സി.പി.എം പുച്ഛിക്കില്ല ഡഗ് കോളിൻസിനെ

MARCH 27, 2025, 2:05 AM

തേങ്ങ ചോരുന്നത് അറിയുന്നില്ല, കടുക് ചോരുന്നത് കൃത്യമായറിയും. കേരളത്തിൽ സർക്കാർ നടപ്പാക്കിവരുന്നതായി ഇടയ്ക്കിടെ വിളംബരം ചെയ്യാറുള്ള ചെലവുചുരുക്കലിന്റെ യാഥാർത്ഥ്യമന്വേഷിക്കുന്നവർ ഏറെ അന്വേഷണം നടത്താതെ തന്നെ ഈ ഉപസംഹാരത്തിലേക്കെത്തിച്ചേരുന്നു. ആശാ വർക്കർമാരുടെ ന്യായമായ ആവശ്യത്തിനു നേരെ സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നതു വിഭവ ദാരിദ്ര്യത്താൽ. അതേസമയം, പി.എസ്.സി അംഗങ്ങളുടെ ശമ്പളം 'വാനോള'മുയർത്തി. പിന്നാലെ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ പ്രതിഫലം പലയിനത്തിലായി കൂട്ടിയത് ദശലക്ഷങ്ങൾ.
നിന്നു തിരിയാൻ പറ്റാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി വ്യക്തമായിരിക്കേ ചെലവുചുരുക്കൽ അനിവാര്യം. 

ഇതിന്റെ ഭാഗമായി ഒഴിവുനികത്തലിനുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമില്ലാത്ത പദ്ധതികൾ കണ്ടെത്തി അവസാനിപ്പിക്കാൻ ധനവകുപ്പ് മറ്റു വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുമുണ്ട്. പക്ഷേ, വിവേകരഹിതമായ വാർപ്പു മാതൃകകളുടെ ചുമലിലേറി ഭരണ നടപടികൾ ഇഴയുമ്പോൾ നിർബാധം ചോരുന്നത് തേങ്ങ തന്നെ. ഉദാഹരണത്തിന് സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്ക് ഇടയ്ക്കിടെ പുത്തൻ കാറുകൾ വാങ്ങുന്നു. വാഹന ഉപയോഗം സംബന്ധിച്ച് ടൂറിസം വകുപ്പിന്റെ കാലഹരണപ്പെട്ട നിബന്ധനകൾ ഇതിനു വഴിയൊരുക്കി നൽകുന്നുമുണ്ട്. ഒരുലക്ഷം കിലോമീറ്റർ പിന്നിട്ട, അല്ലെങ്കിൽ മൂന്നുവർഷം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി. ഉപയോഗത്തിന് നൽകരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസഡർ കാറുകൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഈ വ്യവസ്ഥ.

പഴയ 'അംബാസഡർ കാലത്തെ' വ്യവസ്ഥകൾ ഇന്നോവ ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങൾ വന്നിട്ടും മാറ്റിയിട്ടില്ല. മന്ത്രിവാഹനങ്ങളും മാറി ഉപയോഗിക്കാനുള്ള കാറുകളും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചു ലക്ഷം കിലോമീറ്റർ പിന്നിട്ട ഇന്നോവ വണ്ടികൾ തകരാറില്ലാതെ നിരത്തിൽ ഓടുന്നുമുണ്ട്. എന്നിട്ടും കാലപ്പഴക്കത്തിന്റെ പേരിൽ മന്ത്രിമാർക്കുവേണ്ടി തുടർച്ചയായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിൽ യാതൊരു മാറ്റവുമില്ല. വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിൻവലിക്കുന്ന സംവിധാനം എന്തേ ഉണ്ടാകുന്നില്ലെന്ന ചോദ്യത്തിനുത്തരവുമില്ല. 

vachakam
vachakam
vachakam

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുക, ആവശ്യത്തിൽ കവിഞ്ഞ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിച്ച് കരാർ (പിൻവാതിൽ) നിയമനം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും ധനവകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇഓഫീസ് സംവിധാനം ഏർപ്പെടുത്തിയ സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് നിയമനം നിർത്തലാക്കാനും നിർദേശമുണ്ടെങ്കിലും അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് ഏവർക്കുമറിയാം. ഓഫീസുകൾ കമ്പ്യൂട്ടർവത്കരിച്ചതോടെ മിക്ക വകുപ്പുകളിലും നേരത്തേയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കാവുന്ന സാഹചര്യമാണുള്ളത്. ശമ്പള പരിഷ്‌കരണ കമ്മീഷനും വിവിധ പഠന സമിതികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, പുതുതായി കരാർ ജോലിക്കാരെ നിയമിക്കുന്ന പ്രവണത തുടരുന്നു.

