ഇന്ത്യക്കാര്‍ക്ക് വേണ്ട! കാനഡയ്ക്ക് നിറം മങ്ങുന്നു

MARCH 20, 2024, 11:32 AM

ഇന്ത്യാക്കാരെ സംബന്ധിച്ചടുത്തോളം കാനഡ ഒരു വികാരമായിരുന്നു. കാരണം ഇന്ത്യക്കാര്‍ കൂടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പ് ഒന്നാം സ്ഥാനത്തായിരുന്നു കാനഡ. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ തിളക്കം മങ്ങുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ബിരുദ-ബിരുദാന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മികച്ച ജോലിയും ജീവിതവും എളുപ്പം ലഭിക്കുമെന്നതാണ് ഇവിടേക്ക് ആളുകളുടെ കൂട്ട ഒഴുക്കിന് കാരണമായി പറയുന്നത്.

ഇന്ത്യക്കാര്‍ക്കിടയില്‍ കാനഡയോടുള്ള താത്പര്യം കുത്തനെ കുറയുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 20 വര്‍ഷത്തിന് മുന്‍പ് ഉണ്ടായിരുന്ന കാനഡയിലേക്കുള്ള ഒഴുക്ക് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് സ്റ്റാറ്റസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നത്.

1996 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം പൗരത്വം തേടുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദശകത്തിലാണ് ഏറ്റവും കുറവ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ 2021 വരെയാണ് ഏറ്റവും കുറവ് കുടിയേറ്റങ്ങള്‍ ഉണ്ടായത്. കുറഞ്ഞ വരുമാനമുള്ളവരേക്കാള്‍ (10,000 കനേഡിയന്‍ ഡോളറില്‍ താഴെ) ഉയര്‍ന്ന വരുമാന നിലവാരമുള്ള കുടിയേറ്റക്കാര്‍ ( 50,000100,000 കനേഡിയന്‍ ഡോളര്‍) പൗരത്വം സ്വീകരിക്കാനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ഏഷ്യയില്‍ നിന്നുളളവരാണ് ഏറ്റവും കുറവ് കുടിയേറ്റം നടത്തുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ നിന്നും 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ദക്ഷിണേഷ്യയില്‍ 40.7 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്ന് 29.3 ശതമാനത്തിന്റെ ഇടിവും കിഴക്കന്‍ യൂറോപ്പില്‍ നിന്ന് 28.9 ശതമാനം ഇടിവും ഉണ്ടായി. മധ്യ അമേരിക്കയില്‍ നിന്ന് 28.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നും കണക്ക് വ്യക്തമാക്കുന്നു.

2006 മുതല്‍ 2016 വരെയുള്ള കാലയളവിലെ നയപരമായ മാറ്റങ്ങള്‍, കഠിനമായ പൗരത്വ പരിശോധന നടപടികള്‍, ഭാഷാ വൈദഗ്ധ്യ പരിശോധനകള്‍ കര്‍ശനമാക്കിയത്, ഉയര്‍ന്ന അപേക്ഷാ ഫീസ് എന്നിവയെല്ലാം പൗരത്വം തേടുന്നവരുടെ എണ്ണം കുത്തനെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2016 മുതല്‍ 2021 വരെയുള്ള പൗരത്വ നിരക്കുകളിലെ 40 ശതമാനം ഇടിവിന് കോവിഡും കാരണമായിട്ടുണ്ടാകാം എന്നും പഠനം പറയുന്നു.

അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. സര്‍ക്കാറിന്റെ തീരുമാനം കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയ തിരിച്ചടി നല്‍കുന്നതായി മാറി. കനേഡിയന്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കിച്ചനറിലെ കോനെസ്റ്റോഗ കോളജിനുള്‍പ്പെടെ വിദേശ വിദ്യാര്‍ത്ഥി നിയന്ത്രണം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച കോളജാണ് കോനെസ്റ്റോഗ. 2021 ല്‍ 13000 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ എത്തിയതെങ്കില്‍ 2023 ല്‍ ഇത് 30000 ആയി ഉയര്‍ന്നിരുന്നു. കാനഡയിലെ മറ്റേതൊരു കോളജിനെയും മറികടക്കുന്ന ഈ റെക്കോര്‍ഡ് സംഖ്യകള്‍ കോടിക്കണക്കിന് ഡോളറാണ് കോനെസ്റ്റോഗ കോളജ് മാത്രമാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്.

എന്നാല്‍, അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതിയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ മറ്റ് കോളജുകള്‍ കോനെസ്റ്റോഗയ്ക്ക് നേരെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമിട്ട് കോനെസ്റ്റോഗ കോളജ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തങ്ങളുടെയൊക്കെ സാധ്യതകളെ ബാധിച്ചുവെന്നാണ് മറ്റുള്ളവരുടെ ആരോപണം.

കോളജുകള്‍ തമ്മിലുള്ള കലഹത്തിന്റെ കാരണം വിദേശ വിദ്യാര്‍ത്ഥികളിലൂടെയുള്ള വരുമാന നഷ്ടത്തിന്റെ പേരിലാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇതില്‍ നിന്നും നേരെ വ്യത്യസ്തമാണ്. സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ആയിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് കാനഡയിലേക്ക് വര്‍ഷം തോറും എത്തുന്നത് നിരവധി വിദ്യാര്‍ത്ഥികളാണ്.

കാനഡ മുമ്പെന്നത്തേക്കാളും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നുണ്ടെങ്കിലും, വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് പ്രതിസന്ധി ശക്തമാക്കിയത്. സ്ഥിതിഗതികള്‍ അനുസരിച്ച് ഓരോ 10 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം മൂന്ന് പേര്‍ക്ക് മാത്രമാണ് സ്ഥിരതാമസാവകാശം ലഭിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വലിയ ആശങ്കയിലാണ്. ഇതിന് പരിഹാരമായി പലരും അഭയാര്‍ത്ഥികളായി മാറാനുള്ള അപേക്ഷകളും നല്‍കുന്നുണ്ട്. കോനെസ്റ്റോഗ കോളജില്‍ മാത്രം, അത്തരം അപേക്ഷകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 4.5 മടങ്ങ് വര്‍ദ്ധിച്ചു. 2022 ല്‍ 106 ല്‍ നിന്ന് 2023 ല്‍ 450 ആയെന്നാണ് വാട്ടര്‍ലൂ റീജിയന്‍ റെക്കോര്‍ഡിലെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അഭയാര്‍ത്ഥി പെര്‍മിറ്റിന് അപേക്ഷ നല്‍കുന്നത് തീര്‍ച്ചയായും അവസാനത്തെ ആശ്രയം എന്ന നിലയ്ക്കാണ്. വിദ്യാര്‍ത്ഥികള്‍ ആദ്യം പഠനാനുമതി നീട്ടാന്‍ ശ്രമിക്കുന്നു. കോനെസ്റ്റോഗയില്‍ മാത്രം, 6,600 ലധികം പേര്‍ പഠനാനുമതി നീട്ടാനായി അപേക്ഷ കൊടുത്തിട്ടുണ്ട്. ഒരു ലേബര്‍ മാര്‍ക്കറ്റ് ഇംപാക്റ്റ് അസസ്മെന്റ് ലഭിക്കാന്‍ ചിലര്‍ കൂടുതല്‍ പണം ചിലവഴിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്തായാലും പലവിധ കാരണങ്ങളാല്‍ തൊഴിലില്ലായ്മ നിരക്ക് കൂടിയതടക്കം മറ്റ് രാജ്യങ്ങളിലേക്ക് പറക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ജര്‍മ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പ്രധാനമായും ആളുകള്‍ പോകുന്നത്. മികച്ച ജീവിത സാഹചര്യങ്ങളും തൊഴില്‍ അവസരങ്ങളുമാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam