അങ്ങിനെ 18-ാം ലോക്‌സഭ സ്പീക്കറായി തെരഞ്ഞെടുത്ത ഓം പ്രകാശ് ബിർലയ്ക്ക് ഇത് രണ്ടാമൂഴം. ഓം ബിർലയുടെ പ്രവർത്തി പരിചയം സർക്കാരിനെ അടുത്ത അഞ്ച് വർഷം മുന്നോട്ട് നയിക്കാൻ സഹായിക്കുമെന്നു പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിച്ച് പറഞ്ഞതോടെ എന്തായാലും ഒരു കാര്യം ഉറപ്പായി. സ്പീക്കർക്കിനി നിത്യേന തലവേദനയും ചെന്നികുത്തും ഉറപ്പായി. ഓാം ശാന്തി... ഓാം ബിർല ശാന്തി എന്നല്ലാതെന്തു പറയാൻ..!
ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദവും ഉയർന്നു കേൾക്കാൻ സാഹചര്യം ഉണ്ടാക്കണം എന്നായിരുന്നു ഓം ബിർലയെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത്. അപ്പോൾ വളിച്ചതും ഇളിഞ്ഞതുമായൊരു ചിരിപോലൊന്നു സ്പീക്കറിന്റെ മുഖത്ത് വിരിഞ്ഞു. രൗദ്രഭാവമാണ് മോദിയുടേയും അമിട്ട്ഷായുടേയും മുഖത്ത് വിരിഞ്ഞത്.
പൊടുന്നനെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ബിർളയ്ക്ക് ലഭിച്ചതിന്റെ പിന്നിലെ കഥ രസകരമാണ്. നാല് പാർലമെന്റംഗങ്ങളുള്ള മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി ബിർളയ്ക്ക് വോട്ടു ചെയ്തുകൊണ്ട് ഞങ്ങളെ ഉപദ്രവിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചന്ദ്രനായിഡുവിനെ ഒന്നു തടുത്തു നിർത്തണേ എന്നപേക്ഷിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശത്തുടനീളമുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഓഫീസുകൾക്ക് നൽകിയ പൊളിക്കൽ നോട്ടീസുകൾക്ക് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സംഗതി അത്ര പന്തിയല്ല. പുതിയ ടിഡിപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കടപ്പ, ഗുണ്ടൂർ, രജേശ്വരി നഗർ, നെല്ലൂർ, രാജമഹേന്ദ്രവാരം, ശ്രീകാകുളം, വിശാഖപട്ടണം, അനന്തപൂർ, കുർണൂൽ ജില്ലകളിലെ മുനിസിപ്പൽ കോർപ്പറേഷനുകൾ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജൂൺ 24ന് പാതി പണിത പാർട്ടി ഓഫീസുകൾ പൊളിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഓം ബിർള അത്ര മോശക്കാരനൊന്നുമല്ല. ശ്രീകൃഷ്ണ ബിർളയുടെയും ശകുന്തള ദേവിയുടെയും മകനായി ഒരു ബനിയ ഹിന്ദു കുടുംബത്തിലാണ് ഓം ബിർള ജനിച്ചത്. കോട്ടയിലെ ഗവൺമെന്റ് കെമേഴ്‌സ് കോളേജിൽ നിന്നും അജ്മീറിലെ മഹർഷി ദയാനന്ദ സരസ്വതി യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയവനാണ്. രാഷ്ട്രീയം തലയ്ക്കുപിടിക്കാൻ വീണ്ടും സമയമെടുത്തു.
2003ൽ കോട്ട സൗത്തിൽ നിന്ന് മത്സരിച്ചാണ് ഓം ബിർള ആദ്യമായി നിയമസഭയിലെത്തി. വീണ്ടും 2008ൽ 24,300 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2013ൽ ആകട്ടെ 50,000 വോട്ടുകൾക്കാണ് വിജയിച്ചുകയറിയത്. കഴിഞ്ഞ പാർലമെന്റിൽ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായതിനാൽ സ്പീക്കർ ബിർള ഒരു മൃഗരാജനെപ്പോലെ ചീറിയമറിക്കൊണ്ടിരുന്നു. പ്രതിപക്ഷത്തെ മൃഗീയമായിത്തന്നെ ചവിട്ടിയരക്കാൻ ചുടലനൃത്തമാടുകയായിരുന്നു.
17-ാം ലോക്‌സഭയുടെ കാലത്ത് വിവാദമായ നിരവധി തീരുമാനങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു ബി.ജെ.പിക്കാരുടെ ഈ വിരശൂര കട്ടബൊമ്മൻ. പ്രതിപക്ഷ അംഗങ്ങളെ നിരവധി തവണ സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ ഗിന്നസ് ബുക്കിന്റെ പടിവാതിലിലെത്തിയിരുന്നു.
എന്നാലിക്കുറി സടകൊഴിഞ്ഞ സിംഹമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് രാഹുൽ ഗാന്ധിയും കൂട്ടരും. പഴയ പപ്പുവല്ല താനെന്ന് തെളിയിക്കേണ്ട ബാധ്യത കൂടി രാഹുലിനുണ്ട്.അതിന് കെട്ടുകണക്കിന് ജനകീയ പ്രശ്‌നങ്ങൾ രാഹുലിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇനി മൃഗാധിപത്യം നടക്കില്ലെന്നും ജനാധിപത്യം പുലരുമെന്നും നമുക്കാശ്വസിക്കാം. ഓാം ശാന്തി... ഓം ബിർള ശാന്ത ശാന്തി...! എന്ന മന്ത്രവും നമുക്ക് ജപിക്കാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്