തമിഴ്‌നാട് രാഷ്ട്രീയത്തിലും കുടുംബവാഴ്ച മുൻനിരയിലേക്ക്

OCTOBER 16, 2024, 3:50 PM

തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ സൂപ്പർതാര പദവി രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ എം.ജി.ആറിനല്ലാതെ ഇതുവരെ മറ്റൊരു ചലച്ചിത്ര താരത്തിനും സാധിച്ചിട്ടില്ല. ജയലളിതക്ക് ആദ്യകാലങ്ങളിൽ ലഭിച്ച പിന്തുണ എം.ജി.ആറിന്റെ ജനകീയതയുടെ പ്രതിഫലനം മാത്രമായിരുന്നു. സിനിമ വിട്ടതിന് ശേഷം സമാന്തരമായ പ്രവർത്തനങ്ങളിലൂടെ നിർമ്മിച്ചെടുത്ത ജനകീയതയായിരുന്നു ജയലളിതയുടെ രാഷ്ട്രീയ അടിത്തറ. ഇനി വിജയ് ആ സ്ഥാനം കരസ്ഥമാക്കുമോ..?  അതോ, ഉദയനിധി സ്റ്റാലിൻ വിജയിയെ തറപറ്റിച്ച് തമിഴ്‌നാട് കീഴടക്കുമോ..? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിനായി നമുക്ക് കാത്തിരിക്കാം..!

മുത്തുവേൽ കരുണാനിധി എന്ന രാഷ്ടീയ വടവൃക്ഷത്തിന്റെ മൂന്നാം തലമുറയിലെ ശിഖിരമാണ് ഉദയനിധി സ്റ്റാലിൻ. വയസ്സ് 46. ഇപ്പോൾ തത്രപ്പെട്ട് ഉദയനിധി സ്റ്റാലിനെ മുന്നിലേക്ക് കൊണ്ടുവന്നതിൽ ഒരു പ്രധാന ലക്ഷ്യം നടൻ വിജയ് രാഷ്ടട്രീയ ഗോദയിലേക്കിറങ്ങുന്നതു തന്നെയാണ്. വിജയ് പുതുതലമുറയെ കൈയ്യിലെടുത്താൽ ഡിഎംകെയുടെ കാര്യം പരിങ്ങലിലാകും എന്ന വലിയ ആശങ്ക..! ഏതുവിധേനയും അതിന് തടയിടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പെട്ടെന്നുള്ള ഈ നീക്കം.

കരുണാനിധി അധികാരത്തിന്റെ തലപ്പത്തിരുന്നപ്പോഴൊന്നും ഇത്തരത്തിൽ മുൻനിരയിലേക്ക് തന്റെ മക്കളെയൊന്നും കൊണ്ടുവന്നിരുന്നില്ല. എന്നാൽ കേവലം അഞ്ചു സംവത്സരത്തിനിടയിലെ രാഷ്ടീയ പരിചയം മാത്രമുള്ള ഉദയനിധി സ്റ്റലിനെ ഉപമുഖ്യമന്ത്രിക്കസേരയിൽ ഉപവിഷ്ടനാക്കിയതിലൂടെ അല്പം ചീത്തപ്പേര് കേട്ടാലും വേണ്ടില്ല, അധികാരത്തിലിരിക്കുമ്പോഴേ ഇതൊക്കെ നടക്കുകയുള്ളൂ എന്ന മനോഭാവത്തിലാണ് സാക്ഷാൽ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ അണ്ണാദുരൈ തുടങ്ങിവെച്ച ചലച്ചിത്ര, രാഷ്ട്രീയ ബന്ധം ഊട്ടിയുറപ്പിച്ച് മുത്തുവേൽ കരുണാനിധിയും എം.ജി. രാമചന്ദ്രനും അധികാരത്തിലെത്തി. തമിഴ്‌നാടിന്റെ നവോത്ഥാന മുന്നേറ്റം വ്യക്തികേന്ദ്രീകൃതമായ തലത്തിലേക്കു ചുരുങ്ങിത്തുടങ്ങിയത് അക്കാലത്താണ്.
തന്റെ ഇമേജിനെ വോട്ടാക്കി മാറ്റുകയായിരുന്നു എം.ജി.ആർ ചെയ്തത്. താഴ്ന്ന ജാതിക്കാരുടെയും പട്ടിണിപ്പാവങ്ങളുടേയും വികാരങ്ങൾ, പ്രതിഷേധങ്ങൾ എന്നിവയൊക്കെയായിരുന്നു എം.ജി ആർ സിനിമകളിൽ നിഴലിച്ചു നിന്നത്.

