ഹ്യൂസ്റ്റൻ മലയാളികളെ സംഗീത സാഗരത്തിലാറാടിച്ച് ഹൈ-ഓൺ-മ്യൂസിക്

OCTOBER 16, 2024, 9:03 AM

സംഗീതം പെയ്തിറങ്ങിയ രാവിൽ ഹ്യൂസ്റ്റനിൽ സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച് വിജയ് യേശുദാസും സിത്താരാ കൃഷ്ണകുമാറും, നിരഞ്ച് സുരേഷും സംഘവും ഹൂസ്റ്റണിൽ നിറഞ്ഞാടുകയായിരുന്നു. ശ്രീനാരായണ മിഷൻ ഹൂസ്റ്റണും യുഎസ് ക്യാപിറ്റലൈസ് സൊല്യൂഷനും ചേർന്ന് സംഘടിപ്പിച്ച ഹൈ ഓൺ-മ്യൂസിക് ഷോ ഹ്യൂസ്റ്റൺ മലയാളി സമൂഹം നിറമനസ്സോടെ ആവേശപൂർവം ഏറ്റെടുക്കുകയായിരുന്നു.

മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ ഒക്ടോബർ പതിമൂന്നിന് വൈകുന്നേരം ആറു മണിക്ക് ആരംഭിച്ച ഈ സംഗീത വിരുന്ന് സമീപകാലത്തു ഹൂസ്റ്റൺ മലയാളികളുടെ ഇടയിൽ നടന്ന ഏറ്റവും സമ്പന്നമായ സംഗീത സദസ്സായിരുന്നു. ശ്രീനാരായണ ഗുരു മിഷന്റെ ധനശേഖരണാർദ്ധം സംഘടിപ്പിച്ച ഈ പരിപാടി സംഘാടക മികവ് കൊണ്ട് ഹൂസ്റ്റൺ മലയാളികൾക്കു ഓർമ്മയിൽ എന്നെന്നും കാത്തു സൂക്ഷിക്കാവുന്ന വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. വേണുനാഥും ദേവനന്ദ റജിയും ചേർന്നാലപിച്ച പ്രാർത്ഥനാഗീതത്തോടുകൂടി ആരംഭിച്ച പരിപാടിക്ക് പ്രോഗ്രാം കോർഡനേറ്റർ ഉണ്ണി മണപ്പുറത്തു സ്വാഗതം ആശംസിച്ചു.

ഓണാഘോഷ പരിപാടികൾക്കുശേഷം ഒന്നിനു പുറകെ ഒന്നായി നിരവധി സ്റ്റേജ് ഷോകൾ നടന്നിട്ടും ഹൂസ്റ്റൺ മലയാളി സമൂഹം ഈ ഷോയുടെ ടിക്കറ്റുകൾ ആവേശപൂർവം വാങ്ങിയും വ്യവസായികൾ സ്‌പോൺസർഷിപ്പുകൾ നൽകിയും ഇരുകയ്യും നീട്ടി സ്വീകരിച്ചത് തങ്ങളുടെ ആത്മവിശ്വാസം ആവേശപൂർണമാക്കി എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയായ ഉണ്ണി മണപ്പുറത്ത് പരാമർശിക്കുകയുണ്ടായി. ശ്രീനാരായണ ഗുരു മിഷന്റെ പ്രസിഡന്റ് അനിയൻ തയ്യിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റിയും ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പക്കേണ്ടതിന്റെ കാലിക പ്രസക്തിയെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

vachakam
vachakam
vachakam

പ്രസിഡന്റ് അനിയൻ തയ്യിൽ, അലി ഷെയ്ക്കാനി, ജെയിംസ് ഓലൂട്ടു, സുനിൽ ജോൺ കോര, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മിഷൻ സെക്രട്ടറി ഷൈജി അശോകൻ, ട്രഷറർ രാജീവ് തങ്കപ്പൻ, പ്രോഗ്രാം കോർഡനേറ്റർ ഉണ്ണി മണപ്പുറത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ വെച്ച് മുഖ്യ സ്‌പോൺസർമാരായ അലി ഷെയ്ക്കാനി, ജെയിംസ് ഓലൂട്ടൂ, സുനിൽ ജോൺ കോര, ഡോ. ജോജി ജോർജ്, ഉമ്മൻ വർഗീസ്, പോൾ അഗർവാൾ എന്നിവരെ ആദരിക്കുകയുണ്ടായി. ഇരുപത്തിഅയ്യായിരം ഡോളറിന്റെ ടിക്കറ്റ് വിൽക്കുകയും ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ് സംഘടിപ്പിക്കുകയും ചെയ്ത  വിനോദ് വാസുദേവനെ വിജയ് യേശുദാസും പതിനാറായിരം ഡോളറിന്റെ ടിക്കറ്റ് വിറ്റ ശ്രീലേഖാ ഉണ്ണിയെ സിതാര കൃഷ്ണകുമാറും പന്ത്രണ്ടായിരം ഡോളറിലധികം ടിക്കറ്റ് വിൽക്കുകയും സ്‌പോൺസർമാരെ കണ്ടെത്തുകാട്ടും ചെയ്ത അനിത മധുവിനെ നിരഞ്ചും വേദിയിൽ വെച്ച് ആദരിച്ചു.

