പാസ്‌വേഡുകള്‍ മറന്നുപോകുന്നത് മൂലവും മുന്‍പ് നല്‍കിയ ഫോണ്‍ നമ്പറുകളോ റിക്കവറി ഇമെയിലുകളോ ലഭ്യമാകാത്തതിനാലും ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വലയുന്ന ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. അക്കൗണ്ട് ഉടമയുടെ വ്യക്തിത്വം ഉറപ്പുവരുത്താന്‍ സെല്‍ഫി വീഡിയോ ഉപയോഗിക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ പുതുതായി പുറത്തിറക്കിയിരിക്കുന്നത്.
നിര്‍മിത ബുദ്ധിയുടെ കാലത്ത് വ്യാജ വിഷ്വലുകളും ഡീപ്പ്‌ഫേക്കുകളും ഉപയോഗിച്ചുള്ള അക്കൗണ്ട് ഹാക്കിങ് തടയാന്‍ തത്സമയ ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴി ഇതിലൂടെ സാധിക്കും. ഫോണിലെ ഫേസ് അണ്‍ലോക്ക് സംവിധാനത്തിന് സമാനമായി ക്യാമറയില്‍ നോക്കി നിര്‍ദേശങ്ങള്‍ അനുസരിച്ച് തല വിവിധ വശങ്ങളിലേക്ക് ചലിപ്പിച്ചാണ് എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇങ്ങനെ മുന്‍കൂട്ടി സേവ് ചെയ്തുവെക്കുന്ന റഫറന്‍സ് വീഡിയോയുടെ സഹായത്തോടെയാണ് പീന്നീട് ലോഗിന്‍ തടസ്സപ്പെടുന്ന സാഹചര്യങ്ങളില്‍ ഐഡന്റിറ്റി ബോധ്യപ്പെടുത്തേണ്ടത്.
വീണ്ടെടുക്കല്‍ വേളയില്‍ ഉപയോക്താവ് തത്സമയം നല്‍കുന്ന പുതിയ സെല്‍ഫി വീഡിയോ, സിസ്റ്റം മുന്‍പ് സൂക്ഷിച്ച വീഡിയോയുമായി താരതമ്യം ചെയ്യുകയും കൃത്യത ഉറപ്പാക്കി അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. ലോഗിന്‍ സുരക്ഷയില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ കര്‍ശനമായ പ്രതിരോധ പാളികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെക്കോര്‍ഡ് ചെയ്ത പഴയ വീഡിയോകളോ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ദൃശ്യങ്ങളോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ സിസ്റ്റം തിരിച്ചറിയും. ഇതിനായി ലോഗിന്‍ സമയത്ത് തത്സമയം ഉപയോക്താവിനോട് പ്രത്യേക രീതിയിലുള്ള ചലനങ്ങള്‍ ആവശ്യപ്പെടുകയും, റെക്കോര്‍ഡിങ് ലൈവ് ആണെന്ന് പൂര്‍ണമായി ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിലും ഗൂഗിള്‍ വ്യക്തത വരുത്തുന്നുണ്ട്. പൂര്‍ണ സമ്മതത്തോടെ മാത്രമേ വീഡിയോ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുള്ളൂവെന്നും അവ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുകയെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് സെറ്റിങ്‌സ് വഴി ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈ വീഡിയോകള്‍ നീക്കം ചെയ്യാനും സാധിക്കും. നിലവിലെ പാസ്‌കീ, റിക്കവറി കോണ്‍ടാക്റ്റ് എന്നിവയ്ക്ക് ഒപ്പം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന അധിക ഫീച്ചറായിട്ടാണ് ഗൂഗിള്‍ ഈ സേവനം ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
