ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ അടച്ചുപൂട്ടും

APRIL 23, 2025, 1:50 PM

ന്യൂയോര്‍ക്ക്: വിദേശനയത്തില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങളുമായി ട്രംപ് ഭരണകൂടം. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുനസംഘടനയുടെ ഭാഗമായി ആഫ്രിക്കയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ആഫ്രിക്കയിലെ യുഎസ് എംബസികളെല്ലാം അടച്ചുപൂട്ടാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമെന്ന് ഈ ആഴ്ച ആദ്യം ഒപ്പുവെക്കാന്‍ പോകുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സബ് സഹാറന്‍ ആഫ്രിക്കയിലുടനീളമുള്ള എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ആഫ്രിക്കന്‍ അഫയേഴ്സ് അടച്ചുപൂട്ടാനുമാണ് തീരുമാനം. നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പകരമായി നയതന്ത്രപ്രതിനിധികളുടെ ചെറിയ ഓഫീസുകള്‍ രൂപീകരിക്കും. ഈ ഓഫീസുകള്‍ നേരിട്ട് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. തീവ്രവാദ വിരുദ്ധ ഏകോപനം പോലുള്ള പരിമിതമായ മുന്‍ഗണനകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുമായ സംവിധാനമായിരിക്കും ഈ ഓഫീസുകള്‍.

ആഫ്രിക്കയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഈ പുനസംഘടനയെന്നാണ് ലഭിക്കുന്ന വിവരം. തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത 16 പേജുള്ള കരട് ഉത്തരവില്‍ മുഴുവന്‍ വകുപ്പിന്റെയും പുനസംഘടനയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 'അമേരിക്ക ഫസ്റ്റ് സ്ട്രാറ്റജിക് ഡോക്ട്രിന്‍' എന്ന ഭാഗത്താണ് വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഉത്തരവിനെ അവലോകനം ചെയ്തുകൊണ്ട് സിഎന്‍ബിസി പറയുന്നു.

ആഫ്രിക്കയിലെ എംബസികളുടെ അടച്ചുപൂട്ടലിനുപുറമേ കാനഡയിലെ നയതന്ത്ര സാന്നിധ്യവും യുഎസ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ കീഴിലുള്ള നോര്‍ത്ത അമേരിക്കന്‍ അഫയോഴ്സ് ടീമിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റും. ഇതും ചെറിയ ടീമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. പ്രാദേശിക ബ്യൂറോകളെ നാല് സേനാവിഭാഗങ്ങളായി ഏകീകരിക്കും. ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീകളുടെ പ്രശ്നങ്ങള്‍, കുടിയേറ്റം, കാലാവസ്ഥാ നയം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതുള്‍പ്പെടെ നിരവധി ഓഫീസുകളും പ്രോഗ്രാമുകളും പൂര്‍ണമായും അടച്ചപൂട്ടും.

ദീര്‍ഘകാലമായി നിലനിന്നിരുന്ന ഫോറിന്‍ സര്‍വീസ് ഓഫീസര്‍ ടെസ്റ്റ് അവസാനിപ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പകരം പ്രസിഡന്റിന്റെ വിദേശ നയ കാഴ്ച്ചപ്പാടുമായി ചേര്‍ന്നുപോകുന്ന മനോഭാവം നോക്കി സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്ന ഒരു പുതിയ മൂല്യനിര്‍ണയ രീതി കൊണ്ടുവരാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

പുതിയ മാറ്റങ്ങള്‍ അനുസരിച്ചുകൊണ്ട് പുതിയ സംവിധാനത്തിനുകീഴില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്ത നയതന്ത്രജ്ഞര്‍ക്കും സിവില്‍ സര്‍വീസുകാര്‍ക്കും ഇതില്‍ നിന്നും പുറത്തുകടക്കാനുള്ള അവസരവും ട്രംപ് ഭരണകൂടം തുറന്നിട്ടിട്ടുണ്ട്. ഒറ്റത്തവണ വിടവാങ്ങല്‍ പരിപാടിയിലൂടെ ഇവര്‍ക്ക് പിരിഞ്ഞുപോകാം. സെപ്റ്റംബര്‍ 30 വരെയാണ് ഈ അവസരം തിരഞ്ഞെടുക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. ഒക്റ്റോബര്‍ ഒന്നിനുള്ളില്‍ പൂര്‍ണ്ണമായ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

എന്നാല്‍, ഉത്തരവ് സംബന്ധിച്ച് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സിലോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam