ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 5 ന് നടത്തപ്പെടുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ അവസാനിച്ചു. മുൻകാലങ്ങളിലെപ്പോലെ ഇത്തവണയും വളരെ ആവേശപൂർവ്വമാണ് മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസോസിയേഷൻ ആഫീസിൽ കൂടിയ കലാമേള സംഘാടക സമിതി ഇതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തി. പ്രസിഡന്റ് ജെസ്സി റിൻസി, വൈസ് പ്രസിഡന്റ് ഫിലിപ്പ് ലൂക്കോസ്, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, ജോയിന്റ് ട്രഷറർ സിബിൽ ഫിലിപ്പ് എന്നിവർ യോഗത്തിനു നേതൃത്വം നൽകി.
രജിസ്‌ട്രേഷൻ, കലാമേള നടത്തിപ്പിനെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൺവീനർ സാറ അനിൽ വിശദീകരിച്ചു. ഇത്തവണ മൂന്ന് വിഭാഗങ്ങളിലും (സബ് ജൂനിയർ, ജൂനിയർ, സീനിയർ) ഉയർന്ന സ്‌കോർ നേടുന്നവർക്ക് റൈസിംഗ് സ്റ്റാർ ട്രോഫികൾ നൽകുന്നതായിരിക്കും. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ കലാതിലകം, കലാപ്രതിഭാ പട്ടങ്ങൾ നേടുന്നവർക്ക് തൊട്ടു പിന്നിൽ സ്‌കോർ ലഭിക്കുന്നവർക്കാണ് റൈസിംഗ് സ്റ്റാർ ട്രോഫികൾ ലഭിക്കുക. മത്സര ഫലങ്ങളെ സംബന്ധിച്ച വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ഫലങ്ങളെ സംബന്ധിച്ച് പരാതിയുള്ളവർക്ക് നിശ്ചിത ഫോറത്തിൽ പരാതി പരിഹാര സമിതിക്കു പരാതി നൽകാവുന്നതാണ്. മത്സര വേദികൾ, സമയക്രമം എന്നിവയെ സംബന്ധിച്ച വിവരങ്ങൾ ഏപ്രിൽ മാസം 2ന് ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
മത്സര വിജയികൾക്ക് അപ്പപ്പോൾ തന്നെ ട്രോഫികൾ നൽകുന്നതിനായി വിപുലമായ ട്രോഫി കമ്മറ്റി പ്രവർത്തിക്കുന്നു. വർഗീസ് തോമസ്, ഷൈനി ഹരിദാസ്, സൂസൻ ചാക്കോ, ബീന ജോർജ്, ജയ്‌മോൾ ചെറിയാൻ, ലവ്‌ലി വർഗീസ്, അനിത ഡാനിയേൽ, ഗ്രേസി വാച്ചാച്ചിറ, സുഷ ബൈജു ജോസ്, ജോസ് ചെറിയാൻ എന്നിവരുൾപ്പെട്ട ട്രോഫി കമ്മറ്റി, പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയിച്ചു.
ഇത്തവണ കലാമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിനെ സംബന്ധിച്ച് പബ്ലിസിറ്റി കൺവീനർ ബിജു മുണ്ടക്കൽ യോഗത്തിൽ വിശദീകരിച്ചു. സുവനീറിൽ പരസ്യങ്ങൾ നൽകിയ എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അസോസിയേഷൻ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ബുക്ക് മാർക്കിന്റെ പ്രകാശനം പ്രസിഡന്റ് ജെസ്സി റിൻസി നിർവ്വഹിച്ചു.
ഇത്തവണത്തെ കലാമേള ഒരു വൻ വിജയമാക്കുവാൻ എല്ലാ മലയാളി സുഹൃത്തുക്കളോടും യോഗം അഭ്യർത്ഥിച്ചു. ജോസ് മണക്കാട്ട്, വർഗീസ് തോമസ്, ഷൈനി ഹരിദാസ്, പ്രിൻസ് ഈപ്പൻ എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്