ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെ ലക്ഷ്യം വെച്ചുള്ള ശക്തമായ നയതന്ത്ര നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് നിര്‍ണായക തീരുമാനങ്ങള്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
സിന്ധു നദീജല കരാര്‍ പ്രകാരം പ്രതിവര്‍ഷം 39 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് നല്‍കുന്ന ഉടമ്പടി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള, നദീജലം പങ്കിടുന്നതിനെ നിയന്ത്രിക്കുന്ന ഈ ഉടമ്പടി, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലും സഹകരണത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരത്തിനും ആളുകള്‍ തമ്മിലുള്ള ബന്ധത്തിനും നിര്‍ണായകമായ അട്ടാരി-വാഗ അതിര്‍ത്തി ഉടനടി അടച്ചുപൂട്ടും.
പാകിസ്ഥാന്‍ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇതില്‍ വിസ സേവനങ്ങളും അതിര്‍ത്തി കടന്നുള്ള യാത്രാ പെര്‍മിറ്റുകളും ഉള്‍പ്പെടുന്നു.
ന്യൂഡെല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിയമിക്കപ്പെട്ട എല്ലാ സൈനിക ഉപദേഷ്ടാക്കളെയും പുറത്താക്കി. ഇത് സൈനിക നയതന്ത്ര ഇടപെടലില്‍ തരംതാഴ്ത്തലിന്റെ സൂചനയാണ്. ന്യൂഡെല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറയ്ക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. നിലവില്‍ 55 ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്