആവശ്യപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കീർത്തി പറഞ്ഞത്. താൻ ഒരു സിനിമാ നടിയായതുകൊണ്ട് കൂടുതൽ പണം തട്ടാൻ നോക്കിയതാണോ ഇതെന്നും താരം സംശയം പ്രകടിപ്പിച്ചു.
കീർത്തിയുടെ ഈ പരാമർശത്തിന്റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മുംബൈ പോലുള്ള ഒരു വലിയ നഗരത്തിൽ ഇത്രയും കഠിനമായ ശാരീരിക അധ്വാനത്തിന് മാസം 10,000 രൂപ എന്നത് തികച്ചും സാധാരണമായ നിരക്കാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. "നിങ്ങളുടെ രണ്ട് മണിക്കൂർ അഭിനയത്തിന് നിങ്ങൾ എത്രയാണ് വാങ്ങുന്നത്?", "മുംബൈയിലെ ജീവിതച്ചെലവ് വെച്ച് നോക്കുമ്പോൾ ഇത് വളരെ കുറഞ്ഞ തുകയാണ്" എന്നിങ്ങനെയാണ് ആളുകൾ പ്രതികരിക്കുന്നത്.
സാധാരണക്കാർക്ക് പുറമെ പ്രശസ്ത നടിയും ടെലിവിഷൻ അവതാരകയുമായ മിനി മാഥുറും വീട്ടുജോലിക്കാരിയെ പിന്തുണച്ച് രംഗത്തെത്തി. "അവരുടെ ആ രണ്ട് മണിക്കൂർ ജോലി കൊണ്ടാണ് നമുക്ക് നമ്മുടെ രണ്ട് മണിക്കൂർ കൊണ്ട് കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കുന്നത്. ലോകത്തെവിടെയും ഇത്രയും കുറഞ്ഞ വേതനം ഇല്ല," എന്ന് മിനി കുറിച്ചു. മണിക്കൂറിന് വെറും രണ്ട് ഡോളറിൽ താഴെ മാത്രമാണ് ഈ തുകയെന്നും ഇത് കൂടുതലാണെന്ന് പറയുന്നത് കഷ്ടമാണെന്നും കൊമേഡിയൻ വിവേക് സമതാനിയും പ്രതികരിച്ചു.
സിനിമകളിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നവർ സ്വന്തം ജീവിതത്തിൽ അധ്വാനത്തിന്റെ വില മനസ്സിലാക്കണമെന്നും വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾക്ക് അർഹമായ വേതനവും ബഹുമാനവും നൽകാൻ മടിക്കരുതെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
