സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.ജെ വർഗീസ് ഒരുക്കുന്ന 'അടിനാശം വെള്ളപ്പൊക്കം' സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. ലിറിക്കൽ ആയി പുറത്തിറങ്ങിയ ഗാനത്തിന്റെ 'ലക്ക ലക്ക ലക്ക' എന്ന് തുടങ്ങുന്ന റിഥംബേസ്ഡ് വരികൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് പീറ്റേഴ്‌സ് മ്യൂസിക്കൽ ആയി പുറത്തു വന്ന ഗാനം എനെർജിറ്റിക് ബീറ്റ്, ഈസിടുഹം ഫീൽ എന്നിവയാൽ ഉടനടി ട്രെൻഡായി മാറുമെന്ന് കൂടിയുള്ള അഭിപ്രായങ്ങൾ ആസ്വാദകരിൽ നിന്നും വരുന്നുണ്ട്.
തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനും, ഗായകനുമാണ് സുരേഷ് പീറ്റേഴ്‌സ്. 90കളിൽ തമിഴിൽ ചിക് പുക് റെയിലെ,പേട്ട റാപ് തുടങ്ങിയ എ.ആർ റഹ്മാൻ ഗാനങ്ങളിലൂടെയാണ് സുരേഷ് പീറ്റേഴ്‌സ് ശ്രദ്ധേയനായത്. അക്കാലത്തു മലയാളത്തിലും ഒരു പിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആദ്യത്തെ പ്രധാന സംരംഭം മിന്നൽ എന്ന സ്വതന്ത്ര തമിഴ് സംഗീത ആൽബമായിരുന്നു. 'കൂലി' എന്ന തമിഴ് ഫീച്ചർ ചിത്രത്തിലൂടെയാണ് പീറ്റേഴ്‌സിന്റെ സംഗീത സംവിധായകന്റെ അരങ്ങേറ്റം എന്നാൽ മലയാള സിനിമയിൽ സംഗീതസംവിധായകനായതോടെയാണ് കൂടുതൽ ശ്രദ്ധേയനായത്.
പഞ്ചാബി ഹൗസ് എന്ന ചിത്രത്തിനുവേണ്ടിയാണ് സുരേഷ് പീറ്റേഴ്‌സ് ആദ്യമായി മലയാള സംഗീത സംവിധാനത്തിനായി നിർവഹിക്കപ്പെട്ടത്. തെങ്കാശിപ്പട്ടണം, റൺവേ, രാവണപ്രഭു, പാണ്ടിപ്പട, മഴത്തുള്ളിക്കിലുക്കം, ട്വന്റി ട്വന്റി, ഇന്റിപ്പെന്റൻസ്, വൺ മാൻ ഷോ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കി. തുടർന്ന് പീറ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾ അഞ്ച് ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിച്ചു ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ്. മിന്നൽ, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആൽബങ്ങളും സുരേഷിന്റേതായുണ്ട്. തമിഴ് ആൽബങ്ങളിലൂടെ ഒരു സ്വതന്ത്ര സംഗീത കലാകാരനെന്ന നിലയിൽ പീറ്റേഴ്‌സ് തന്റെ വ്യക്തിത്വം ഉറപ്പിച്ചു. അതോടൊപ്പം തത്സമയ പ്രകടനങ്ങളിൽ മികച്ച സംഭാവന നൽകുന്ന ഒരു ഡ്രമ്മറായി പീറ്റേഴ്‌സ് തുടരുന്നു. പീറ്റേഴ്‌സിന്റെതായി ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'.
കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തും. ടിറ്റോ പി തങ്കച്ചൻ, സുരേഷ് പീറ്റേഴ്‌സ് എന്നിവരുടേതാണ് വരികൾ. സുരേഷ് പീറ്റേഴ്‌സ്, തന്യ ശങ്കർ എനിവരാണ് 'ലക്ക ലക്ക ലക്ക' ഗാനം ആലപിച്ചിരിക്കുന്നത്. ജോൺ വിജയ്, സിന്ധുജ എന്നിവർ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നു.
വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ടീസറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2015 ഡിസംബറിലാണ് അടി കപ്യാരേ കൂട്ടമണി റിലീസിനെത്തിയത്. ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. 10 വർഷങ്ങൾക്കിപ്പുറം ഡിസംബർ മാസത്തിൽ മറ്റൊരു ഫൺത്രില്ലർ ജോണർ ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ കൂടുതലാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള, ജോൺ വിജയ്, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരൺ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിൻസ്, ലിസബേത് ടോമി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
പ്രൊജക്ട് ഡിസൈനർ - ആർ. ജയചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - എസ്.ബി. മധു, താര അതിയാടത്ത്, ഛായാഗ്രഹണം -സൂരജ് എസ് ആനന്ദ്, എഡിറ്റർ -കാ.കാ, കലാസംവിധാനം -ശ്യാം, വസ്ത്രാലങ്കാരം -സൂര്യ ശേഖർ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ -സുരേഷ് പീറ്റേഴ്‌സ്, സംഗീത സംവിധാനം - ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ്, സൗണ്ട് മിക്‌സിങ് -ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ് -ലിജു പ്രഭാകർ, ബി.ജി.എം - ശ്രീരാഗ് സുരേഷ്, ഗാനരചന -ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്‌സ്, വിജയാനന്ദ്, ആരോമൽ ആർ.വി, മേക്കപ്പ് -അമൽ കുമാർ കെ.സി, പ്രൊഡക്ഷൻ കൺട്രോളർ -സേതു അടൂർ, ക്രീയേറ്റീവ് പ്രൊഡ്യൂസർ -ജെമിൻ ജോം അയ്യനേത്, ആക്ഷൻ -തവാസി രാജ് മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ഷഹദ് സി, വി.എഫ്.എക്‌സ് -പിക്ടോറിയൽ എഫ് എക്‌സ്, സ്റ്റീൽസ് -റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, പബ്ലിസിറ്റി ഡിസൈൻസ് -യെല്ലോടൂത്ത്‌സ്, വിതരണം -ശ്രീപ്രിയ കോംബിൻസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