vachakam
vachakam
vachakam

അവരുടെ ബലഹീനതകളെ മുതലെടുത്തുകൊണ്ടുള്ള ഇമേജ് നിലനിർത്തിയുള്ള രാഷ്ട്രീയപ്രവർത്തനം ഫലപ്രദമായി കൊണ്ടുപോയത് എം.ജി.ആറാണെന്നതിൽ സംശയമില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഗുണപരമായ ആശയങ്ങളൊന്നും പിൻതലമുറക്കാർ ഉൾക്കൊണ്ടില്ല എന്നതാണ് ഏറെ രസകരമായ സംഗതി. 1944ലിൽ പെരിയോർ മുന്നോട്ടുവച്ച ആശയത്തിന്റെ  അടിസ്ഥാനത്തിൽ ദ്രാവിഡ മുന്നേറ്റം സംഘടനാരൂപം കൊണ്ടത്. എന്നാൽ ഈ  പ്രസ്ഥാനത്തിനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേയും ജനകീയ രാഷ്ട്രീയത്തേയും അത് വേറിട്ടുതന്നെ കണ്ടിരുന്നു. യഥാർത്ഥ രാഷ്ട്രീയ മാറ്റങ്ങൾക്കു പലപ്പോഴും തടസ്സമാകുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നായിരുന്നു ആ സംഘടനയുടെ ഉറച്ച വിശ്വാസം.

എന്നാൽ കാലക്രമേണ, പ്രസ്ഥാനത്തിനകത്തു നിന്നുതന്നെ ഒരു വിഭാഗത്തിനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം ശക്തമായി. അഞ്ച് വർഷത്തിനുശേഷം, അവർ 1949ൽ ഡി.എം.കെ രൂപീകരിച്ചു. സിനിമയിലെ ജനസമ്മിതി രാഷ്ട്രീയാധികാരം നേടാനുള്ള എളുപ്പവഴിയാണെന്നു ആദ്യം തിരിച്ചറിഞ്ഞത് സി.എൻ. അണ്ണാദുരൈയാണ്. ദ്രാവിഡ ആശയങ്ങളിൽനിന്നു വ്യതിചലിച്ച് ഒത്തുതീർപ്പുകളിലൂടെ ഡി.എം.കെ അധികാരത്തിലുമെത്തി. കെ.ആർ. രാമസ്വാമിക്കൊപ്പം അവതരിപ്പിച്ച നാടകങ്ങളിലൂടെയാണ് ഡി.എം.കെ. പാർട്ടി ആസ്ഥാനത്തിനാവശ്യമായ പണം അണ്ണാദുരൈ സമാഹരിച്ചത്. പത്തോളം സിനിമകൾക്ക് അദ്ദേഹം കഥയും തിരക്കഥയുമെഴുതി. രാഷ്ട്രീയം കൃത്യമായി എത്തിക്കാനുള്ള വിനിമയമാർഗ്ഗം സിനിമയാണെന്നു തിരിച്ചറിഞ്ഞതും അദ്ദേഹമാണ്.

ദ്രാവിഡ രാഷ്ട്രീയത്തിലെ സിനിമാചരിത്രം തുടങ്ങുന്നത് അണ്ണാദുരൈയിൽ നിന്നാണ്. സ്റ്റാലിനടക്കം തമിഴകത്തിന്റെ മുഖ്യമന്ത്രിയായവർക്കെല്ലാം സിനിമാബന്ധമുണ്ട്. സ്‌ക്രീനിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അവർ തിളങ്ങി. കാലിടറി വീണവരുമുണ്ട്. എല്ലാ ജാതിവിഭാഗങ്ങൾക്കും സ്വീകാര്യനായ, പൊതുസ്വീകാര്യതയുള്ള വ്യക്തികൾ സിനിമാക്കാരാകുന്നത് സ്വാഭാവികം! രാഷ്ട്രീയസാധ്യതകൾ തേടി കമൽഹാസനും രജനീകാന്തുമിറങ്ങി. ഇപ്പോൾ വിജയ് കുടി വരുകയാണ്.  തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. ദ്രാവിഡം പേരിലില്ല. രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പതിവ് പ്രഖ്യാപനം പോലെ അഴിമതിക്കെതിരായ പോരാട്ടമാണ് ഇളയദളപതിയും ലക്ഷ്യമിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട്ടിൽ വിഭജന രാഷ്ട്രീയത്തിനെതിരേയും ജാതിരഹിത ഭരണസംവിധാനത്തിനുവേണ്ടിയും പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപനം.

