ഇന്ത്യ ഏറെ സ്വപ്‌നം കണ്ട ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ പൂര്‍ത്തീകരണം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമുദ്ര വ്യാപാര രംഗത്ത് വഴിത്തിരിവാകുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അറബ്-ഇസ്രായേല്‍ ഊഷ്മളമായ സാഹചര്യത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം എന്നതിനാല്‍ ഇടനാഴിയുടെ കാര്യത്തില്‍ വളരെ മികച്ച പുരോഗതിയുണ്ടാകുമെന്ന് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഏഴിന് ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ആ പ്രതീക്ഷകള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ രണ്ട് പ്രധാന പങ്കാളികളായ സൗദി അറേബ്യയ്ക്കും ജോര്‍ദാനും പദ്ധതി സംബന്ധിച്ച് ഒരു പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ഔദ്യോഗിക ബന്ധം കരയിലെ പ്രവര്‍ത്തന പൂര്‍ത്തീകരണത്തെ ബാധിക്കില്ലെന്ന് വാദിച്ചേക്കാമെങ്കിലും പദ്ധതിക്കായി ഇസ്രായേല്‍ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ട്. നിലവിലുള്ള സംഘര്‍ഷ സാഹചര്യം ശമിക്കുന്നത് വരെ ഇടനാഴിയുടെ വടക്കന്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം തന്നെ യുഎഇഎയും ഇന്ത്യന്‍ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ കിഴക്കന്‍ ഭാഗത്ത്, കാര്യങ്ങള്‍ താരതമ്യേന വേഗത്തില്‍ മുന്നോട്ട് പോകുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണ്. 2022-ല്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവെച്ചതിന് ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020-21 ലെ 43:30 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 83:64 ബില്യണ്‍ ഡോളറായി വളര്‍ന്നു. അതായത് 93 ശതമാനത്തിന്റെ വളര്‍ച്ച. എണ്ണ ഇതര മേഖലയിലെ വ്യാപാരവും ശക്തിപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 2020-21ലെ 28.67 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 57.81 ബില്യണ്‍ ഡോളറായി വളര്‍ന്നു.
2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐഎംഇസി)യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. നിലവില്‍ സൂയസ് കനാല്‍ വഴി നടത്തുന്ന ഗതാഗതത്തെ അപേക്ഷിച്ച് ഐഎംഇ ഇടനാഴി ഗതാഗത സമയം 40% കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം തന്നെ യാത്രയുടെ ചെലവ് 30% കുറയുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്തിടെ ഇന്ത്യയും യുഎഇയും ആരംഭിച്ച വെര്‍ച്വല്‍ ട്രേഡ് കോറിഡോറും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ അവിഭാജ്യ ഘടകമായിരിക്കും. പദ്ധതി വൈകുമെങ്കിലും ഏഷ്യയേയും യൂറോപ്പിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ റെയില്‍- ഷിപ്പിങ് റൂട്ട് നിലവില്‍ വരുമെന്ന കാര്യത്തില്‍ ഒരു രാജ്യത്തിനും സംശയമില്ല. ഇന്ത്യയെയും യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കന്‍ കോറിഡോര്‍, ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കന്‍ കോറിഡോര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1