നാഷ്‌വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) സംഘടിപ്പിച്ച ഓണം മഹോൽസവം 2024 സംഘാടന മികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും, അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. കാൻ അതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിച്ച വേളയിലാണ് ഈ ഓണാഘോഷം സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും കൂടിയുണ്ടായിരുന്നു.
കാൻ വളണ്ടിയർമാർ സ്വന്തമായി തയ്യാറാക്കിയ ഇരുപത്തിമൂന്നിൽപ്പരം വിഭവങ്ങൾ വാഴ ഇലയിൽ വിളമ്പിയ സ്വാദിഷ്ടമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും പുലികളിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. അതോടൊപ്പം കാനിന്റെ സ്വന്തം കലാകാരൻമാർ അതിമനോഹരമായി ചെണ്ടമേളവും മെഗാ തിരുവാതിരയും വേദിയിൽ അവതരിപ്പിച്ചു.
തുടർന്ന് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യാതിഥികളായ ബഹുമാനപ്പെട്ട ടെന്നീസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലിയും, പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര താരമായ ദിവ്യ ഉണ്ണിയും കാൻ ഭരണ സമിതി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. കാൻ പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ ആശംസ അർപ്പിച്ചു.
കാൻ വൈസ്പ്രസിഡന്റ് ശങ്കർ മന സ്വാഗതവും, സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി. കാൻ പതിനഞ്ചാം വാർഷികം മുൻനിർത്തി ബഹുമാനപ്പെട്ട നാഷ്‌വിൽ മേയർ ഓണാഘോഷദിനത്തെ 'കേരള ദിനം' ആയി രേഖപ്പെടുത്തിയതിന്റെയും, ടെന്നിസി സ്റ്റേറ്റ് സെനറ്റ് ആശംസകൾ നേർന്നതിന്റെയും ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ബഹുമാനപ്പെട്ട ടെന്നീസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലി നിർവ്വഹിച്ചു. അതോടൊപ്പം പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'കല്പടവുകൾ' എന്ന സുവനീറിന്റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ ദിവ്യ ഉണ്ണി നിർവ്വഹിച്ചു.
കഴിഞ്ഞുപോയ പതിനഞ്ചു വർഷത്തെ കാൻ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ സുവനീറിൽ ടെന്നീസി ഗവർണ്ണർ, കേരള മുഖ്യമന്ത്രി, നാഷ്‌വിൽ മേയർ, കേരള നിയമസഭ സ്പീക്കർ, ദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, അറ്റ്‌ലാന്റ കൗൺസൽ ജനറൽ ഓഫ് ഇന്ത്യ, മുൻ കേന്ദ്ര മന്ത്രിയായ ഡി. നെപ്പോളിയൻ, നോർക്ക ചീഫ് എക്‌സിക്യൂട്ടീവ്, കലാകാരന്മാരായ സ്റ്റീഫൻ ദേവസ്സി, റസൂൽ പൂക്കുട്ടി, വിവിധ സംഘടനാ നേതാക്കന്മാർ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ആശംസകൾ അറിയിച്ചു.
കാൻ ആദ്യമായി ഏർപ്പെടുത്തിയ അക്കാഡമിക് സ്‌കോളർഷിപ്, അമേരിക്കൻ പ്രസിഡന്റിന്റെ വളണ്ടിയർ സർവീസസ് അവാർഡ് തുടങ്ങിവയും ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്തു.
തുടർന്ന് കാനിന്റെ സ്വന്തം കലാകാരൻമാർ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഉപകരണ സംഗീതം, സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. അതോടൊപ്പം ദിവ്യ ഉണ്ണിയും സംഘവും നയിച്ച അതി മനോഹരമായ നൃത്താവിഷ്‌കാരവും അരങ്ങേറി.
ഓണസദ്യ ഒരുക്കുന്നതിന് നിജിൽ പറ്റെമ്മൽ, മനീഷ് രവികുമാർ എന്നിവരും, കലാപരിപാടികൾക്ക് സന്ദീപ് ബാലൻ, ഡോ.ദീപാഞ്ജലി നായർ എന്നിവരും നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ കാൻ ഭരണസമിതി അംഗങ്ങൾക്കും, വളണ്ടിയർമാർമാരും, സ്‌പോൺസർമാർക്കും സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ടാണ് ഓണം മഹോൽസവം 2024 ന് തിരശ്ശീല വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്