vachakam
vachakam
vachakam

അണ്ണാദുരൈയുടെ പാതയാണ് ഏറെക്കുറെ കരുണാനിധിയും സ്വീകരിച്ചത്. ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ സാമൂഹിക ഘടനയെ വെല്ലുവിളിക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. ഓരോ സിനിമയിലൂടെയും അദ്ദേഹം ഒരു രാഷ്ട്രീയസന്ദേശം കൊടുത്തിരുന്നു. എഴുപതോളം തിരക്കഥകൾ അദ്ദേഹമൊരുക്കി. ദ്രാവിഡപ്രസ്ഥാനം ഉയർത്തിപ്പിടിച്ചിരുന്ന ആശയങ്ങളെ ഉൾക്കൊണ്ട് രാഷ്ട്രീയജീവിതം നയിച്ച ചുരുക്കം ചില നേതാവ് കൂടിയാണ് അദ്ദേഹം. അവസാനം വരെ അത്തരം അടയാളങ്ങൾ അദ്ദേഹം ഉപേക്ഷിച്ചതുമില്ല. എന്നാൽ, സിനിമ ഉപയോഗിച്ച് അധികാരം നേടി വിജയിച്ചയാൾ എം.ജി.ആറാണ്. താത്വികാടിത്തറയോ സംഘടനാബലമോ ഇല്ലാതെ എം.ജി.ആറിന്റെ പാർട്ടിക്കു നിലനിൽക്കാനാകില്ലെന്നാണ് കരുണാനിധിയും കരുതിയത്.

എന്നാൽ, പാർട്ടി കരുണാനിധിക്കൊപ്പവും പ്രവർത്തകർ എം.ജി.ആറിനൊപ്പവും നീങ്ങി. പാർട്ടിയുടെ താത്വിക നിലപാട് ചോദിച്ചവരോട് അത് അണ്ണായിസമാണെന്ന് എം.ജി.ആർ പറഞ്ഞു. ഗാന്ധിസം, കമ്യൂണിസം, ക്യാപിറ്റലിസം ഈ മൂന്ന് ഇസങ്ങളുടേയും നല്ലവശം ചേർന്നാൽ അണ്ണായിസമായി എന്നതായിരുന്നു എം.ജി.ആറിന്റെ മറുപടി. ഹിന്ദുവിരുദ്ധ സമരങ്ങളോടും ദൈവനിഷേധത്തോടും എം.ജി.ആർ വലിയ താല്പര്യം കാണിച്ചില്ല. എ.ഡി.എം.കെയെ പിന്നീട് എ.ഐ ചേർത്ത് എ.ഐ.എ.ഡി.എം.കെ എന്നു പേരുമാറ്റിയത് പാർട്ടിയുടെ ദേശീയ പ്രതിച്ഛായ ലക്ഷ്യമിട്ടായിരുന്നു.

ഡി.എം.കെ, എ.ഐ.ഡി.എം.കെ എന്നീ രണ്ട് പാർട്ടികൾക്കു മേധാവിത്വമുള്ള നാടാണ് തമിഴ്‌നാട് രാഷ്ടീയത്തിലേക്കാണ് നടൻ വിജയിയുടെ വരവ്.    2024ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ കോൺഗ്രസ് സഖ്യത്തിനാണ് മേൽക്കൈ. എൻ.ഡി.എ മുന്നണി ഉപേക്ഷിച്ച എ.ഐ.ഡി.എം.കെ പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കെ. അണ്ണാമലയാണ് ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ മുഖം. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി, ജയലളിതയുടെ മരണത്തോടെ പിളർപ്പിലൂടെ ശക്തിക്ഷയിച്ച എ.ഐ.എ.ഡി.എം.കെ, കാര്യമായ എതിരാളികളില്ലാത്ത ഡി.എം.കെ, വേരുറപ്പിക്കാൻ കഴിയാത്ത കമൽഹാസൻ, ഡി.എം.കെക്കൊപ്പം ചേർന്ന് അസ്തിത്വം വീണ്ടെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സും ഇടതുപാർട്ടികളും.

vachakam
vachakam
vachakam

ഇതാണ് മൊത്തതിലുള്ള രാഷ്ട്രീയചിത്രം. രാഷ്ട്രീയത്തിലിറങ്ങാൻ വിജയ്യ്ക്ക് ഇതിലും മികച്ച അവസരമില്ല. ബി.ജെ.പി ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന വിജയിയുടെ രാഷ്ട്രീയശക്തി തെളിയിക്കേണ്ടിയിരിക്കുന്നു. ഡി.എം.കെയാണ് വിജയിയുട മുഖ്യഎതിരാളി. അങ്ങനെ വരുമ്പോൾ ഉദയനിധി സ്റ്റാലിനും വിജയിയും തമ്മിലുള്ള പോരാട്ടമാകും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നടക്കുക. അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോൾ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല. പെരിയോർ, കാമരാജ്, അംബേദ്കർ, എ.പി.ജെ അബ്ദുൾകലാം എന്നിവരെ രാഷ്ട്രീയ ഐക്കണുകളായി ഉയർത്തിക്കാട്ടുന്ന വിജയിയോട് ഏറ്റുമുട്ടേണ്ടത് ഉദയനിധിയാണ്. അതിനുള്ള കോപ്പുകൂട്ടുകയാണ് ഇരു പാർട്ടികളും.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam