സ്വര്‍ണവില ഓരോ ദിവസവും റെക്കോഡ് ഇട്ട് കുതിക്കുകയാണ്. കണ്ണടച്ചു തുറക്കും മുമ്പാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആഗോള വിപണികളിലെ അനിശ്ചിതത്വങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധവുമെല്ലാം പ്രതിഫലിക്കുന്നത് സ്വര്‍ണത്തിലാണ്. വ്യക്തികളും നിക്ഷേപ സ്ഥാപനങ്ങളും മാത്രമല്ല രാജ്യങ്ങള്‍ പോലും സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു.
ഈ സ്വര്‍ണ കുതിപ്പിനെ പലരും 1980 കളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. അന്ന് ഇറാനിയന്‍ വിപ്ലവവും എണ്ണ പ്രതിസന്ധിയുമായിരുന്നു സ്വര്‍ണത്തെ മുന്നോട്ടു നയിച്ചത്. സാമ്പത്തിക അസ്ഥിരതയും രാഷ്ട്രീയ കാരണങ്ങളും സ്വര്‍ണത്തിന്റെ കുതിപ്പിന് അന്ന് വഴിമരുന്നിട്ടു. അതിന് ശേഷം 2025 ലെത്തി നില്‍ക്കുമ്പോഴും സ്വര്‍ണവിലയ്ക്ക് കാരണം ഭൗമരാഷ്ട്രീയ സാമ്പത്തിക കാരണങ്ങള്‍ തന്നെയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇറാനിലെ വിപ്ലവവും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളുമാണ് 1980 ല്‍ സ്വര്‍ണത്തെ ഉയരങ്ങളിലേക്ക് നയിച്ചത്. സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. അന്ന് യൂറോപ്പും യു.എസും ഒരേ വഴിയില്‍ സഞ്ചരിക്കുന്നവരായിരുന്നു. എന്നാല്‍, ഇന്ന് ട്രംപും അമേരിക്കയും യൂറോപ്പിനെ കാര്യമായി ഗൗനിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. യൂറോപ്പിന്റെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടിലാണ് ട്രംപ്.
80കളില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ യു.എസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മയുണ്ടായിരുന്നു. ഇപ്പോഴത്തെ ലോകക്രമം ഐക്യത്തിന്റേതല്ലെന്ന് ബ്രോക്കറേജ് സ്ഥാപനമായ എ.എം.ടി ഫ്യൂച്ചേഴ്സിലെ വിദഗ്ധനായ ജോര്‍ജ് ഗ്രിഫിത്ത് പറയുന്നു. മുന്‍കാലങ്ങളിലേത് പോലെ ആഗോള ഐക്യം പല കാര്യങ്ങളിലും ഉണ്ടാകുന്നില്ല. പ്രതിസന്ധികള്‍ നേരിടുന്നതിന് വ്യത്യസ്ത സമീപനമാണ് ഓരോ രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്നത്.
അന്നും ഇന്നും മാറ്റമെന്ത്?
1980 കളിലെ സ്വര്‍ണത്തിന്റെ കുതിപ്പും ഇപ്പോഴത്തെ ട്രെന്റും തമ്മില്‍ സാമ്യമുണ്ടെന്നത് നേരാണ്. എന്നാല്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ വലിയ മാറ്റമുണ്ട്. അന്ന് പെട്ടെന്ന് കുതിച്ചു കയറിയ സ്വര്‍ണവില അതേപോലെ താഴ്ന്നു. എന്നാല്‍ ഇത്തവണ വില താഴേക്ക് വരാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്ക-യൂറോപ്പ് തര്‍ക്കം, ഉക്രെയ്ന്‍-റഷ്യ യുദ്ധം, ഗാസയിലുള്ള യുദ്ധം, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി തുടങ്ങിയവ മൂലം വിപണിയില്‍ അനിശ്ചിതത്വം കൂടുതലായി. ആ സാഹചര്യത്തില്‍ പല രാഷ്ട്രങ്ങളും സ്വര്‍ണ്ണത്തിലേക്ക് കയറിയിരിക്കുന്നു. പ്രത്യേകിച്ച് പാശ്ചാത്യ ഡോളര്‍ നിക്ഷേപങ്ങളില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍. ഇത് സ്വര്‍ണത്തെ ഉയരത്തില്‍ നിര്‍ത്തുന്നു.
ഡോളറിന്റെ പദവിക്ക് കോട്ടം?
സാധാരണയായി അമേരിക്കന്‍ ഡോളറിന് സുരക്ഷിത നിക്ഷേപമെന്ന പ്രതിച്ഛായ ഉണ്ട്. പക്ഷേ ഇപ്പോഴത്തെ അനിശ്ചിതത്വത്തില്‍ അതും തളര്‍ന്നുവെന്നാണ് ചിലര്‍ കാണുന്നത്. ട്രംപ് ഭരണകൂടം യൂറോപ്പിന്റെ സുരക്ഷാ ഉറപ്പ് സംശയത്തിലാക്കിയതും ഉക്രെയ്‌നിലെ സമീപനം പൂര്‍ണമായി മാറ്റിയതും ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും, ആഗോള സമവായം തകരുന്നതിന്റെ ഉദാഹരണങ്ങളാണ്. ഇത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കും.
പുതിയ നിക്ഷേപത്തിന് പറ്റിയ സാഹചര്യമല്ലെങ്കില്‍ പണം നഷ്ടമാകാതിരിക്കാന്‍ ശതകോടീശ്വരന്‍മാരും കമ്പനികളും സ്വര്‍ണം വാങ്ങിക്കൂട്ടും. കൂടുതല്‍ ആവശ്യക്കാര്‍ വരുന്നതോടെ സ്വര്‍ണവില കുത്തനെ ഉയരും. കഴിഞ്ഞ ആഴ്ചകളില്‍ കണ്ടതും ഇതുതന്നെ.
ഈ ഘട്ടത്തില്‍ തന്നെയാണ് സ്വര്‍ണഖനികളുടെ വാര്‍ത്തകളും സജീവമാകുന്നത്. ചൈനയില്‍ വലിയ സ്വര്‍ണഖനി കണ്ടെത്തിയതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഡിസംഹറില്‍ ഇറാനില്‍ നിന്ന് സുപ്രധാനമായ വാര്‍ത്തയും വന്നത്. സാമ്പത്തികമായി ഞെരുക്കം നേരിടുന്ന ഇറാന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്ത.
ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയായ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാലില്‍ 27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഉള്ളതെന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തല്‍. പുതിയ പര്യവേഷണമാണ് ഇറാന്‍ ഭരണകൂടത്തെ സന്തോഷിപ്പിക്കുന്നതും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഇടയാക്കിയതും. 42 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണം ഖനിയിലുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍.
ഇവിടെ ഖനനം നടത്തുന്ന കമ്പനിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 116 മെട്രിക് ടണ്‍ സ്വര്‍ണം വേര്‍ത്തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 25 വര്‍ഷം മാത്രമേ ഖനിക്ക് ആയുസുള്ളൂ എന്നാണ് കരുതിയതെങ്കിലും പുതിയ കണ്ടെത്തലോടെ 65 വര്‍ഷം ഖനനത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്.
വന്‍തോതില്‍ ക്രൂഡ് ഓയിലും പ്രകൃതി വാതവും ഉള്ള മണ്ണാണ് ഇറാനിലേത്. കടല്‍പാതയും തുറമുഖ സൗകര്യങ്ങളും ഏറെയാണ്. ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച ചാബഹാര്‍ തുറമുഖവും ഇറാനിലുണ്ട്. ഇന്ത്യയില്‍ നിന്ന് കടല്‍വഴി പോകുന്ന ചരക്കുകള്‍ മധ്യേഷ്യയിലേക്കും പിന്നീട് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും എത്തിക്കാന്‍ ഇറാന്റെ സഹകരണത്തോടെ സാധിക്കും. പക്ഷേ അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം കാരണം ഇറാന് നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഉപരോധമുള്ളതിനാല്‍ കരിഞ്ചന്തകള്‍ വഴിയാണ് ഇറാന്‍ എണ്ണയും വാതകവും വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍-ഇറാന്‍ അതിര്‍ത്തി മേഖലയിലാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളുള്ളത് എന്നതും എടുത്തുപറയണം. എന്നിട്ടും സാമ്പത്തികമായി മുന്നേറാന്‍ ഇറാന് സാധിച്ചിട്ടില്ല. ഇറാന്റെ നാണയമായ റിയാലിന് മൂല്യം നന്നേ കുറവാണ്. ഡോളറിനെതിരെ 42000 ഇറാന്‍ റിയാല്‍ എന്നതാണ് നിരക്ക്.
ഈ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കിടെയാണ് കൂടുതല്‍ വിശാലമായ സ്വര്‍ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്. വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ കൂടുതല്‍ വിദേശ നിക്ഷേപവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ സ്വര്‍ണ്ണ നിക്ഷേപം എങ്ങനെ?
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) റിപ്പോര്‍ട്ട് പ്രകാരം, 2023 നെ അപേക്ഷിച്ച് 2024 ല്‍ ഇന്ത്യയിലെ സ്വര്‍ണ്ണ നിക്ഷേപം 60% വര്‍ദ്ധിച്ച് 18 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 1.5 ലക്ഷം കോടി രൂപ).
റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍
2024 ല്‍ ഇന്ത്യയുടെ സ്വര്‍ണ്ണ നിക്ഷേപ ആവശ്യം 239 ടണ്‍ ആയിരുന്നു , ഇത് 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ്.
2023 -ല്‍ രേഖപ്പെടുത്തിയ 185 ടണ്ണില്‍ നിന്ന് 29% വര്‍ധനവാണിത് .
2023-ല്‍ ഇത് 945.5 ടണ്ണായിരുന്നു, ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത 25% വര്‍ദ്ധിച്ചു .
സ്വര്‍ണ്ണ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) , മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലേക്ക് ഡിമാന്‍ഡ് കൂടുതല്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 5% ത്തിലധികം സ്വര്‍ണ്ണമാണ്.
ഇന്ത്യയിലെ കരുതല്‍ ശേഖരം: ബീഹാര്‍ (44%), രാജസ്ഥാന്‍ (25%), കര്‍ണാടക (21%), പശ്ചിമ ബംഗാള്‍ (3%), ആന്ധ്രാപ്രദേശ് (3%), ജാര്‍ഖണ്ഡ് (2%) എന്നിങ്ങനെയാണ്.
ലോകത്തിലെ കരുതല്‍ ശേഖരം: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്.
കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണങ്ങള്‍
സ്വര്‍ണ്ണ വിലയിലെ സ്ഥിരമായ വര്‍ധനവ്: ഈ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന പ്രധാന ഘടകം വര്‍ഷം മുഴുവനും സ്വര്‍ണ്ണ വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനവാണ്.
പണപ്പെരുപ്പത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും എതിരായ ഒരു സംരക്ഷണമായി നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞു.
സാംസ്‌കാരിക ആവശ്യം: വിവാഹം പോലുള്ള ശുഭകരമായ അവസരങ്ങളില്‍ സ്വര്‍ണ്ണത്തോടുള്ള പരമ്പരാഗത മുന്‍ഗണനകള്‍ ചില്ലറ വില്‍പ്പന ആവശ്യകത വര്‍ദ്ധിപ്പിച്ചതും സ്വര്‍ണ്ണ വാങ്ങലുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചതും ഇതിന് കാരണമായി.
നഗരങ്ങളിലെ വാങ്ങല്‍ പ്രവണതകള്‍: മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വാങ്ങല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. ചെറിയ സ്വര്‍ണ്ണ നിക്ഷേപ ബാറുകളും നാണയങ്ങളും വേഗത്തില്‍ വിതരണം ചെയ്യുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ നിക്ഷേപം എളുപ്പമാക്കി.
മറ്റ് ആസ്തി വിഭാഗങ്ങളുടെ ദുര്‍ബലമായ പ്രകടനം: ആഭ്യന്തര ഓഹരി വിപണികള്‍ ശരാശരി വരുമാനം രേഖപ്പെടുത്തി, ഇത് നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍
കറന്റ് അക്കൗണ്ട് കമ്മി (സിഎഡി): ഉയര്‍ന്ന സ്വര്‍ണ്ണ ഇറക്കുമതി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കും, ഇത് വിദേശനാണ്യ കരുതല്‍ ശേഖരത്തെ ബാധിക്കും.
ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍: സ്വര്‍ണ്ണത്തിന്റെ ആവശ്യകതയിലെ കുതിച്ചുചാട്ടം അതിന്റെ വില ഉയര്‍ത്തുകയും സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
സാമ്പത്തിക വിപണിയിലെ തടസങ്ങള്‍: സ്വര്‍ണ്ണത്തിലേക്കുള്ള നിക്ഷേപ മാറ്റം ഇക്വിറ്റി മാര്‍ക്കറ്റുകളിലെ ലിക്വിഡിറ്റി കുറയ്ക്കുന്നതിന് കാരണമാകും. ഇത് ഓഹരി വിപണി പ്രകടനത്തെ ബാധിക്കും.
സ്വര്‍ണ്ണ ധനസമ്പാദന പദ്ധതികള്‍: ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ബാങ്കുകളില്‍ സ്വര്‍ണ്ണ നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
ഗോള്‍ഡ് ഇടിഎഫുകളും മ്യൂച്വല്‍ ഫണ്ടുകളും ശക്തിപ്പെടുത്തല്‍: ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കല്‍.
ഇ-ഗോള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍: ഫിന്‍ടെക് പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റല്‍ സ്വര്‍ണ്ണ നിക്ഷേപങ്ങളുടെ പ്രവേശനക്ഷമത വികസിപ്പിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1