ന്യൂയോർക്ക്: സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ സിഇഒ ടിം കുക്ക്. ആളുകൾ ഐഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും പകരം യഥാർത്ഥ ലോകത്തെ അനുഭവിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ അഡിക്ഷനും 'ഡൂംസ്ക്രോളിംഗും' (Doomscrolling) ആഗോളതലത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ടിം കുക്കിന്റെ ഈ പ്രതികരണം.
'ഗുഡ് മോർണിംഗ് അമേരിക്ക'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടിം കുക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്. "ആളുകൾ ഐഫോണുകൾ അമിതമായി ഉപയോഗിക്കുന്നത് എനിക്ക് താല്പര്യമില്ല. അൽഗോരിതങ്ങൾക്ക് അടിമപ്പെട്ട് സോഷ്യൽ മീഡിയയിൽ അനന്തമായി സ്ക്രോൾ ചെയ്ത് സമയം കളയരുത്."
സ്മാർട്ട്ഫോൺ സ്ക്രീനിലേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ സമയം പ്രകൃതിയിലും സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം ചെലവഴിക്കണം. മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്നതിന് പകരം ഫോണിലേക്ക് നോക്കിയിരിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഏകാന്തത, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുമെന്ന് അടുത്തിടെ പുറത്തുവന്ന പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലെ സ്മാർട്ട്ഫോൺ അമിത ഉപയോഗം ശ്രദ്ധക്കുറവിനും ഉറക്കമില്ലായ്മയ്ക്കും കാരണമാകുന്നുണ്ടെന്ന് ഇന്ത്യയുടെ 'ഇക്കണോമിക് സർവേ 2025-26' മുന്നറിയിപ്പ് നൽകിയിരുന്നു.
സ്പെയിൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ കർണാടകയും സമാനമായ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
