വാഷിംഗ്ടണ്‍: മുന്‍പ് താന്‍ നടത്തിയ ഏറ്റവും വിവാദപരമായ 'കുട്ടികളില്ലാത്ത പൂച്ചവളര്‍ത്തുകാര്‍' എന്ന പരാമര്‍ശം ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിഡ്ഢിത്തങ്ങളില്‍ ഒന്നായിരുന്നു എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. തന്റെ പുതിയ പുസ്തകമായ കമ്മ്യൂണിയനി' ലാണ് വാന്‍സ് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. എന്‍.ബി.സി ന്യൂസാണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
2021 യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്നതിനിടെ ടക്കര്‍ കാള്‍സണ്‍ ടോക്കില്‍ പങ്കെടുത്തപ്പോഴാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖരായ കമല ഹാരിസ്, പീറ്റ് ബുട്ടിഗീഗ്, അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് എന്നിവരെ ലക്ഷ്യമിട്ട് വാന്‍സ് ഈ പരാമര്‍ശം നടത്തിയത്. അമേരിക്കന്‍ ഭരണകൂടം കുട്ടികളില്ലാത്ത, സ്വന്തം ജീവിതത്തില്‍ നിരാശരായ ഒരു കൂട്ടം പൂച്ചവളര്‍ത്തുകാരായ സ്ത്രീകളുടെ കൈകളിലാണെന്നും അവര്‍ രാജ്യം മുഴുവന്‍ തങ്ങളെപ്പോലെ നിരാശയിലാക്കാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു വാന്‍സിന്റെ അന്നത്തെ ആക്ഷേപം.
ഞാന്‍ പറഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിരുന്നു അത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കുട്ടികളില്ലാത്ത പൂച്ചവളര്‍ത്തുകാര്‍ രാജ്യം നശിപ്പിക്കുകയാണെന്ന തന്റെ വാദം തികച്ചും വിഡ്ഢിത്തമായിരുന്നു,' വാന്‍സ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ചിന്തിപ്പിക്കുന്നതിനേക്കാള്‍, ബോധപൂര്‍വ്വം ആളുകളെ പ്രകോപിപ്പിക്കാന്‍ വേണ്ടി മാത്രം നടത്തിയ 'തലതിരിഞ്ഞ' പ്രസ്താവനയായിരുന്നു അതെന്നും അദ്ദേഹം സമ്മതിക്കുന്നു.
2024 ഡോണാള്‍ഡ് ട്രംപിന്റെ റണ്ണിങ് മേറ്റായി വാന്‍സ് എത്തിയപ്പോള്‍ ഈ പഴയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ട്രംപ്-വാന്‍സണ്‍ സഖ്യത്തിന് വലിയ രാഷ്ട്രീയ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പ്രസ്താവനക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
കുട്ടികളുണ്ടാകാന്‍ ആഗ്രഹിച്ചിട്ടും പലവിധ കാരണങ്ങളാല്‍ അതിന് സാധിക്കാത്ത നിരവധി അമേരിക്കക്കാരോട് കൂടുതല്‍ കാരുണ്യത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ തനിക്ക് സാധിക്കണമായിരുന്നു എന്നും, ക്രൈസ്തവ വിശ്വാസപ്രകാരം ഓരോ ജീവന്റെയും അന്തസിനെ മാനിക്കണമെന്ന തത്വത്തില്‍ താന്‍ പരാജയപ്പെട്ട നിമിഷമായിരുന്നു അതെന്നും വാന്‍സ് തന്റെ പുസ്തകത്തില്‍ കുറിക്കുന്നു. സഭയിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചും തന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ജെ.ഡി വാന്‍സിന്റെ പുതിയ പുസ്തകമായ 'കമ്മ്യൂണിയന്‍'.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
