ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33 ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.
നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടങ്ങിവരവില്‍ നിര്‍ണായകമായ ഫാൽക്കണ്‍ 9 റോക്കറ്റിൽ നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്‍റെ പ്രധാന ലക്ഷ്യം. ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും.
കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്ന് അത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്