'ഡോണ്‍ 3'യില്‍ നിന്നുള്ള പിന്മാറ്റം; നടന്‍ രണ്‍വീര്‍ സിങ്ങിന് വിലക്ക്; 45 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍

MAY 25, 2026, 12:10 PM

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) വിലക്കേര്‍പ്പെടുത്തി. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'ഡോണ്‍ 3'-ല്‍ നിന്ന് താരം അവസാന നിമിഷം അപ്രതീക്ഷിതമായി പിന്മാറിയതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഘടന താരത്തിനെതിരെയുള്ള 'സഹകരണമില്ലായ്മ' ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്സല്‍ എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ചെലവഴിച്ച 45 കോടി രൂപ രണ്‍വീര്‍ സിങ്ങില്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കണമെന്നും നിര്‍മാതാക്കളായ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അണിയറ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് തിരിക്കാന്‍ വെറും മൂന്ന് ആഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് രണ്‍വീര്‍ സിങ് പ്രൊജക്ടില്‍ നിന്ന് പിന്മാറിയതെന്ന് FWICE ചീഫ് അഡൈ്വസര്‍ അശോക് പണ്ഡിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

'ഒരു സൂപ്പര്‍താരവും നിയമത്തിന് മുകളിലല്ല. ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിങ്, സ്‌ക്രിപ്റ്റ് ചര്‍ച്ചകള്‍, പ്രൊമോ ഷൂട്ട് എന്നിവയെല്ലാം രണ്‍വീറിന്റെ സാന്നിധ്യത്തിലാണ് നടന്നത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരം പിന്മാറിയത് ഇന്‍ഡസ്ട്രിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും താരം നേരിട്ട് ഹാജരാകാന്‍ തയ്യാറായില്ലെന്നും പ്രസിഡന്റ് ബി.എന്‍ തിവാരി വ്യക്തമാക്കി.

FWICEന് കീഴില്‍ സാങ്കേതിക വിദഗ്ധരും തൊഴിലാളികളുമടങ്ങുന്ന 32 ക്രാഫ്റ്റ് അസോസിയേഷനുകളാണുള്ളത്. പുതിയ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലുടനീളമുള്ള ലൈറ്റ് ബോയ്‌സ്, സ്‌പോട്ട് ബോയ്‌സ്, ടെക്‌നീഷ്യന്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു ചലച്ചിത്ര തൊഴിലാളികളും രണ്‍വീര്‍ സിങ്ങുമായി സഹകരിക്കില്ല. സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനെയും ഈ വിലക്ക് ബാധിച്ചേക്കും.

അതേസമയം വിഷയത്തില്‍ പരസ്യമായ ചെളിവാരിയെറിയലുകള്‍ക്ക് താല്പര്യമില്ലെന്ന് രണ്‍വീര്‍ സിങ്ങിന്റെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സിനിമാ സംഘടനകളോടും 'ഡോണ്‍' ഫ്രാഞ്ചൈസിയോടും താരം എന്നും ആദരവ് പുലര്‍ത്തുന്നുണ്ടെന്നും, പ്രൊഫഷണല്‍ ചര്‍ച്ചകളും വ്യക്തിബന്ധങ്ങളും മാന്യതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യാനാണ് താരം ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സ്‌ക്രിപ്റ്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് രണ്‍വീറിനെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സിനിമ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam