ആര് വാഴും ആര് വീഴും? എല്ലാ കണ്ണുകളും അമേരിക്കയിലേയ്ക്ക്

OCTOBER 30, 2024, 12:06 PM

ഇന്ത്യയേക്കാള്‍ ഒമ്പത് മണിക്കൂറും 30 മിനിറ്റും പിന്നിലൊടുന്ന അമേരിക്കയുടെ രാഷ്ട്രീയ ഭാവിക്കായി കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യകാര്‍. അതിന് കാരണമുണ്ട്. മാസങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍ക്കും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കും വിരമാമിട്ടുകൊണ്ട് ജനവിധി അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അമേരിക്കന്‍ ഐക്യനാടുകളെ ആര് നയിക്കുമെന്നതിന്റെ വ്യക്തമായ ചിത്രം അറിയാന്‍ ഇനി അധികം കാക്കേണ്ട. ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഒരുപടി മുന്നില്‍ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് ആണെന്നാണ്. എന്നാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടായ ചരിത്രവും ഉണ്ട്.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം അമേരിക്കന്‍ ജനത കണ്ടത്. പുരോഗമന വാദികളാണ് ഡെമോക്രാറ്റുകള്‍. കുടിയേറ്റം, ലൈംഗികന്യൂനപക്ഷങ്ങളോടുള്ള നിലപാടുകള്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ സ്വതവേ ഇടതുപക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് അവര്‍. എന്നാല്‍, മറുവശത്ത് ഇതല്ല സ്ഥിതി. അങ്ങേയറ്റം യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളുള്ള ഒരുകൂട്ടമാണ്.  സ്ത്രീ വോട്ടര്‍മാരെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഗര്‍ഭച്ഛിദ്ര അവകാശത്തില്‍ പോലും പരമ്പരാഗത നിലപാടുകള്‍ക്കൊപ്പമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇന്ന് കുടിയേറ്റക്കാര്‍ പടിക്ക് പുറത്ത് നില്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുന്ന ഈ പാര്‍ട്ടിയുടെ ഒരുകാലത്തെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് അടിമത്തത്തിനെതിരായ പോരാട്ടമായിരുന്നു എന്നതാണ് മറ്റൊര രസം.

അതായത് അടിമത്തത്തിന്റെ പൂര്‍ണമായ ഉന്മൂലനം ലക്ഷ്യമിട്ടുകൊണ്ട് രൂപംകൊണ്ടതാണ് ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. 1854 ല്‍ അടിമത്തം ഇല്ലാതാക്കാനുള്ള ഉദ്ദേശത്തോടെ ആരംഭിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് തങ്ങളുടേത് എന്നാണ് റിപ്പബ്ലിക്കുകളുടെ അവകാശ വാദം. 1792-ല്‍ തോമസ് ജെഫേഴ്‌സന്റെ അനുനായികളാണ് റിപ്പബ്ലിക്കന്‍ എന്ന പദം സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നത് ആയിരുന്നെങ്കിലും കാലക്രമേണ പാര്‍ട്ടിയിലെ ഒരു വിഭാഗം ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായി മാറി. പിന്നീട് ഇതേ പാര്‍ട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളിയായി തന്നെ വളര്‍ന്നു. അടിമത്ത വിരുദ്ധരായ നേതാക്കള്‍ നേതൃനിരയിലേക്കെത്തുന്നതോടെയാണ് പാര്‍ട്ടി ശക്തിപ്പെടുന്നത്.

1856-ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി അവര്‍ക്ക് സ്ഥാനാര്‍ഥിയുണ്ടായി. വിജയംകുറിക്കാന്‍ സാധിക്കാതെ പോയെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോണ്‍ സി. ഫ്രെമോണ്ടിന് അന്ന് 11-ഓളം സ്റ്റേറ്റുകളില്‍ നിര്‍ണായക ശക്തിയാകാന്‍ സാധിച്ചു.

1860-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി രംഗത്തിറിങ്ങിയ സ്ഥാനാര്‍ഥി എബ്രഹാം ലിങ്കണ്‍, വടക്കന്‍സംസ്ഥാനങ്ങളാകെ തൂത്തുവാരി അന്ന് യു.എസ് പ്രസിഡന്റ് പദത്തിലേക്കെത്തി. ലിങ്കണ്‍ അന്നാട്ടിലെ അടിമത്ത സംസ്‌കാരത്തിന് തന്നെ അറുതിവരുത്തി. വെളുത്ത വര്‍ഗക്കാരുടെ ആട്ടും തുപ്പുമേറ്റ് കഴിഞ്ഞിരുന്ന ഒരു ജനതയെ അദ്ദേഹം സ്വതന്ത്രരാക്കി. പില്‍ക്കാലത്ത്, പാര്‍ട്ടി ഓഫ് ലിങ്കണ്‍ എന്ന് അറിയപ്പെടുന്നതിലേക്ക് വരെയെത്തിയിരുന്നു കാര്യങ്ങള്‍. അസമത്വത്തിനെതിരേ പോരാടി ലിങ്കണ്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തെക്കുറിച്ച് മാത്രമാണ് നമ്മളില്‍ പലര്‍ക്കുമറിവുള്ളത്. എന്നാല്‍ അടിമത്തത്തെ അനുകൂലിക്കുന്ന തെക്കന്‍ സ്റ്റേറ്റുകളിലെ ജനങ്ങള്‍ ലിങ്കണെതിരെ നിലകൊണ്ടു. പതുക്കെ അവര്‍ രാഷ്ട്രത്തില്‍ നിന്ന് വേര്‍പെട്ട് കോണ്‍ഫഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക രൂപീകരിച്ചു. അവര്‍ ഫെഡറല്‍ സൈനിക താവളങ്ങള്‍ പിടിച്ചെടുത്തു. ലിങ്കണ്‍ അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ കോണ്‍ഫെഡറേറ്റ് സേന സൗത്ത് കരോലിനയിലെ ഒരു യു.എസ്. കോട്ട ആക്രമിക്കുന്നതിലേക്ക് പോലും വിഷയം ചെന്നെത്തി.

1860-ലെ എബ്രഹാം ലിങ്കന്റെ വിജയത്തിനു ശേഷം 19 റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാര്‍ യു.എസ്സിനെ നയിച്ചു. തിയോഡോര്‍ റൂസ്വെല്‍റ്റ്, ഡൈ്വറ്റ് ഡി. ഐസന്‍ഹോവര്‍, റൊണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് എന്നിവരാണ് ശ്രദ്ധേയരായ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാര്‍. ഏറ്റവും കൂടുതല്‍ തവണ രാജ്യത്തെ നയിച്ചതും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ുമാര്‍ തന്നെ. അതേസമയം, ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായി നിലനിന്നതിന്റെ ഖ്യാതി ഡെമോക്രാറ്റിക് പ്രസിഡന്റായ ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റിനാണ്. 1933 മുതല്‍ 1945 വരെ 12 വര്‍ഷക്കാലം റൂസ്വെല്‍റ്റ് യു.എസ്സിന് നേതൃത്വം നല്‍കി.

അടിമത്തത്തിനെതിരെ നിലകൊണ്ടതിന്റെ പാരമ്പര്യം എന്നും അവകാശപ്പെടുന്നവരാണ് റിപ്പബ്ലിക്കുകള്‍. എന്നാല്‍, പില്‍ക്കാലത്ത് അവരുടെ അടിത്തറയും സ്വീകാര്യതയും അമേരിക്കന്‍ യാഥാസ്ഥികതയുമായി അടുത്ത് നില്‍ക്കുന്നതായി മാറി.  സാമൂഹികമായും സാമ്പത്തികമായും ഈ യാഥാസ്ഥികതയോടൊപ്പമാണ് ഇന്ന് പാര്‍ട്ടി. അടിസ്ഥാനപരമായി വിവേചനത്തെ എതിര്‍ക്കുമ്പോഴും ലൈംഗികന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റിപ്പബ്ലിക്കുകാര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നവരാണ്. ചരിത്രപരമായി തന്നെ സ്വവര്‍ഗ വിവാഹത്തിനെതിരെ രൂക്ഷമായി എതിര്‍ക്കുന്നവരാണ് അവര്‍. കുടിയേറ്റവുമായി ബന്ധപ്പെട്ടും പാര്‍ട്ടിക്ക് സമാനനിലപാടാണ്. യു.എസ് തങ്ങളുടേതാണെന്ന് പുറത്തുനിന്നുള്ളവര്‍ ഇവിടേക്ക് വരേണ്ടതില്ലെന്നതുമാണ് ഇവരുടെ നിലപാട്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നതും ഇതേ വിഷയത്തിലാണ്.

ലേബര്‍ യൂണിയനുകളേയും സംഘടനകളേയും അവര്‍ നഖശിഖാന്തം എതിര്‍ക്കുന്നു. രാഷട്രീയതലത്തിലേക്ക് ഇവര്‍ ഉയര്‍ന്നുവരുന്നതും റിപ്പബ്ലിക്കുകള്‍ക്ക് താത്പര്യമുള്ള കാര്യമല്ല. മിനിമം വേതനം വര്‍ധിപ്പിക്കുന്നതിനോടും ഇവര്‍ക്ക് അനുകൂല നിലപാടില്ല. ആത്യന്തികമായി മുതലാളിയോടൊപ്പം നില്‍ക്കുന്ന സംസ്‌കാരത്തോട് അങ്ങേയറ്റം വിധേയത്വം കാണിച്ച് തൊഴിലാളിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ റിപ്പബ്ലിക്കുകള്‍ കുപ്രസിദ്ധരാണ്.

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ റിപ്പബ്ലിക്കുകളെ ആശങ്കയിലാഴുത്തുന്ന പ്രധാന പ്രശ്‌നമാണ് ഗര്‍ഭച്ഛിദ്ര വിഷയത്തിലെ ജനവികാരം. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളും ഗര്‍ഭച്ഛിദ്രത്തെ അവകാശമായി കാണുമ്പോള്‍ പാര്‍ട്ടി ഈ നയത്തിനെതിരാണ്. സ്ത്രീകളുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. അവരുടെ വോട്ടുകള്‍ ഏത് രീതിയില്‍ മാറുമെന്നത് പ്രവചനാതീതമാണ്. 45 വയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ ഭൂരിഭാഗം പേരെയും സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങളിലൊന്ന് ഗര്‍ഭച്ഛിദ്ര അവകാശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഭരണഘടനാപരമായി അവകാശമുണ്ടായിരുന്നത് 2022-ല്‍ സുപ്രീം കോടതി അസാധുവാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറയുന്നത്. സ്ത്രീകളുടെ മൗലികാവകാശത്തെ ലംഘിക്കുന്ന വിഷയത്തില്‍ രാജ്യത്തെങ്ങും വന്‍ പ്രതിഷേധം അരങ്ങേറി. യു.എസിനെ സംബന്ധിച്ച് മോശം ദിവസങ്ങളില്‍ ഒന്നാണ് ഇത് എന്നായിരുന്നു ബൈഡന്റെ അന്നത്തെ പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തില്‍ റിപ്പബ്ലിക്കുകള്‍ക്ക് അനുകൂല നിലപാടായിരുന്നു എന്നത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാണ് എന്ന പൊതുബോധത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.

അതേസമയം, ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പോരാടുന്ന വ്യക്തിയാണ് കമല ഹാരിസ്. ഈ അവകാശത്തിനായുള്ള സ്വയംസംരക്ഷകരമായി നിലയുറപ്പിക്കുകയാണ് ഡെമോക്രാറ്റുകള്‍. കമല ഹാരിസിന് വേണ്ടി പ്രചാരണത്തിനെത്തിയ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും കഴിഞ്ഞ ദിവസം ഇതേ വിഷയം ഉയര്‍ത്തിക്കാട്ടി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടര്‍മാരോട് മിഷേല്‍ പറഞ്ഞു.

വാഗ്ദാനങ്ങളില്‍ തമ്മില്‍ പോരാടി മുന്നോട്ടുപോകുന്ന ഡൊണള്‍ഡ് ട്രംപിനും കമല ഹാരിസിനും പക്ഷേ ഒരുവിഷയത്തില്‍ ഒരേ നിലപാടാണ്. പശ്ചിമേഷ്യയില്‍ പുകയുന്ന രാഷ്ട്രീയ അസ്ഥിരതയില്‍ ഇരുവരും നിരുപാധികം ഇസ്രയേലിനൊപ്പമാണ്. റിപ്പബ്ലിക്കന്‍ നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ട്രംപിന്റെ നയമെങ്കില്‍ പ്രഖ്യാപിത ഇടതുപക്ഷ മൂല്യങ്ങള്‍ക്കെതിരാണ് കമല ഹാരിസ് സ്വീകരിക്കുന്ന നിലപാട്. കമല പ്രസിഡന്റ് ആയാല്‍ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേല്‍ ഇല്ലാതാകുമെന്ന് അടുത്തിടെ നടന്ന സംവാദത്തിനിടെ ട്രംപ് ആരോപിച്ചിരുന്നു. അവര്‍ ഇസ്രയേലിനെ വെറുക്കുന്നുവെന്നും ട്രംപ് പറഞ്ഞുവെച്ചു. എന്നാല്‍, ഇത് തീര്‍ത്തും തെറ്റാണെന്നും എക്കാലവും താന്‍ ഇസ്രയേലിനൊപ്പം തന്നെയായിരുന്നു എന്നു കമലയും മറുപടി നല്‍കുകയുണ്ടായി.

എബിസി ന്യൂസ്, ഇപ്‌സോസ് എന്നിവയുടെ പുതിയ ദേശീയ സര്‍വേയില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്‍ പ്രസിഡന്റ് ട്രംപിനേക്കാള്‍ 4 പോയിന്റ് ലീഡ് നേടി. ഒക്ടോബര്‍ 18-22 തീയതികളില്‍ നടത്തിയ സര്‍വ്വേയില്‍, ദേശീയ വോട്ടര്‍മാരില്‍ 4 പോയിന്റ് മുന്നില്‍, 51 ശതമാനം മുതല്‍ 47 ശതമാനം വരെ ഹാരിസ് ട്രംപിനെക്കാള്‍ ലീഡ് ചെയ്യുന്നു.4ശതമാനം വരെ ലീഡ് കുറവാണ്. ലോക പൊലിസിനെ നിയന്ത്രിക്കുന്ന അമേരിക്കയെ ആര് നയിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം...

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam