ഒടുവിൽ പാപിയുടെ കൂടെ ശിവനല്ല, സാക്ഷാൽ ഇ.പി. ജയരാജൻ കൂടിയതോടെ ഈപ്പിയും കൊടിയ പാപിയായിരിക്കുന്നു. ഇനി മാനസാന്ദ്രപ്പെട്ടട്ടോ, കുമ്പസാരിച്ചട്ടോ, കുംഭകുലുക്കിയട്ടോ ഫലമില്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നും പടിയിറങ്ങി. എന്തായാലും ചരിത്രത്തിലാദ്യമായാണ് സി.പി.എം പാർട്ടിസമ്മേളനത്തിനുമുമ്പ് ഇതുപോലൊരു നടിപടി വരുന്നത്. അല്ലാ ഈപ്പിച്ചാരുടെ ശുദ്ധഗതികൊണ്ട് എത്രയെത്ര സ്‌നേഹിതന്മാരെയാണ് ഇതിനകം ഇണ്ടാക്കിയെടുത്തത്. താമ്രപത്രം കൊടുത്ത് തട്ടിൻപുറത്തിരുത്തേണ്ട വിലപിടിപ്പുള്ള ഈ ഉരുപ്പടിയെ ഇങ്ങനെ പടിക്കുപുറത്തേക്ക് പറഞ്ഞുവിടുന്നത് കണ്ണിൽചോരയില്ലാത പണിതന്നെ..!
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ, കരിമണൽ കർത്ത, ദല്ലാൾ നന്ദകുമാർ, രാജീവ് ചന്ദ്രശേഖർ, പ്രകാശ് ജാവഡേക്കർ... ഇങ്ങനെ എണ്ണംപറഞ്ഞവരാണെല്ലാവരും. ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് മുമ്പേ പറഞ്ഞുവച്ചതാണ് മുഖ്യമന്ത്രി പിണറായ് വിജയൻ. അന്നൊരുനാൾ സി.പി.എമ്മിന്റെ എറണാകുളം സമ്മേളനത്തിൽ എം.വി. രാഘവൻ ഒരുഗ്രൻ രേഖ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചത് ഓർക്കുന്നുണ്ടോ..? അത് കേരള രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് എം.വി. രാഘവൻ സി.പി.എമ്മിൽനിന്ന് ക്ലീൻ ഔട്ട്..!
കണ്ണൂരിൽ എം.വി. രാഘവൻ സി.പി.എമ്മിനാൽ കായികമായും മാനസീകമായും രാഷ്ട്രീയമായും ആക്രമിക്കപ്പെട്ടു. കോൺഗ്രസിനെ നേരിടാൻ മുസ്ലിംലീഗിനെ കൂട്ടണമെന്നു പറഞ്ഞ് രേഖ അവതരിപ്പിച്ച എം.വി. രാഘവൻ പിന്നീട് കോൺഗ്രസിന്റെ സംരക്ഷണ വലയത്തിനകത്തുനിന്ന് സി.പി.എമ്മിനെതിരെ ആഞ്ഞുവെട്ടിക്കൊണ്ടിരുന്നതൊക്കെ ചരിത്രവും ഭൂമിശാസ്തരവുമൊക്കെ പഠിച്ചവർക്കറിയാം. ഈ രാഘവൻ ആദ്യം മത്സരിച്ചത് അഴീക്കോട് മണ്ഡലത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ നേരിടാൻ സി.പി.എം നയോഗിച്ച ഗാട്ട ഗുസ്തി ഫയൽവാനായിരുന്നു ഇ.പി. ജയരാജൻ.
1987ൽ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റുകൂടിയായിരുന്നു ജയരാജൻ. നിർഭാഗ്യവശാൽ നിർണായക തിരഞ്ഞെടുപ്പിൽ രാഘവൻ ഇ.പിയെ ഇരുട്ടടിയിച്ച് ഇരുത്തിക്കളഞ്ഞു. ഇതുകഴിഞ്ഞാണ് 1995 ൽ ഇ.പി. ജയരാജൻ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് വരുന്നതിനിടയിൽ വെടിയേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ട വീരകഥ സി.പി.എമ്മിലെ നവ പാണന്മാർ നാനാവിധം പാടിക്കൊണ്ടു നടന്നിരുന്നു ഒരു കാലത്ത്. എന്നപ്പോഴതിന് വേണ്ടത്ര മാർക്കറ്റില്ലേ. എന്നതു വേറേ കാര്യം!
ആക്രമണത്തിനുപിന്നിൽ രാഘവനും സുധാകരനും ഏർപ്പെടുത്തിയ ഗുണ്ടാ സംഘമാണെന്നാണ് ആരോപണം. അന്ന് രാഘവൻ മന്ത്രിയായിരുന്നു. തന്നെ ഇതിനുശേഷം സംരക്ഷിച്ചതാണെന്ന് സുധാകരൻ പിന്നീട് പറയുകയും ചെയ്തു. ആ ആക്രമണത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ജയരാജനിലുണ്ട്. പാർട്ടിയിലെ അനാശാസ്യപ്രവണതകൾക്കെതിരെ, കളങ്കിത വ്യക്തിത്വങ്ങളുമായുള്ള സൗഹാർദങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് ധാർമികത ബോധ്യപ്പെടുത്താനായിരുന്നു പണ്ട് പാലക്കാട് സി.പി.എം പ്ലീനം ചേർന്നത്. എന്നാൽ ഇത്തരം 'ആശയവാദ'പരമായ കാര്യങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടോ എന്തോ, പ്ലീനം കഴിയുന്ന ദിവസം തന്നെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ആശംസ പാർട്ടി പത്രം ദേശാഭിമാനി തികഞ്ഞ ദേശാഭിമാനബോധത്തോടെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. അന്ന് ഇ.പി. ജയരാജനായിരുന്നു ജനറൽ മാനേജർ.
ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായി. എന്നാൽ ബന്ധു നിയമനമെന്ന ആരോപണം കുത്തിപ്പൊക്കി പ്രശ്‌നമുണ്ടാക്കിയതോടെ രാജിവെച്ചു. പിന്നീട് വിജിലൻസ് കുറ്റമുക്തനാക്കിയതോടെ മന്ത്രിസഭയിൽ തിരിച്ചെത്തി. എന്നാൽ തുടർച്ചയായ രണ്ടു തവണയിൽ കൂടുതൽ മത്സരം വേണ്ടെന്ന് പാർട്ടി തീരുമാനം ജയരാജനും വീണ്ടും വിനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിലുള്ള വിമ്മിഷ്ടം തുറന്നുപറയാനുള്ള ആർജവവും അദ്ദേഹം കാണിച്ചുവെന്നോർക്കണം. അന്നൊക്കെ ഇ.പി. രാഷ്ട്രീയം അപ്പാടെ ഉപേക്ഷിച്ച് വനവാസത്തിനുപോകുമെന്നുപോലും തല്പരകക്ഷികൾ തട്ടിവിട്ടിരുന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണന്റെ കാലശേഷം എം.വി. ഗോവിന്ദൻ സെക്രട്ടറിയായതു മുതൽ ഏറെക്കാലം അദ്ദേഹം സജീവപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു എന്നത് നേരാണ്. അക്കാലത്താണ് ബി.ജെ.പിയുമായി ചർച്ച നടത്തിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ അന്വേഷണാത്മക റിപ്പോർട്ട്.
അതിലെ വസ്തുത എന്തായാലും താൻ ജാവഡേക്കറെ കണ്ടുവെന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി. വെളിപ്പെടുത്തിയിരിക്കുന്നു. അതിനെതിരെ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാനും മടിച്ചില്ല. മറ്റൊരു പാർട്ടിയിലെ നേതാവുമായി മകന്റെ ഫ്‌ളാറ്റിൽ വെച്ച് ചായകുടി നടത്തിയെന്ന് ഇ.പി പറഞ്ഞതോടെ സി.പി.എം പഴയ സി.പി.എം ആയിരുന്നെങ്കിൽ അന്നേ ചീട്ടുകീറയേനെ. ഇതിനിടെ ഇ.പിയ്ക്കും ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം ആയുർവേദ റിസോർട്ട്. ഒടുവിൽ ആ റിസോർട്ട് നടത്തിപ്പ് ചുമതല ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമായ റിട്രീറ്റ്‌സിന് തന്ത്രപരമായി കൈമാറിയിരുന്നു. ഇനി അതെല്ലാം ഈണത്തിൽ തിരിച്ചുപിടിക്കാനുള്ള സൂത്രപ്പണിയുമായി നമുക്ക് ഈപ്പിയെ കാണാനായാലും അതിശയമില്ല.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്