കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്ര അയാളെ വലിയൊരു അപകടത്തിലേക്കെത്തിച്ചു. തുടർന്നു വായിക്കുക.
ആ കപ്പൽ ആകെ ഇളകിമറിയുന്നതുപോലെ ബേസിൽ മാത്യുവിന് തോന്നി. കടൽ ശാന്തമായിരുന്നുവെങ്കിലും, അവന്റെ ഉള്ളിൽ കൊടുങ്കാറ്റ് വീശുകയായിരുന്നു. തലയ്ക്കാകെ ഒരു ഭാരം. കണ്ണ് മങ്ങിയിരിക്കുന്നു. റഡാർ സ്‌ക്രീനിലെ പച്ച വരകൾ പോലും വൃത്തമായി തിരിയുന്നതുപോലെ. അപ്പോഴേക്കും ക്യാപ്ടൻ അപ്രതീക്ഷിതമായി അവന്റെ തോളിൽ കൈവെച്ചു.
'മിസ്റ്റർ ബേസിൽ മാത്യു... കൂൾ ഡൗൺ' ക്യാപ്ടന്റെ ശബ്ദത്തിൽ പതിവ് കാർക്കശ്യമില്ല. അതൊരു വിചിത്രമായ മൃദുത്വം.
ബേസിലിനെ കൈകൊണ്ട് താങ്ങി ക്യാപ്ടൻ കാബിനിലേക്ക് കൂട്ടിക്കൊണ്ടപോയി. അവനെ കസേരയിൽ ഇരുത്തി, ഫ്രിഡ്ജിൽ നിന്ന് ശീതളപാനിയത്തിന്റെ കുപ്പി എടുത്തു. അടപ്പ് നീക്കി അവന്റെ കൈയിൽ നൽകി.
''കുടിക്ക്.'
അയാളുടെ കണ്ണുകൾ ബേസിലിനെ വിടാതെ നോക്കിക്കൊണ്ടിരുന്നു. പിന്നെ സാവകാശം പറഞ്ഞു:
''നിന്റെ മലയാളി സുഹൃത്തിന് ഒരു കുഴപ്പവും വരാതെ ശ്രദ്ധിച്ചുകൊള്ളണം. അയാൾ മിടുക്കനും ധൈര്യശാലിയും കഴിവുള്ളവനുമാണ്.'' ഈ വാക്കുകൾ കേട്ടപ്പോൾ ബേസിലിന്റെ ഹൃദയം ഒരു തവണ തുടിച്ചു.
ഇതെന്താണ്? ഇന്നലെവരെ തോക്ക് ചൂണ്ടിയ മനുഷ്യൻ, ഇന്ന് സംരക്ഷണത്തിന്റെ ഭാഷ സംസാരിക്കുന്നു..? ക്യാപ്ടൻ എഴുന്നേറ്റ് വാതിലിനരികിലേക്ക് നീങ്ങി.
''ഈ കടൽപ്രദേശം അപകടകരമാണ്, ബേസിൽ...' വാതിൽ തുറക്കുന്നതിന് മുമ്പ് അയാൾ ഒരിക്കൽക്കൂടി പിന്നോട്ട് തിരിഞ്ഞു നോക്കി.
ചിലപ്പോൾ അതിജീവനം അവന്റെ കൂടി സഹകരണമാണ് ചോദിക്കുന്നത് എന്നൊരു അർത്ഥസൂചന കണ്ണുകളിൽ മിന്നി. വാതിൽ അടഞ്ഞു. ക്യാബിനിൽ നിശ്ശബ്ദത മാത്രം ശേഷിച്ചു. ബേസിലിന് പെട്ടെന്ന് ഒരു കാര്യം മനസ്സിലായി ഇത് മുന്നറിയിപ്പല്ല. അവൻ ക്യാപ്ടന്റെ ക്യാബിൻ വിട്ടു പുറത്തേക്കിറങ്ങി. അതോടെ ബ്രിഡ്ജിൽ ക്യാപ്ടൻ ഒറ്റയ്ക്കായി. അയാൾ സാറ്റലൈറ്റ് ഫോൺ എടുത്തു. ചെറിയ ഒരു നമ്പർ അമർത്തി.
'ഒന്നാം ഘട്ടം പരാജയപ്പെട്ടു. അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.''
ഫോണിന്റെ അറ്റത്ത് ചില നിമിഷങ്ങൾ, നിശബ്ദത. പിന്നെ അയാൾ പതുക്കെ പറഞ്ഞു:
''തന്ത്രം മാറ്റുകയാണ്. ഇനി... നമ്മൾ അവനെ ഉപയോഗിക്കും.''
ക്യാപ്ടൻ ഫോൺ വിച്ഛേദിച്ചു. റഡാറിൽ ദൂരെയൊരു ബ്ലിപ്പ്.
പിന്നെ വീണ്ടും ശാന്തം. ഓഷ്യൻ മെറിഡിയൻ നീല ജലത്തെ കീറിമുറിച്ച് പതുക്കെ മുന്നേറുന്നു. ഡെക്കിൽ നിന്നു വിദൂരതയിലേക്ക് നോക്കുമ്പോൾ കടൽക്കാറ്റിൽ ഒരു അസ്വസ്ഥത റോബിൻസിന് തോന്നി. ബേസിൽ ഒപ്പമുണ്ടായിരുന്നു.
''നിങ്ങളുടെ കാര്യത്തിൽ ക്യാപ്ടന് അല്പം അയവു വന്നിട്ടുണ്ടെന്നു തോന്നുന്നു,'' അവൻ മന്ദമായി പറഞ്ഞു. ''റോബിൻസിന് ഒരു കുറവും വരാതെ നോക്കിക്കൊള്ളണമെന്നാണ് എന്നോട് പറഞ്ഞത്.''
റോബിൻസ് ചെറുതായി ചിരിച്ചു. കണ്ണുകൾ ദൂരെയായിരുന്നു.
''കപ്പൽ ജോലി അത്ര നിസാരമല്ലല്ലോ?''
ബേസിൽ ഒരു നിമിഷം മൗനമായി. പിന്നെപ്പറഞ്ഞു:
''ഞാൻ ആദ്യമായി കപ്പലിൽ കയറിയ ദിവസങ്ങൾ ഓർത്താൽ ഇന്നും വിറയ്ക്കും. കടൽ ക്ഷോഭം എന്താണെന്നു അന്ന് മനസ്സിലായി. കപ്പൽ ആകാശത്തേക്ക് എറിഞ്ഞതുപോലെ ഉയരും... പിന്നെ അടിത്തട്ടിലേക്ക് വീഴും. ആ വീഴ്ച ഭൂകമ്പം പോലെ. വയറ്റിലെ എല്ലാം പുറത്തേക്കു വരുമെന്ന തോന്നൽ. തല പൊട്ടുന്ന വേദന. സീ സിക്ക്‌നസ് ഗുളിക ഇല്ലായിരുന്നെങ്കിൽ ഞാൻ ചത്തുപോയേനെ'' അയാൾ ഒന്ന് ചിരിച്ചു.
''ട്രെയിനിംഗിൽ പഠിപ്പിക്കും കടൽ ആദ്യം നമ്മെ തകർക്കും, പിന്നെ നമ്മെ സ്വയം പുനർനിർമ്മിക്കും.''
അവൻ തുടർന്നു: ''ഈ ലോകത്തിലെ 91 ശതമാനം ചരക്കുകളും കടൽ വഴിയാണ് പോകുന്നത്. കപ്പലുകൾ നിശ്ചലമായാൽ ലോകത്തിലെ പകുതി മനുഷ്യർ പട്ടിണിയിലാകും. മറുപകുതി തണുത്ത് മരിക്കും. 'നിങ്ങൾ ചെയ്യുന്ന ജോലി മനുഷ്യരാശിയുടെ ശ്വാസമാണ്' ഒരു പ്രൊഫസർ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു.'' കാറ്റ് ശക്തമായി വീശി.
റോബിൻസ് ബേസിലിന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി. അവിടെ കടലിന്റെ ക്ഷീണവും ആത്മവിശ്വാസവും ഒപ്പം നിലകൊണ്ടിരുന്നു. ഒരു നിമിഷം മിണ്ടാതിരുന്ന ശേഷം റോബിൻസ് അവന്റെ വലതുകരം തന്റെ ഇരുകരങ്ങളിലുമാക്കി. മൗനബഹുമാനത്തോടെ ഹൃദയത്തോടചേർത്ത് അമർത്തി. അപ്പോൾ കടൽ അശാന്തമാകുകയായിരന്നോ..?
റഡാറിലെ ആ ബ്ലിപ്പ് ഇനിയും അപ്രത്യക്ഷമായിരുന്നില്ല. കപ്പൽ നീല ജലത്തെ കീറിമുറിച്ച് പതുക്കെ മുന്നേറുന്നു. ഡെക്കിൽ നിന്നു റോബിൻസ് ദൂരക്കാഴ്ച നോക്കുമ്പോൾ കടൽക്കാറ്റിൽ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ബേസിൽ ഒപ്പമുണ്ടായിരുന്നു.
'ഉച്ചയ്ക്ക് ശേഷം ദൃശ്യപരത കുറഞ്ഞേക്കാമെന്ന് കാലാവസ്ഥാ ബുള്ളറ്റിൻ പറയുന്നു,' ബേസിൽ പറഞ്ഞു.
ക്യാപ്ടൻ ബ്രിഡ്ജിൽ നിന്നു ശാന്തമായി എല്ലാം നിരീക്ഷിച്ചു. അവന്റെ കണ്ണുകളിൽ ഒരുതരം കാത്തിരിപ്പ്. സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി. അപ്രതീക്ഷിതമായി കടലിന്റെ നിറം മാറി. ആദ്യം മഞ്ഞ് പിന്നെ കനത്ത മൂടൽമഞ്ഞ്. റഡാറിൽ ചെറിയ ചലനങ്ങൾ.
'അജ്ഞാതമായ വേഗത്തിൽ ചലിക്കുന്ന ചില വസ്തുക്കൾ, സ്റ്റാർബോർഡ് വശം! നാം സൂക്ഷിച്ചേ പറ്റു.'
ഒരു നാവിഗേഷൻ ഓഫീസർ ഉച്ചത്തിൽ വിളിച്ചുകൂകി. മൂന്നു സ്പീഡ് ബോട്ടുകൾ. എഞ്ചിൻ ശബ്ദം മഞ്ഞിനകത്ത് കരഞ്ഞു. വരുന്നത് കടൽകൊള്ളക്കാർ ആയിരിക്കുമോ..?, അതോ മത്സ്യബന്ധന ബോട്ടുകളോ..? അത് പറയാൻ പറ്റുന്നില്ല. കടൽകൊള്ളക്കാരാകാനും സാധ്യതയുണ്ട്. കടൽ വ്യാപാരത്തോളം പഴക്കമുണ്ട് കടൽകൊള്ളക്ക്. ഫീനീഷ്യൻ കപ്പലുകളിൽ നിന്നും അറേബ്യൻ ദൗവുകളിലേക്കും, പോർച്ചുഗീസ് കരവെലുകളിൽ നിന്നും ആധുനിക കണ്ടെയ്‌നർ ഷിപ്പുകളിലേക്കും വാണിജ്യം വളർന്നിടത്ത് കൊള്ളയും വളർന്നു.
ഡെക്കിൽ ചിലർ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൂരെ വടക്കുകിഴക്കുഭാഗത്തായി മൂടൽമഞ്ഞ് ഉരുണ്ടുകൂടുന്നു. അത് കനത്ത് കടലിനു മുകളിലൂടെ പടർന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ കപ്പലിന്റെ മുന്നിലെ ഭാഗം മങ്ങിപ്പോയി. ബ്രിഡ്ജിൽ ക്യാപ്ടൻ ശാന്തനായി നിന്നു.
'കപ്പലിന്റെ ഗതി നിലനിർത്തുക.'
റഡാറിൽ ചെറുതായുള്ള രണ്ട് ബ്ലിപ്പുകൾ. പിന്നീട് നാല്. പിന്നീട് ആറു.
''അത് ഫിഷിംഗ് ബോട്ടുകളാണോ?' ബേസിൽ ചോദിച്ചു. ക്യാപ്ടൻ മറുപടി പറഞ്ഞില്ല.
വെറും മൂന്ന് മിനിറ്റിനുള്ളിൽ അത് സംഭവിച്ചു. മഞ്ഞിനകത്ത് നിന്നും കറുത്ത ് നിഴൽരൂപങ്ങൾ..!
വേഗതയേറിയ ചെറുബോട്ടുകൾ. എഞ്ചിൻ ശബ്ദം കടൽ കീറിയെത്തി.
''അത് കടൽക്കൊള്ളക്കാർ തന്നെ..!'
ആർത്തനാദം. ഗ്രാപ്പ്‌ലിംഗ് ഹുക്കുകൾ ഡെക്കിലേക്ക് എറിഞ്ഞു. കയർ കുത്തനെ പിടിച്ചു. മഞ്ഞ് ചീന്തി കറുത്ത മുഖങ്ങൾ. ഒരാൾ കപ്പലിന്റെ റെയിലിംഗ് കടന്നു. പിന്നെ രണ്ടാമൻ. പിന്നെ അഞ്ചുപേർ. അവരെല്ലാം ഒരുകണ്ണ് കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നു.
സൈറൺ മുഴങ്ങേണ്ട സമയം. പക്ഷേ അത് മുഴങ്ങിയില്ല.
ബേസിൽ ഞെട്ടി. പിന്നെ, ക്യാപ്ടനെ നോക്കി. 'അലാറം മുഴക്കൂ.'
ക്യാപ്ടൻ യാന്ത്രികമായി അലാറം മുഴക്കി. കൊള്ളക്കാർ കൃത്യമായ പരിശീലനത്തോടെ നീങ്ങി.
'ഡെക്കിലെ മുഴുവൻ ജോലിക്കാരും കൈകൾ ഉയർത്തുക. ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട.'
ഒരു വെടിയുണ്ട ആകാശത്ത് പൊട്ടി. കപ്പലിൽ ഭീതിയുടെ തരംഗം. എഞ്ചിൻ സ്പീഡ് കുറച്ചു. ക്യാപ്ടൻ തന്നെയാണ് നിയന്ത്രണം വിട്ടത്.
റോബിൻസ് ഡെക്കിന്റെ താഴെനിന്ന് ഒരു ശബ്ദം കേട്ടു. അവൻ മുകളിലേക്ക് കയറിയപ്പോഴേക്കും കപ്പൽ ഏതാണ്ട് കീഴടങ്ങിയ മട്ടിലായിരുന്നു.
ഒരു കൊള്ളക്കാരൻ റോബിൻസിന്റെ മുഖം പിടിച്ച് തിരിച്ചു നോക്കി. യൂണിഫോം ഇല്ലത്ത ഒരുവൻ..!
''ഇത് അവനാണോ?''
മഞ്ഞ് ബ്രിഡ്ജിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. അവിടെ നിന്ന് ക്യാപ്ടൻ പതുക്കെ ഇറങ്ങി. മുഖത്ത് ഭയം ഇല്ല. വെറും കണക്കുകൂട്ടൽ.
''ഇവനെതന്നെയാണ് ് നിങ്ങൾ അന്വേഷിക്കുന്നത്.''
വാക്കുകൾ തണുത്തവ. ഒരുതരത്തിൽ ഇടപാട് പൂർത്തിയാക്കിയതുപോലെ. ഒരു നിമിഷം പോലും വൈകിയില്ല. റോബിൻസിനെ പിടിച്ചു വലിച്ചു. പേടിപ്പിക്കാനെന്ന മട്ടിൽ കൊള്ളത്തലവൻ മുഷ്ടി ചുരുട്ടി അവന്റെ നേരെ വീശി. റോബിൻസ് തെന്നിമാറി. അവിടിവിടെയായി നിന്ന കൊള്ളക്കാർ പൊട്ടിച്ചിരിച്ചു.
''ഞാൻ ഒരു സംശയം ചോദിച്ചോട്ടെ...?'' അവരുടെ മറുപടി കാത്തിരിക്കാതെ റോബിൻസ് വീണ്ടും പറഞ്ഞു 'നിങ്ങൾ എല്ലാവരും ഒരു കണ്ണ് കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നത് എന്തിനാണ്?'' ചിരി നിശ്ശബ്ദമായി.
അടുത്ത നിമിഷം ഒരു മിന്നൽപോലെ ഇടിയെത്തി. റോബിൻസിന്റെ താടിയെല്ലിൽ ആണ് അത് വീണത്. അയാൾ താഴെ വീണു.
''നിനക്കത് അറിയണമല്ലേ... നായിന്റെ മോനേ?'' കൊള്ളക്കാരൻ അലറി.
റോബിൻസിന്റെ തലക്കുള്ളിൽ ചെറിയൊരു സ്‌ഫോടനം നടന്നതുപോലെ തോന്നി. ലോകം ഒരു നിമിഷം മങ്ങിയിരുന്നു..!
പക്ഷേ അയാൾ എഴുന്നേറ്റില്ല. കിടന്നുതന്നെ ശ്വാസം നിയന്ത്രിച്ചു. വേദനയെ ചിതറിച്ചു. മനസ്സിൽ ഒരു ചിന്ത മാത്രം ജീവിക്കണം.
ശക്തിയുടെ ഉറവിടം ശരീരമല്ല. മനസ്സാണ്..!
ആ നിമിഷം ബേസിൽ മുന്നോട്ട് നീങ്ങി.
അവന്റെ കണ്ണുകളിൽ അപേക്ഷ. 'പ്ലീസ്... അയാളെ ഇനി ഉപദ്രവിക്കരുത്.'
അതുവകവയ്ക്കാതെ കൊള്ളക്കാരൻ വീണ്ടും കാലോങ്ങി. റോബിൻസിനെ തൊഴിക്കാൻ. അപ്പോഴാണ് അത് സംഭവിച്ചത്. റോബിൻസ് മിന്നൽപോലെ നീങ്ങി. അയാളുടെ കാലുകൾക്കിടയിലൂടെ അടിവയറ്റിൽ ശക്തമായി ഇടിച്ചു. കൊള്ളക്കാരൻ തെന്നി. ശ്വാസം പിടഞ്ഞു.
തോക്ക് കൈവിട്ടു. അയാൾ ഡെക്കിൽ വീണ ശബ്ദം. മഞ്ഞ് ചീന്തിപ്പോയി..!
ഒരുനിമിഷം മുഴുവൻ കപ്പൽ നിശ്ശബ്ദം. ആരും അത് പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരു കൊള്ളക്കാരൻ തോക്ക് ചൂണ്ടി. റോബിൻസ് ഇടത് കാലിൽ ഭാരം മാറ്റി അഭ്യാസിയെപ്പോലെ മലക്കം മറിഞ്ഞു. തോക്കിന്റെ മൂക്ക് തട്ടിക്കളഞ്ഞു. വെടിയുണ്ട മഞ്ഞിലേക്കു പറന്നു. ഇനി സെക്കൻഡുകൾ മാത്രം.
മറ്റുള്ളവർ ഓടിയെത്തുന്നതിന് മുമ്പ് റോബിൻസ് ഒരു തീരുമാനം എടുത്തിരുന്നു. ബേസിലിന്റെ കണ്ണുകൾ അവനോട് ചേർന്നു. ആ കണ്ണുകളിൽ വിശ്വാസവും വേദനയും നിറഞ്ഞുനിന്നു.
റോബിൻസ് പറഞ്ഞു: 'എന്നെയാണവർ ലക്ഷ്യമിടുന്നത്. എന്നെ മാത്രം..!'
അടുത്ത നിമിഷം
ഡെക്കിന്റെ അരികിൽ നിന്നു കടലിന്റെ അഗാധതയിലേക്ക് റോബിൻസ് എടുത്തുചാടി. താഴെകണ്ട ദൃശ്യം ബേസിലിനെ ഞെട്ടിച്ചു. അവൻ വായപൊത്തി നിന്നുപോയി.
തണുത്ത വെള്ളം റോബിൻസിന്റെ ശരീരത്തെ കുത്തിപരിക്കേൽപ്പിച്ചു. ശ്വാസം മുട്ടി. മുകളിലെ ലോകം മങ്ങലായി. വെടിയുണ്ടകൾ വെള്ളത്തിലേക്ക് കുത്തിയിറങ്ങി. വെള്ളത്തിൽ നിറയെ ബബിൾസ്. അത് പൊട്ടിത്തെറിച്ചു. മുകളിലെ കപ്പൽ മങ്ങിയ ഇരുണ്ട പർവ്വതം പോലെ റോബിൻസിന് തോന്നി. അയാൾ താഴേക്ക് മുങ്ങി. ശ്വാസം പിടിച്ചു. കാതുകളിൽ മർദ്ദം.
അയാൾ ശരീരം വളച്ചു ദിശമാറ്റി. പിന്നെ സാവകാശം ശരീരത്തെ ശാന്തമാക്കി.
കൈകാലുകൾ ചലിപ്പിക്കാതെ. താഴേ...അഗാതതയിലേക്ക്..!
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