ചില വകുപ്പുകളിലുള്ള ആവശ്യത്തിൽ കവിഞ്ഞ ജീവനക്കാരെ പുനർവിന്യസിച്ചാൽ കരാർ നിയമനം ഒഴിവാക്കാനാകുമെന്നു വ്യക്തം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കം ആരംഭിച്ചിരുന്നു. അന്ന് 33,000 കരാർ ജീവനക്കാർ അനാവശ്യമാണെന്ന് കണ്ടെത്തി. പക്ഷേ അവരെ പിരിച്ചുവിടാനായില്ല, ജീവനക്കാരുടെ എതിർപ്പ് മൂലം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ സർവീസിലെ അപ്രസക്ത വിഭാഗങ്ങൾ ഒഴിവാക്കാനും അധികമുള്ള രണ്ടായിരത്തോളം ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കും മറ്റുമായി മാറ്റാനും തീരുമാനിച്ചു, അതും നടന്നില്ല. ജീവനക്കാരുടെ എതിർപ്പ് അതിജീവിച്ച് ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാനുള്ള ആർജവം കേരളത്തിൽ ഏതു സർക്കാരിനുണ്ടാകുമെന്നു പറയാൻ എഐ പോലും തയ്യാറാകില്ല.

സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് പിൻവാതിൽ നിയമനം. ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും വേണ്ടപ്പെട്ടവരെയും സർവീസിൽ ഇങ്ങനെ തിരുകിക്കയറ്റുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ഇവരെ സ്ഥിരപ്പെടുത്താനുമാകും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ലക്ഷക്കണക്കിന് യുവാക്കളും പി.എസ്.സിയിൽ പ്രതീക്ഷിച്ച അർപ്പിച്ച് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളും അവസരം കാത്തിരിക്കുമ്പോഴാണ് സർക്കാരിനെ ദുരുപയോഗിച്ചുള്ള ഈ വഴിവിട്ട കളി. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 1.8 ലക്ഷം പേർ പിൻവാതിൽ നിയമനം നേടിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പർവതീകരിച്ച കണക്കായിരിക്കാമിതെങ്കിലും ഈ സർക്കാരിന്റെ കാലത്തും ധാരാളം പിൻവാതിൽ നിയമനങ്ങൾ നടന്നതും ഇതിൽ ചിലത് വിവാദമാകുകയും കോടതി കയറുകയും ചെയ്തത് ജനങ്ങൾ കണ്ടു.

vachakam
vachakam
vachakam

മന്ത്രിമാർക്ക് ആവശ്യത്തിൽ കവിഞ്ഞ പേഴ്‌സനൽ സ്റ്റാഫിനെ നിയമിച്ചും രാജ്യത്തിനകത്ത് തന്നെ മികച്ച ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിരിക്കെ മന്ത്രിമാർ ചികിത്സക്ക് കുടുംബസമേതം വിദേശത്തേക്ക് പറന്നും ജനപ്രതിനിധികൾ ഉയർന്ന തോതിൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയും സംസ്ഥാനത്തെ കൂടുതൽ മുടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കു മാറ്റമില്ല. വിലക്കയറ്റവും തൊഴിൽരാഹിത്യവും മൂലം നിത്യജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാരാണ് ഇതിന്റെയെല്ലാം ഭാരം പേറേണ്ടി വരുന്നത്. ഭരണച്ചെലവ് കർശനമായി നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നതിനിടെയും ധനകാര്യ വകുപ്പും അധികച്ചെലവു കാര്യത്തിൽ പിന്നോക്കമല്ല. 

2014 മുതൽ 2021 വരെയുള്ള കാലയളവിൽ ശമ്പള പരിഷ്‌കരണ കമ്മീഷൻ, ധനകാര്യ കമ്മീഷനുകൾ തുടങ്ങിയവയുടെ ആവശ്യത്തിലേക്കായി ധനകാര്യ വകുപ്പ് താത്കാലികാടിസ്ഥാനത്തിൽ 107 പേരെ നിയമിച്ചു. ആവശ്യങ്ങൾ പൂർത്തിയായതോടെ ഈ തസ്തികകൾ നിർത്തലാക്കാനും ജീവനക്കാരെ ഒഴിവാക്കാനും സർക്കാർ ഉത്തരവിറക്കിയെങ്കിലും അവരെ ഒഴിവാക്കിയില്ല. കഴിഞ്ഞ വർഷത്തെ ഭരണപരിഷ്‌കാര വിദഗ്ധ സമിതി റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിമാസം 60.31 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സർക്കാരിനു മേലുണ്ടാകുന്നത്.

ബ്യൂറോക്രസിയിലെ വാഹനങ്ങളുടെ വഴിവിട്ട ഉപയോഗം മൂലം കോടിക്കണക്കിനു രൂപ സർക്കാരിന് നഷ്ടമാകുന്നു. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പുതലവന്മാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ഒഴികെയുള്ള ഉദ്യോഗസ്ഥർക്ക് വാഹനം വീട്ടിൽ കൊണ്ടുപോകാൻ അനുവാദമില്ല. ഈ ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിലും അവരെ വീട്ടിൽ നിന്ന് ഓഫീസിലെത്തിക്കുക, തിരിച്ച് വീട്ടിലെത്തിക്കുക തുടങ്ങി ഓഫീസ് ആവശ്യങ്ങൾക്കല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ഉപയോഗിക്കുന്നത് ചട്ടവിരുദ്ധവുമാണ്.

vachakam
vachakam
vachakam

എങ്കിലും മക്കളെ സ്‌കൂളിലാക്കാനും തിരിച്ചുകൊണ്ടുവരാനും ഭാര്യയെ ക്ലബിലെത്തിക്കാനും ഷോപ്പിംഗിനുമെല്ലാം ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണെക്കാലവുമുള്ളത്. ഒഫീഷ്യൽ ആവശ്യത്തിനല്ലാതെ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ, വാഹനത്തിന്റെ നിയന്ത്രണാധികാരിയിൽ നിന്ന് ആ വർഷം ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിച്ച മാസത്തെ ഇന്ധനവിലയുടെ അമ്പത് ശതമാനം പിഴയായി ഈടാക്കുന്നത് ഉൾപ്പെടെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ധനവകുപ്പിന്റെ ഉത്തരവുണ്ട്. അതെല്ലാം വെറും തമാശ മാത്രം.

സി.എ.ജി റിപ്പോർട്ട്

ഒരുവർഷത്തിനുള്ളിൽ മാത്രം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കിയ ബാധ്യത 1,873.89 കോടിയാണെന്നു വ്യക്തമാക്കിയുള്ള കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട് ആത്യന്തികമായി ചൂണ്ടിക്കാട്ടുന്നതും രാഷ്ട്രീയ മേലാപ്പിൽ കൊഴുത്ത ധൂർത്തിന്റെയും ഖജനാവിനെ ശോഷിപ്പിക്കുന്ന മാനവിക ശേഷി വിനിയോഗത്തിന്റെയും സൂചികകളിലേക്കാണ്. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ് സി.എ.ജിയുടെ ശുപാർശ. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാമെന്ന നിലപാടാണ് സർക്കാരിനും സി.പി.എമ്മിനും.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പി.പി.പി (പബ്‌ളിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാമെന്നാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലെ നിർദ്ദേശം. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് താത്പര്യമുള്ളവർക്ക് വ്യക്തമായ നിബന്ധനയോടെ കരാർ പ്രകാരം ഏൽപ്പിക്കാവുന്നതാണെന്നും 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖയിൽ വ്യക്തമാക്കിയിരുന്നു.

നിയമസഭയിൽ വച്ച സി.എ.ജി റിപ്പോർട്ടിലുമുണ്ട് സമാനമായ അഭിപ്രായം. നിലവിൽ 18,026.49 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ സർക്കാർ വഹിക്കുന്നത്. 10,015.46 കോടി മൂലധനവും 12,302.63 കോടി ദീർഘകാല വായ്പകളും ഉൾപ്പെടെ 22,318.09 കോടി രൂപയാണ് സർക്കാർ നിക്ഷേപം. അതിലാണ് ഇത്രയും നഷ്ടം പേറുന്നത്. വർഷങ്ങളായി സർക്കാർ വായ്പയെടുത്ത് നൽകിയും മറ്റും പരിപാലിക്കുന്ന 36 പൊതുമേഖലാസ്ഥാപനങ്ങൾക്ക് വായ്പയുടെ പലിശ പോലും ഇതുവരെ നൽകാനായിട്ടില്ല. കടുത്ത കെടുകാര്യസ്ഥതയും കാലഹരണപ്പെട്ട സങ്കേതിക വിദ്യയും പാഴ്‌ചെലവുമാണ് പലതിലും. കൃത്യമായ ഓഡിറ്റിംഗ് ഇല്ല. ജീവനക്കാരുടെ ബാഹുല്യം;

കണക്കുകൾ സൂക്ഷിക്കാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ആകെ 149 പൊതുമേഖലാസ്ഥാപനങ്ങളാണുള്ളത്. അതിൽ 18 എണ്ണം തീരെ പ്രവർത്തിക്കുന്നില്ല. ബാക്കി 131 എണ്ണത്തിൽ 77ഉം നഷ്ടത്തിലാണ്. ഇതിൽ തന്നെ 44 സ്ഥാപനങ്ങളിൽ സർക്കാർ നിക്ഷേപത്തിനും അധികമാണ് നഷ്ടം. ഈ 44 പിഎസ്ഇകളുടെ സർക്കാർ നിക്ഷേപമൂല്യം 5,954.33 കോടി രൂപയാണെങ്കിൽ നഷ്ടത്തിന്റെ മൂല്യം 11,227.04 കോടിയിലെത്തി കഴിഞ്ഞു.105 എണ്ണത്തിലും ഫിനാൻസ് അക്കൗണ്ടുകൾ പ്രകാരമുള്ള കണക്കുകളും കമ്പനി രേഖകൾ പ്രകാരമുള്ള കണക്കുകളും തമ്മിൽ ഒരു ബന്ധവുമില്ല. സർക്കാരിന് കൂടുതൽ ബാധ്യതയുണ്ടാക്കുന്ന കെ.എസ്.ആർ.ടി.സി. 2016 -17 മുതൽ ഇതുവരെ കണക്ക് പോലും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1,368.72 കോടി രൂപയാണ് പൊതുമേലയിൽ നിന്ന് ലഭിച്ച ലാഭം. വമ്പൻ നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ ഇവയാണ് കാഷ്യു ഡവലപ്‌മെന്റ് കോർപറേഷൻ 1800.93 കോടി, സിവിൽ സപ്‌ളൈസ് കോർപറേഷൻ 866.86 കോടി, കെ.എസ്.ആർ.ടി.സി. 6048.26 കോടി. ലാഭത്തിലുള്ള സ്ഥാപനങ്ങൾ: കെ.എസ്.എഫ്.ഇ.901.28 കോടി, ബിവറേജസ് കോർപറേഷൻ 1106.91 കോടി, മിനറൽസ് ആൻഡ് മെറ്റൽസ് 1172.58 കോടി, പിന്നാക്ക സമുദായ വികസന കോർപറേഷൻ 248.90 കോടി, കെ.എഫ്.സി.155.72 കോടി, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ വികസന കോർപറേഷൻ 170.01 കോടി. ഉൽപ്പാദനം നടത്തുകയോ സേവനം നൽകുകയോ ചെയ്യുന്ന സർക്കാർ കമ്പനികളെല്ലാം തന്നെ കടുത്ത വെല്ലുവിളി നേരിടുന്നു. ആയിരക്കണക്കിനു പേരുടെ തൊഴിൽ സുരക്ഷയാണ് തുലാസിലാടുന്നത്.

അവരെ സംരക്ഷിക്കാൻ മാത്രമായി ഈ കമ്പനികൾ പൊതുമേഖലയിൽ നിലനിർത്തുക അസാധ്യമാവുകയാണ്. 'ആളുകളെ ജോലിക്കെടുക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് സർക്കാർ.' യുഎസിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്‌സ് സെക്രട്ടറി ഡഗ് കോളിൻസ് ഈയിടെ പറഞ്ഞതിങ്ങനെ. അധികച്ചെലവു കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനുമായി 82,000 ജീവനക്കാരെ പിരിച്ചു വിടേണ്ടിവരുമെന്നറിയിക്കവേയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 

ഇലോൺ മസ്‌ക് മേധാവിയായുള്ള സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഈ നീക്കത്തെ തൽക്കാലം ആക്ഷേപിക്കാതിരിക്കാനാകില്ല കേരളത്തിലെ ഇടതു പക്ഷത്തിന്. പക്ഷേ, ഡഗ് കോളിൻസിന്റെ വാക്കുകൾ അധികം വൈകാതെ തന്നെ ഏറ്റെടുക്കും സിപിഎമ്മെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് സാമൂഹിക മാധ്യമങ്ങൾ. ജീവനക്കാരുടെ മേദസ്സുയർത്തലല്ല, ജന സേവയാകണം സർക്കാർ ലക്ഷ്യമെന്ന അഭിപ്രായത്തെ മുതലാളിത്ത സിദ്ധാന്തമെന്നു പറഞ്ഞു പുച്ഛിക്കാനുമാകില്ല.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam