ഒട്ടാവ: ഗുരുതരമായ മാനസിക രോഗം മാത്രം അടിസ്ഥാനമാക്കി മെഡിക്കൽ സഹായത്തോടെ ജീവൻ അവസാനിപ്പിക്കൽ (വൈദ്യ സഹായത്തോടെയുള്ള ദയാവധം) അനുവദിക്കരുതെന്ന് കാനഡയിലെ ഒരു പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തു.
ജൂൺ 17ന് പുറത്തുവിട്ട റിപ്പോർട്ടിൽ, മാനസിക രോഗം മാത്രം ഉള്ള വ്യക്തികളെ MAID പദ്ധതിയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഒഴിവാക്കുന്നതിനായി കാനഡയുടെ ക്രിമിനൽ കോഡ് ഭേദഗതി ചെയ്യണമെന്ന് കമ്മിറ്റി സർക്കാറിനോട് നിർദ്ദേശിച്ചു. സുരക്ഷിതവും ന്യായമായതുമായ രീതിയിൽ ഇത്തരം നിയമം നടപ്പാക്കാൻ ഇപ്പോൾ കഴിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് അടുത്ത ആഴ്ചകളിൽ വിശദമായി പരിശോധിച്ച ശേഷം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ തുടർനടപടികൾ തീരുമാനിക്കുമെന്ന് ആണ് കാനഡയുടെ നീതി മന്ത്രി സീൻ ഫ്രേസർ പറഞ്ഞത്.
അതേസമയം നിലവിൽ കാനഡയിൽ യൂതാനേഷ്യ നിയമപരമാണ്. 2016-ൽ ഗുരുതര രോഗികളായ ആളുകൾക്ക് ഡോക്ടർ അല്ലെങ്കിൽ നഴ്‌സിന്റെ സഹായത്തോടെ ജീവൻ അവസാനിപ്പിക്കാൻ അനുമതി നൽകിയിരുന്നു.
2021-ൽ നിയമം വിപുലീകരിച്ച്, മരണാവസ്ഥയിലല്ലാത്തെങ്കിലും സുഖപ്പെടുത്താൻ കഴിയാത്ത രോഗം അല്ലെങ്കിൽ വൈകല്യമുള്ളവർക്കും ഈ സേവനം ലഭ്യമാക്കി.
2027 മാർച്ചിൽ മുതൽ മാനസിക രോഗം മാത്രമുള്ളവർക്കും MAID അനുവദിക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് ഈ നീക്കം കൂടുതൽ വൈകിപ്പിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ബെൽജിയം, നെതർലൻഡ്സ്, സ്പെയിൻ എന്നിവിടങ്ങളിൽ മാനസിക രോഗം ഉൾപ്പെടെ ചില സാഹചര്യങ്ങളിൽ യൂതാനേഷ്യ അനുവദിക്കുന്നുണ്ടെങ്കിലും, കാനഡയിൽ ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ, ദാരിദ്ര്യം, ഭവനരഹിതാവസ്ഥ, അല്ലെങ്കിൽ ആവശ്യമായ സർക്കാർ സഹായം ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ പോലും ചിലർ MAID തിരഞ്ഞെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അംഗസ് റീഡ് (Angus Reid) നടത്തിയ സർവേ പ്രകാരം, ഗുരുതര രോഗികളായവർക്കുള്ള യൂതാനേഷ്യയ്ക്ക് 80% കാനഡക്കാർ പിന്തുണ നൽകുന്നുണ്ടെങ്കിലും, മാനസിക രോഗങ്ങൾക്ക് മാത്രം പിന്തുണ 43% ആയി താഴ്ന്നിട്ടുണ്ട്.
കാനഡ സർക്കാർ നിലവിൽ MAID സംബന്ധിച്ച രണ്ട് പ്രധാന കേസുകൾ നേരിടുകയാണ്. വൈകല്യമുള്ളവർക്കും മരണാവസ്ഥയിലല്ലാത്തവർക്കും ഇത് അനുവദിക്കുന്നത് വിവേചനമാണെന്ന് ചില സംഘടനകൾ ആരോപിക്കുന്നു.
അതേസമയം, “Dying With Dignity” പോലുള്ള സംഘടനകൾ, മാനസിക രോഗമുള്ളവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെടുന്നു.
ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ ട്രൂടോ ലെമ്മൻസ് (Trudo Lemmens) ഈ ശുപാർശയെ “ശാസ്ത്രീയമായി ശരിയായ സമീപനം” എന്ന് വിശേഷിപ്പിച്ചു. മാനസിക രോഗങ്ങളിൽ ആരെ പൂർണ്ണമായി സുഖപ്പെടുത്താനാകുമെന്നത് മുൻകൂട്ടി കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി ഇതുവരെ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർലമെന്ററി റിപ്പോർട്ട് പഠിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
