പല നാട്ടുരാജ്യങ്ങൾ ചേർന്ന് ഒരു രാജ്യമായപ്പോൾ ഭരണഘടനാ ശിൽപികൾ സ്വപ്‌നം കണ്ട ഇന്ത്യ ഇതായിരുന്നോ ? സ്വാതന്ത്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പല അടിമ രാജ്യങ്ങളും പിന്നീട് വളർന്ന മട്ടിലാണോ ഭാരതം ലോക ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. നമ്മുടെ മേൽക്കുമേൽ ആഘോഷിക്കപ്പെടുന്ന ജനാധിപത്യം ഏവർക്കും തുല്യ നീതി നൽകുന്നുണ്ടോ? പുരോഗതിയിൽ പതിറ്റാണ്ടുകൾ പിന്നിൽ നിൽക്കുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും നിലനിൽക്കെയല്ലേ നാം ലോക ശക്തിയാവാൻ ഒരുങ്ങുന്നത്. ഒരു അടിയന്തരാവസ്ഥക്കാലം ഇവിടെ പിറന്നത് ഇതേ ജനാധിപത്യത്തിന്റെ നടുമുറ്റത്തു തന്നെയല്ലേ?
ചോദ്യങ്ങൾ നിരവധിയാണ്. അതവിടെ നിൽക്കട്ടെ. ആരാണ് നമ്മളെ ഭരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അമൂല്യമായ അവകാശം ലഭിച്ച പൗരജനത്തിന്, തല്ലാനും തലോടാനും അഞ്ചാണ്ട് കൂടുമ്പോൾ കൈവരുന്ന മഹത്തായ അവകാശവും അവസരവുമാണ് പോളിംഗ് സ്റ്റേഷനുകളിലെ ഇ.വി.എമ്മുകൾ. മനസിൽ നൂറുവട്ടം ഉറപ്പിച്ച ആ തീരുമാനത്തിനു മുന്നിൽ, വോട്ടെടുപ്പുദിനം രാഷ്ട്രീയ വേഷം ധരിച്ചു ചിരിച്ചു തൊഴുതു നിൽക്കുന്നവർ ഫലപ്രഖ്യാപനം കഴിയുന്ന നിമിഷം പൗരന്റെ യജമാനനാവുന്നു. തോറ്റവർ ഭരണക്കൊതി മനസിൽ ഒളിപ്പിച്ച് പൗരനു ചുറ്റും നടക്കുന്നു. പൗരൻ ഒരു ദിവസത്തെ മാത്രം രാജാവാകുന്ന സുന്ദരമായ കാഴ്ച.
പല കാലങ്ങളിൽ, പല സമയങ്ങളിൽ ജനാധിപത്യം അതിന്റെ സർവ കരുത്തും പ്രകടമാക്കുന്ന തെരഞ്ഞെടുപ്പുകളെ മാധ്യമങ്ങൾ ഉത്സവങ്ങളെന്നാണ് വിശേഷിപ്പിക്കുക. ഒരേ സമയം ഉത്സവവും പോരാട്ടവും! യുദ്ധസമാനമായ തെരഞ്ഞെടുപ്പു പ്രചാരണക്കാലം. യുദ്ധം നമുക്കു വേണ്ടിയാണ്.
നമ്മെ ഭരിക്കാനുള്ളവരെ തെരഞ്ഞെടുക്കാനുള്ള നമ്മുടെ പടഹ കോലാഹലങ്ങളും കലാശക്കൊട്ടും !
ഇരുപതാം നൂറ്റാണ്ടിൽ തുടങ്ങിയ ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രം 21 -ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ക്വാർട്ടർ പിന്നിടുമ്പോൾ, 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ' എന്ന മന്ത്രവുമായി രാജ്യം ഭരിക്കുന്ന കക്ഷി മുന്നോട്ടു വന്നിരിക്കുന്നു. അതുവഴി, പതിറ്റാണ്ടുകൾ നീണ്ടേക്കാവുന്ന രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.
ഭാരതം എന്ന ഇന്ത്യ !
