വാഷിംഗ്ടൺ: ആണവോർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റേഡിയേഷൻ സുരക്ഷാ ചട്ടങ്ങളിൽ വലിയ ഇളവുകൾ വരുത്താൻ അനുമതി തേടി യുഎസ് ആണവ നിയന്ത്രണ സമിതി. പുതിയ ആണവ റിയാക്ടറുകളുടെ നിർമ്മാണം വേഗത്തിലാക്കാനും ചെലവ് ചുരുക്കാനുമായി ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുന്ന പുതിയ നയങ്ങളുടെ ഭാഗമായാണ് ഈ നിർണായക നീക്കം.
ഡാറ്റാ സെന്ററുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ക്രിപ്റ്റോ കറൻസി മൈനിങ് എന്നിവ കാരണം രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുൻനിർത്തി 2050-ഓടെ അമേരിക്കയുടെ ആണവോർജ്ജ ശേഷി നാലിരട്ടിയാക്കാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.
ഇതിനായി ഫെഡറൽ ഭൂമിയിൽ ആണവനിലയങ്ങൾ നിർമ്മിക്കാനും അനുമതികൾ വേഗത്തിലാക്കാനും കഴിഞ്ഞ വർഷം ട്രംപ് പ്രത്യേക ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ്, വർഷങ്ങളായി നിലനിൽക്കുന്ന 'അലാര' (ALARA - As Low as Reasonably Achievable) എന്ന റേഡിയേഷൻ സുരക്ഷാ മാനദണ്ഡം ഒഴിവാക്കാൻ എൻആർസി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. എത്ര ചെറിയ അളവിലുള്ള റേഡിയേഷനും അർബുദത്തിന് കാരണമായേക്കാം എന്ന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ കർശന നിയമം.
പുതിയ മാറ്റം ചട്ടങ്ങളിൽ കൂടുതൽ വ്യക്തത കൊണ്ടുവരാനാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കുറയ്ക്കുന്നില്ലെന്നുമാണ് എൻആർസി ചെയർമാൻ ഹോ നീഹ് വ്യക്തമാക്കുന്നത്. പുതിയ റിയാക്ടറുകൾ രൂപകൽപ്പന ചെയ്യുന്ന കമ്പനികൾക്ക് കൃത്യമായ റേഡിയേഷൻ പരിധിയെക്കുറിച്ച് മുൻകൂട്ടി ധാരണ നൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഈ നീക്കത്തിനെതിരെ കടുത്ത ആശങ്കയുമായി ശാസ്ത്രജ്ഞരും ആണവ സുരക്ഷാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
റേഡിയേഷനിൽ സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്നും അർബുദ സാധ്യത ഇതിലൂടെ വർദ്ധിക്കുമെന്നും 'യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ്സ്' സംഘടനയിലെ ഭൗതികശാസ്ത്രജ്ഞൻ എഡ്വിൻ ലെയ്മാൻ മുന്നറിയിപ്പ് നൽകി. ആണവ വ്യവസായ മേഖലയ്ക്ക് പണം ലാഭിക്കാൻ വേണ്ടി മാത്രം ജീവനക്കാരെയും പൊതുജനങ്ങളെയും ഉയർന്ന തോതിലുള്ള റേഡിയേഷൻ ഭീഷണിയിലേക്ക് തള്ളിവിടുകയാണ് ഈ പുതിയ നിയമമെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ റേഡിയേഷൻ ചട്ടങ്ങളിൽ അടുത്ത 45 ദിവസത്തേക്ക് പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും സമിതി അഭിപ്രായങ്ങൾ സ്വീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
