വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപും എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസും തമ്മിലെ ആദ്യ ലൈവ് ടെലിവിഷന്‍ സംവാദം ചൊവ്വാഴ്ച (സെപ്തംബര്‍ 10) നടക്കും. കമലാഹാരിസും ഡൊണാള്‍ഡ് ട്രംപും നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ ടെലിവിഷന്‍ സംവാദമാണ് നടക്കാന്‍ പോകുന്നത്. എ.ബി.സി ചാനലാണ് ഫിലഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍വച്ച് സംവാദത്തിന് അവസരം ഒരുക്കിയിരിക്കുന്നത്.
ഇതേ തിയതിയില്‍ സംവാദം നടത്താന്‍ പ്രസിഡന്റ് ജോ ബൈഡനും ട്രംപും മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി പകരം കമല സ്ഥാനാര്‍ത്ഥിയായതോടെ ഈ സംവാദത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. പകരം സെപ്റ്റംബര്‍ നാലിന് കാണികളെ പങ്കെടുപ്പിച്ച് ഫോക്‌സ് ന്യൂസിന്റെ സംവാദത്തില്‍ പങ്കെടുക്കാന്‍ തയാറാണെന്നും അറിയിച്ചു.
ജൂണ്‍ 27 ന് സി.എന്‍.എന്നില്‍ നടന്ന ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായത്. ട്രംപ് വന്നാലും ഇല്ലെങ്കിലും ബൈഡനുമായി മുന്‍കൂട്ടി നിശ്ചയിച്ച എ.ബി.സി സംവാദത്തിന് താന്‍ എത്തുമെന്നായിരുന്നു കമലയുടെ പ്രതികരണം. ട്രംപ് ഭയന്ന് ഒഴിഞ്ഞുമാറുകയാണെന്ന് കമലയും ഡെമോക്രാറ്റുകളും പരിഹസിച്ചിരുന്നു. ഇതോടെയാണ് ട്രംപ് തീരുമാനം പിന്‍വലിച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചകളിലേക്ക് നീങ്ങവേ ഞായറാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളില്‍ ട്രംപും കമലയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ന്യൂയോര്‍ക്ക് ടൈംസും സിയന കോളജും ചേര്‍ന്നുനടത്തിയ സര്‍വേയില്‍ ട്രംപിനെ 48 ശതമാനംപേര്‍ പിന്തുണയ്ക്കുമ്പോള്‍ കമലയ്ക്ക് 47 ശതമാനം വോട്ടു കിട്ടി. സി.ബി.എസ്. ന്യൂസും പോളിങ് സ്ഥാപനമായ യുഗവും ചേര്‍ന്ന് നടത്തിയ മറ്റൊരുസര്‍വേയില്‍ നിര്‍ണായക സംസ്ഥാനങ്ങളായ മിഷിഗനിലും വിസ്‌കോണ്‍സിനിലും കമലയ്ക്ക് ട്രംപിനെക്കാള്‍ ഒരുശതമാനം വോട്ടിന്റെ ലീഡുണ്ട്. പെന്‍സില്‍വേനിയയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വേയില്‍ 28 ശതമാനംപേര്‍ കമലയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ട്രംപിനെക്കുറിച്ച് അങ്ങനെപറഞ്ഞത് 9 ശതമാനംപേര്‍ മാത്രമാണ്. വെള്ളക്കാരും കോളജ് വിദ്യാഭ്യാസമില്ലാത്തവരുമായ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ തൊഴിലാളിവര്‍ഗത്തിന് സാമ്പത്തികാഭിവൃദ്ധിയുണ്ടാകുന്നതിന് ട്രംപ് തന്നെ വരണമെന്ന് 53 ശതമാനം പേര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്