വിശേഷണത്തിൽ പോലും ഇന്ത്യയെ ഭാരതമാക്കുന്ന പ്രക്രിയ നടക്കുന്ന കാലഘട്ടത്തിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സംജ്ഞയെ നിഷ്‌കളങ്കമായി കാണാൻ ബി.ജെ.പി ഇതര രാഷ്ട്രീയ കക്ഷികൾക്ക് കഴിയുന്നില്ല. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തച്ചുടയ്ക്കുന്ന നീക്കമാണ് ഇതെന്ന് കോൺഗ്രസ്. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള എൻ.ഡി.എയുടെ പുറപ്പാടിനെ പ്രതിപക്ഷം ലോക്‌സഭയിൽ വൻതോതിൽ എതിർത്തത് വീണ്ടും പ്രതിപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും കരുത്തു തെളിയിച്ചു. ബില്ലവതരണത്തെ 263 പേർ അനുകൂലിച്ചപ്പോൾ 198 അംഗങ്ങൾ എതിർത്തു.
ബില്ലവതരണം രാഷ്ട്രപതി ഭരണത്തിനു വഴി തെളിക്കാനുള്ള ശ്രമമെന്ന ഗുരുതരമായ ആരോപണം ഉയർത്തപ്പെട്ടു. ഒരേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ്. 2034ൽ ഇതു പ്രാവർത്തികമാക്കും വിധം ഭരണഘടനാ ഭേദഗതിയാണ് ലക്ഷ്യം. ഭേദഗതി പ്രകാരം ഡൽഹിയിലും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ചാണ് നിയമ ഭേദഗതി. നിയമ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനത്തിന് വിരുദ്ധമാകുമോ എന്ന അടിസ്ഥാന ചോദ്യം ഉയർത്തിക്കൊണ്ടായിരിക്കും ഇനിയുള്ള ഇന്ത്യയുടെ ഭാവി രാഷ്ട്രീയ ചർച്ചകൾ. ഒരുമിച്ച് തെരഞ്ഞെടുപ്പു നടത്തിയാൽ പ്രാദേശിക വിഷയങ്ങൾ പുറന്തള്ളപ്പെട്ടു പോകും എന്ന സുപ്രധാനമായ ആശങ്ക ബാക്കിയാവും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വരും.
സർവ്വവും കേന്ദ്ര നിയന്ത്രണത്തിലാവുമെന്ന ആപത്തും പങ്കുവയ്ക്കുന്നു പ്രതിപക്ഷം.
ഏതായാലും, ലോക്‌സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ചർച്ചയ്ക്കായി സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. എന്നാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്നായിരുന്നു കോൺഗ്രസ് എംപിമാർ പ്രതികരിച്ചത്. വോട്ടെടുപ്പ് നടത്തിയശേഷം ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. ബില്ലുകൾ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഡിവിഷൻ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് 269 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 198 പേർ എതിർത്തത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടാ ഭേദഗതി ബില്ലുകൾ പാസാക്കിയെടുക്കാൻ കഴിയൂ എന്ന് കോൺഗ്രസ് എംപിമാർ ഓർമപ്പെടുത്തി. ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ കേവലഭൂരിപക്ഷം മാത്രമാണ് സർക്കാരിന് ലഭിച്ചതെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് വേണ്ടതെന്നും കോൺഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, ശശി തരൂർ തുടങ്ങിയ എംപിമാർ പറഞ്ഞു. സഭയിൽ ഹാജരായത് 461 എംപിമാരാണ്. ഇതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 307 എംപിമാരുടെ പിന്തുണ വേണം. എന്നാൽ സർക്കാരിന് ലഭിച്ചത് 263 വോട്ടുകൾ മാത്രമാണ്. പ്രതിപക്ഷത്തിന് 198 വോട്ട് ലഭിച്ചു.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നിർദേശം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു ശശി തരൂരിനെപ്പോലുള്ള നേതാക്കൾ പറഞ്ഞു. സർക്കാരിന് ഞങ്ങളേക്കാൾ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തിൽ അവർക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാൽ ഇതൊരു ഭരണഘടനഭേദഗതി ബില്ലാണ്. പാസാക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് ഇതുമായി അധികകാലം മുന്നോട്ട് പോകാനാകില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സംയുക്ത പാർലമെന്ററി സമിതിയുടെ ചർച്ചകൾക്കായി വിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർദേശിച്ചിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിക്കുകയും ചെയ്തു. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ മന്ത്രിസഭ പരിഗണിച്ചപ്പോൾ, ഇത് പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ തലങ്ങളിലും ഇതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തണം,' അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
ഏതായാലും, പൊതുതെരഞ്ഞെടുപ്പു ഗോദയിലെന്നപോലെ ഈ ഭേദഗതി ബിൽ നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഏറെനാൾ നല്ല മത്സരക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് ഉറപ്പാണ്.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1