അടുത്ത പ്രധാനമന്തി നരേന്ദ്ര മോദിയാണെങ്കിലും അതുക്കുമേലയുള്ള മേലാളൻ സാക്ഷാൽ ചന്ദ്രബാബു നായിഡുവാണ്. അതേ തെലുങ്കുദേശം പാർട്ടി നേതാവ് നായിഡു തന്നെ. ഭക്തിയുടെ സിരീകേന്ദ്രമായ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് 1950 ഏപ്രിൽ 20ന് ഈ പുമാൻ ഭൂജാതനായത്. ഒന്നുകിൽ ഭക്തി, അല്ലെങ്കിൽ യുക്തി ഇവയിലേതെങ്കിലുമൊന്നിന്റെ ബലത്തിൽ നാടിന്റെ നായകസ്ഥാനത്തെത്തുമെന്നാണ് ജാതകവശാൽ കാണുന്നത്.
കൃഷിക്കാരായ നര ഖർജുര നായിഡുവിന്റെയും ഭാര്യ അമാനമ്മയുടെയും മകനാണെങ്കിലും രാഷ്ടീയ കൃഷിയിലായിരുന്നു ചെറുപ്പം മുതലേ കമ്പം. ഇമ്പം കോൺഗ്രസുകാരുടെ ചെയ്തികളിലും. അതുകൊണ്ടുതന്നെ 25-ാം വയസ്സിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്നു. പുളിച്ചേരള പ്രാദേശിക ചാപ്റ്ററിന്റെ പ്രസിഡന്റായി. 1975ൽ അടിയന്തരാവസ്ഥ നിലവിൽ വന്നതിന് ശേഷം സഞ്ജയ് ഗാന്ധിയായി ഇഷ്ടന്റെ ഇഷ്ടനേതാവ്. അതുകൊണ്ടെന്താ, 28-ാം വയസ്സിൽ ചന്ദ്രഗിരി മണ്ഡലത്തിലെ എംഎൽഎയായി രൂപാന്തരം പ്രാപിച്ചു.
അവിടംകൊണ്ടും തീർന്നില്ല, സഞ്ജയ് ഭക്തി ഒന്നുകൊണ്ടു മാത്രം അതേ വർഷം, ടി. അഞ്ജയ്യയുടെ സർക്കാരിൽ മന്ത്രിക്കസേരയും തരപ്പെട്ടു. അക്കാലത്ത് ആന്ധ്രാപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും മന്ത്രിയുമായി അങ്ങ് വിലസാൻ തുടങ്ങി. സാംസ്‌ക്കാരിക വകുപ്പ് കിട്ടിയതുകൊണ്ട് ചിന്നമന്ത്രി സിനിമാക്കാരോട് കൂടുതൽ അടുപ്പമുണ്ടാക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു.
അങ്ങിനെ പ്രശസ്ത തെലുങ്ക് സിനിമാതാരം എൻ.ടി. രാമറാവുവുമായി നായിഡു അടുപ്പമുണ്ടാക്കി. ആ ബന്ധം വഴി റാവുവിന്റെ രണ്ടാമത്തെ മകൾ ഭുവനേശ്വരിയെ വിവാഹം കഴിച്ചു. പിന്നെ അമ്മായിഅച്ഛനെ രാഷ്ട്രീയത്തിന്റെ ശീതളഛായയിലേക്ക് മാടിവിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാതെ പുതിയൊരു പാർട്ടി ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. അങ്ങിനെ 1982ൽ എൻ.ടി. രാമറാവു തെലുങ്കുദേശം പാർട്ടി രൂപീകരിച്ചു, അപ്പോഴും നായിഡു കോൺഗ്രസിൽ നിന്നു പിടിവിട്ടില്ല.
അമ്മായിയച്ഛന് ക്ലച്ച് പിടിക്കാതെ വന്നാലും തനിക്കൊരു പിടിവള്ളി വേണമല്ലൊ..! അങ്ങിനെ ചന്ദ്രബാബു നായിഡു 1983ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പി സ്ഥാനാർഥിയോട് തന്നെ മത്സരിക്കാനിറങ്ങി. പക്ഷേ, അതൊരു പരാജയമായിരുന്നു. പിന്നൊന്നും നോക്കിയില്ല സധൈര്യം തെലുങ്കുദേശത്തിൽ കയറിക്കൂടി. വിരോധാഭാസമെന്നു പറയട്ടെ, ഒടുവിൽ സ്വന്തം അമ്മായിയപ്പൻ രാമറാവുവിനെ തന്നെ അട്ടിമറിച്ച് 1995ൽ നായിഡു മുഖ്യമന്ത്രിയായി. 1999ൽ വീണ്ടും അധികാരത്തിൽ കയറി. വിവരസാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യ വികസനത്തിലും മുൻഗണന നൽകുന്നുവെന്ന വ്യാജേന ഹൈദരാബാദിനെ മുൻനിർത്തി ടെക്‌നോളജിക്കൽ വിപ്ലവത്തിന്റെ പ്രതീതിയുണ്ടാക്കാൻ, മുഖ്യമന്ത്രിയെന്ന നിലയ്ക്ക് നായിഡു കിണഞ്ഞുശ്രമിച്ചു.
ആധുനിക ഹൈദരാബാദിന്റെ ശിൽപ്പിയെന്ന് അദ്ദേഹം സ്വയം അവകാശപ്പെടാൻ തുടങ്ങി. എന്നാൽ 2004ലും 2009ലും കോൺഗ്രസ് പകരം വീട്ടി, അധികാരം തിരിച്ചുപിടിച്ചു. 2014ൽ ആന്ധ്രപ്രദേശ് വിഭജനം. തൊട്ടുപുറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജനസേന പാർട്ടി എന്നിവക്കൊപ്പം മത്സരിച്ച ടി.ഡി.പിക്ക് ഭരണം ലഭിച്ചു, നായിഡു മൂന്നാം തവണയും മുഖ്യമന്ത്രിയായി. ലോക്‌സഭയിൽ 16 സീറ്റുമായി ആദ്യ മോദി മന്ത്രിസഭയിൽ അംഗവുമായി.
പുതുതായി രൂപീകരിക്കപ്പെട്ട ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോർഡും നായിഡുവിനാണ്. എന്നാൽ പിന്നീട് നരേന്ദ്രമോദിയുമായുള്ള തർക്കത്തെ തുടർന്ന് സഖ്യം ഉപേക്ഷിച്ചിരുന്നു. ശേഷം പത്തു വർഷങ്ങൾക്കിപ്പുറം ഗംഭീര തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു സർവ്വാധിപതിയായിരിക്കുന്നു. എൻ.ഡി.എയ്ക്ക് ഹാട്രിക് ഭരണമുറപ്പിക്കുന്നതിനും പ്രധാനമന്ത്രിയായി നരേന്ദ്ര മോദിക്ക് തുടരുന്നതിനും ടി.ഡി.പി പിന്തുണ അനിവാര്യമാകുന്ന രാഷ്ട്രീയ സാഹചര്യം സംജാതതമായിരിക്കുന്നു. ഇനിയാണ് പൂരം തുടങ്ങുന്നത്..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്