കൊച്ചി: താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഫ്ളെക്സിബിളായ നടന്‍ മമ്മൂട്ടിയാണെന്നും അത്തരം പ്രതിഭകളാണ് തന്റെ പ്രചോദനമെന്നും നടന്‍ പൃഥ്വിരാജ് സുകുമാരന്‍. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'ഐ, നോബഡി' എന്ന സിനിമയുടെ ഗാന പ്രകാശന ചടങ്ങില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരം ഇപ്പോള്‍ നിലനിര്‍ത്തുന്ന പുതിയ ലുക്കിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് താരം മമ്മൂട്ടിയെക്കുറിച്ചുള്ള മനസ് തുറന്നത്.
'വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഖലീഫയിലെ ആമിര്‍ അലി എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള ലുക്കിലാണ് താന്‍ ഇപ്പോള്‍ ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഒരു സിനിമയോ കഥാപാത്രമോ ആണ് നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുന്നത്. നടനെന്ന നിലയില്‍ സ്വയം എത്രത്തോളം ഫ്ളെക്സിബിള്‍ ആക്കി വെക്കാമോ അത്രയും ചെയ്യുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഫ്ളെക്സിബിളായ ആക്ടര്‍ മമ്മൂക്കയാണ്.'- പൃഥ്വിരാജ് സുകുമാരന്‍
പൃഥ്വിരാജിന്റെ വാക്കുകള്‍ സദസ്സില്‍ വലിയ കയ്യടിയും ആരവവും ഉയര്‍ത്തിയതോടെ, താരം അതിന് മറുപടിയും നല്‍കി. 'മമ്മൂക്കയുടെയോ ലാലേട്ടന്റെയോ പേര് പറഞ്ഞാല്‍ പെട്ടെന്ന് കൈയടി കിട്ടും എന്ന് കരുതി പറയുന്നതല്ല ഇത്,' എന്ന് പറഞ്ഞ താരം മമ്മൂട്ടിയുടെയും കമല്‍ഹാസന്റെയും അഭിനയ മികവിനെ ഉദാഹരണ സഹിതം വിശദീകരിക്കുകയും ചെയ്തു.
'മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും, അദ്ദേഹം ആ വേഷം കെട്ടിയതാണെന്ന് നമുക്ക് തോന്നില്ല. 'അമര'ത്തിലെ അച്ചൂട്ടിയായി കണ്ടാല്‍ തനി മുക്കുവനായി തോന്നും. 'ദി കിങ്' സിനിമയിലെ ജോസഫ് അലക്‌സ് എന്ന കളക്ടറായി കണ്ടാല്‍ അങ്ങനെയും തോന്നും. ശാരീരികമായും മാനസികമായും കഥാപാത്രങ്ങളിലേക്ക് അത്രമാത്രം ഇഴുകിച്ചേരുന്ന ആളാണല്ലോ അദ്ദേഹം. തെന്നിന്ത്യന്‍ ഇതിഹാസം കമല്‍ ഹാസന്‍ സാറും ഇതേ രീതിയില്‍ നമ്മെ വിസ്മയിപ്പിച്ച ആളാണ്,'- പൃഥ്വിരാജ് പറഞ്ഞു.
നാളെ ഒരു സംവിധായകന്‍ വന്ന് തന്റെ കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നത് എന്താണോ, അതിലേക്ക് പരമാവധി എത്തിച്ചേരുക എന്നതാണ് ഒരു നടനെന്ന നിലയില്‍ തന്റെ ലക്ഷ്യമെന്നും, അത്തരം മുതിര്‍ന്ന താരങ്ങളാണ് തനിക്ക് മുന്നോട്ടുള്ള വഴിയില്‍ പ്രചോദനമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