പ്രോഗ്രാം കോർ കമ്മറ്റി അംഗങ്ങളായ ഉണ്ണി മണപ്പുറത്തു, മധു ചേരിക്കൽ, രേഷ്മാ വിനോദ്, സുബിൻ കുമാരൻ, ഷൈജി അശോകൻ, രാജീവ് തങ്കപ്പൻ, പ്രോഗ്രാംകമ്മറ്റി അംഗങ്ങളായ മനോജ് ഗോപി, പ്രകാശൻ ദിവാകരൻ, ഐടി ഉപദേഷ്ടാവ് സുജി വാസവൻ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. യുഎസ് കാപ്പിറ്റലയിസ് ഗുരു മിഷന് നൽകിയ 5000 ഡോളറിന്റെ ചെക്ക് ശ്രീലേഖ ഉണ്ണി, മിനി സുബിൻ എന്നിവരിൽ നിന്നും പ്രസിഡന്റ് അനിയൻ തയ്യിൽ ഏറ്റുവാങ്ങി. സ്‌പോൺസർഷിപ് ചെയർമാൻ വിനോദ് വാസുദേവൻ നന്ദിപ്രകടനം നടത്തുകയും വളരെ ചുരുങ്ങിയ സമയംകൊണ്ട് ലക്ഷ്യം വെച്ചതിന്റെ ഇരട്ടിയിലധികം തുക സമാഹരിക്കുവാൻ കയ്യയച്ചു സഹായിച്ച സ്‌പോൺസർമാരേയും ടിക്കറ്റുകൾ വാങ്ങി ഹാളിൽ നിറ സാന്നിദ്ധ്യമായ കലാപ്രേമികളെയെയും ഷോയുടെ വിജയത്തിനായി അഹോരാർത്ഥം പ്രവർത്തിച്ച ഗുരു മിഷന്റെ പ്രവർത്തകരെയും നന്ദിപൂർവം സ്മരിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ജോളി മനോജ്, ലീല ജയചന്ദ്രൻ, പുഷ്‌ക്കരൻ സുകുമാരൻ, ജയശ്രീ അനിരുദ്ധൻ,രാഹുൽ, അശോകൻ, ഗോപൻ മണികണ്ടശ്ശേരിൽ എന്നിവരും മിഷന് വേണ്ടി പ്രവർത്തിച്ചു. പ്രോഗ്രാമിന്റെ എം.സി ആയി നിറഞ്ഞാട്ടിയ രേഷ്മ വിനോദിന്റെ അവതരണ ശൈലി സദസ്യരെ ആവേശത്തിലാക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഉദ്ഘാടന ചടങ്ങുകൾക്കുശേഷം മെലഡിയിൽ തുടങ്ങിയ സംഗീത നിശ അധികം വൈകാതെ ആവേശത്തിന്റെ പരകോടിയിലെത്തി. പാട്ടിനൊത്തു നൃത്തം വച്ച സംഗീത പ്രേമികളുടെ ആവേശത്തിൽ മതിമറന്നു വിജയും, സിതുവും നിരഞ്ചും നാല് മണിക്കൂറോളം സദസ്സിനെ ഇളക്കി മറിച്ചു പാടിത്തിമിർത്ത ഈസംഗീത വിരുന്ന് ഹ്യൂസ്റ്റൺ മലയാളികൾക്ക് എന്നെന്നും ഓർമയിൽ ഓർക്കാൻ കഴിയുന്ന കലാവിരുന്നായിരുന്നു.

vachakam
vachakam
vachakam

രണ്ടു മാസത്തെ ഉണ്ണി മണപ്പുറത്തിന്റെയും വിനോദ് വാസുദേവന്റെയും സംഘാടകസമിതിയുടെയും അശ്രാന്ത പരിശ്രമത്തിയതിന്റെയും അർപ്പണബോധത്തിന്റെയും പൂർണതയിലെത്തി രാത്രി പത്തര മണിയോടെ സദിരുകഴിഞ്ഞു യവനിക വീണു സംഗീതശാലയിലാളൊഴിഞ്ഞു.

ശങ്കരൻകുട്ടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam